ജിഎസ്ടിയുടെ പേരില്‍ ‘തക്കാരം’ ഹോട്ടലില്‍ പകല്‍ക്കൊള്ള; പരാതിയുമായി യുവാക്കള്‍ പൊലീസില്‍; ജിഎസ്ടി നടപ്പിലാക്കിയ ശേഷം കേരളത്തിലെ ആദ്യ കേസ്

തിരുവനന്തപുരം: ജിഎസ്ടിയെ ചൊല്ലിയുളള തര്‍ക്കങ്ങള്‍ പൊലീസ് സ്റ്റേഷന്‍ കയറുന്നു. ഹോട്ടല്‍ ഭക്ഷണത്തിന് അമിതവില ഇടാക്കി എന്ന് ആരോപിച്ച് തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലെ തക്കാരം ഹോട്ടലിനെതിരെ കണ്‍ടോണ്‍മെന്റ് സ്റ്റേഷനില്‍ പരാതി. ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം പൊലീസില്‍ പരാതി ലഭിക്കുന്ന കേരളത്തിലെ ആദ്യ കേസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

സംഭവം ഇങ്ങനെ:

സൂരജ് എന്ന യുവാവും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് ഉച്ച ഭക്ഷണം കഴിക്കാന്‍ എത്തിയതാണ് തക്കാരം ഹോട്ടലില്‍. ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാന്‍ എത്തിയപ്പോള്‍ ജിഎസ്ടിയായി 12% നികുതി കൂട്ടിചേര്‍ത്ത് 84 രൂപ അധികം അടക്കണമെന്ന് ക്യാഷര്‍ ആവശ്യപ്പെട്ടു. ജിഎസ്ടി വന്നതോടെ ഹോട്ടല്‍ നികുതി കൂടി എന്നതാണ് കടക്കാരന്റെ വാദം. എന്നാല്‍ ഇന്നലെ വരെ അടച്ച തുകയേ തരാന്‍ കഴിയു എന്ന് സൂരജും കൂട്ടുകാരും വാശി പിടിച്ചതോടെ വാക്കേറ്റമായി.

ഒടുവില്‍ ബില്‍ തുകയും ജിഎസ്ടിയും കൂട്ടിചേര്‍ത്ത് മുഴുവന്‍ തുകയും അടച്ച ശേഷം സൂരജും സംഘവും പരാതിയുമായി കണ്‍ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെത്തി. നികുതി വരുമാനത്തിന്റെ സ്‌ളാബ് നിരക്കുകളെ പറ്റി സാമ്പത്തിക വിദഗ്ദര്‍ക്ക് പോലും കാര്യമായ അറിവില്ലെന്ന് ഇരിക്കെ ലഭിച്ച പരാതിയില്‍ എന്ത് നടപടി എടുക്കണമെന്ന് അറിയാതെ പൊലീസ് അന്തംവിട്ട് നില്‍ക്കുകയാണ്.

ജിഎസ്ടി രജിസ്‌ട്രേഷന്‍ തങ്ങള്‍ക്കുണ്ടെന്നും, നികുതി നിശ്ചയിക്കാന്‍ അത് കൊണ്ട് തന്നെ തങ്ങള്‍ക്ക് അധികാരം ഉണ്ടെന്നുമാണ് സ്റ്റ്റ്റാച്യുവിലെ തക്കാരം ഹോട്ടല്‍ അധികാരികള്‍ നല്‍കുന്ന വിശദീകരണം. ഇരുപത് ലക്ഷത്തില്‍ താഴെ വിറ്റ് വരവ് ഉളള തലസ്ഥാനത്തെ ചില നോണ്‍ എസി റസ്റ്റോറന്റുകള്‍ നികുതിയായി 18% വരെ വാങ്ങുന്നു എന്ന പരാതി ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

ഹോട്ടല്‍ അധികാരികളുമായി നികുതി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ധാരണ ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ പൊലീസ് സ്റ്റേഷനിലെത്തുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here