ആക്രമിക്കപ്പെട്ട നടിയെ ഇരയെന്ന് വിശേഷിപ്പിക്കരുത്; ലോകത്തോട് സഹോദരന് പറയാനുള്ളത്

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട യുവനടിയെ ഇരയെന്ന് വിശേഷിപ്പിക്കുന്നതിനെതിരെ സഹോദരന്‍ രാജേഷ് മേ നോന്‍ രംഗത്ത്. ഇരയെന്ന് പദം തന്റെ കുടുംബത്തെ വേട്ടയാടുകയാണെന്നും ഈ പദത്തിന് ബദലായി ആരേയും വേദനിപ്പിക്കാത്തൊരു പദം കണ്ടെത്താനായാല്‍ അത് ഒരുപാട് പേരെ ആശ്വസിപ്പിക്കുമെന്നും രാജേഷ് പറയുന്നു.

രാജേഷിന്റെ വാക്കുകള്‍ ഇങ്ങനെ:

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളേ …

ഇന്നലെ ഉണ്ടായ ഒരു സംഭവമാണ് ഈ കുറിപ്പിനാധാരം . മാനുഷികതയുടെ നേർത്ത അതിർവരന്പ് പോലുമില്ലാതെ ഒരു മാധ്യമ പ്രവർത്തകൻ തങ്ങൾക്കു കിട്ടിയെന്നവകാശപ്പെടുന്ന ഒരു വാർത്ത അവതരിപ്പിക്കുന്നത് കണ്ടപ്പോഴാണ് ‘ ഇര ‘ എന്ന പദത്തിന് ഇത്രമാത്രം വേദനിപ്പിക്കാൻ സാധിക്കുമെന്ന് ഞാൻ തിരിച്ചറിഞ്ഞത്.
ഇതിനു മുൻപും അറിയപ്പെടുന്ന പല സംഘടനാപ്രതിനിധികളും ഈ പദത്തിനെ കേവലം ഒരു പദമായിമാത്രം കണ്ടുകൊണ്ട് സ്വതസിദ്ധമായ തന്റെ നർമ്മ ശൈലിയിൽ പല പ്രസ്താവനകളും ഇറക്കിയതും ഇവിടെ ഞാൻ ഓർത്തുപോവുകയാണ് . അഭിനയം ഒരു കലയാണ് . ആർക്കും എളുപ്പത്തിൽ ചെയ്യാൻ സാധിക്കാത്ത ഒന്ന് . അതുകൊണ്ടു തന്നെയാണ് വെള്ളിത്തിരയിലെ താരങ്ങൾ പകലിലും മിന്നും താരങ്ങളായത്.

ഇര എന്ന പദം പണ്ടും എന്നെ വല്ലാതെ വേദനിപ്പിക്കുമായിരുന്നു . ഒറ്റപ്പെടലും പരാജയവും കണ്ണീരും നീറ്റലുമെല്ലാം കൂടിച്ചേർന്ന് നിസ്സഹായതയുടെ ഒരു പരിവേഷമാണ് ആ പദം അന്നെന്നെ അനുഭവിപ്പിച്ചു തന്നിരുന്നത് . ഇപ്പോൾ സഹോദരിയുടെ മാനത്തിനുമേൽ ആ പദം കൂടുതൽ തീവ്രതയോടെ നിൽക്കുകയാണ്.

മറ്റൊരുനാളും അനുഭവിക്കാത്ത വേദനയും ഇതിലൂടെ ഞങ്ങൾ ഇന്നനുഭവിക്കുന്നുണ്ടെന്നതും ഇവിടെ മറച്ചു വെക്കുന്നില്ല. എന്നാൽ ഒറ്റപ്പെടലിനും പരാജയത്തിനും കണ്ണീരിനും നീറ്റലിനുമെല്ലാം മീതെ ധൈര്യം ചങ്കൂറ്റം തന്റേടം അഭിമാനം എന്നീ അർത്ഥതലങ്ങൾ കൂടി ഈ വാക്കിനുണ്ടെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. എന്നാൽ ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുപോകുന്ന ഒരു വ്യക്തിയേയും കുടുംബത്തേയും മുന്നെങ്ങുമില്ലാത്ത വിധം ഈ പദം വേട്ടയാടുമെന്നുള്ള തിരിച്ചറിവോടു കൂടിയുമാണ് ഇപ്പോൾ ഞാനിതെഴുതുന്നത്. അതുകൊണ്ടു പറയുകയാണ് ഈ പദത്തിന് ബദലായി ആരേയും വേദനിപ്പിക്കാത്തൊരു പദം മാധ്യമലോകത്തിന് കണ്ടെത്താനായാൽ ഒരുപാടുപേരെ അതാശ്വസിപ്പിക്കും.

മാനുഷികതയും സാമൂഹ്യപ്രതിബദ്ധതയും ഉറപ്പു നൽകുന്നതാണ് മാധ്യമ പ്രവർത്തനം എന്ന് ഒരു മാധ്യമപ്രവർത്തകൻ കൂടിയായിരുന്ന ഞാൻ ഇന്നും വിശ്വസിക്കുന്നു . മാധ്യമ സുഹൃത്തുക്കളോട് ഞാനിത് പറയുവാനുള്ള കാരണം നിങ്ങൾക്കാണ് ഏറ്റവും എളുപ്പത്തിൽ ജനങ്ങളുടെ മനസ്സിലേക്ക് കയറിച്ചെല്ലാൻ സാധിക്കുന്നത് എന്നതു കൊണ്ടാണ് . വിശ്വാസപൂർവ്വം നിറുത്തട്ടെ.

സ്നേഹപൂർവ്വം

രാജേഷ് ബി മേനോൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News