ബംഗളൂരുവില്‍ മതത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ട മലയാളി ദമ്പതികള്‍ നിയമനടപടിക്കൊരുങ്ങുന്നു

കോഴിക്കോട്: ബംഗളൂരു ഹോട്ടലില്‍ വ്യത്യസ്ത മതത്തിലായതിന്റെ പേരില്‍ മുറി നിഷേധിക്കപ്പെട്ട മലയാളി ദമ്പതികള്‍ നിയമനടപടിക്കൊരുങ്ങുന്നു. . സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് ദമ്പതികളായ ഷഫീഖും ദിവ്യയും പീപ്പിള്‍ ടി വിയോട് പറഞ്ഞു.

ചൊവ്വാഴ്ചയാണ് ബംഗളൂരുവില്‍ എത്തിയ തിരുവനന്തപുരം സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ ഷഫീഖിനും ഭാര്യയും ഗവേഷക വിദ്യാര്‍ത്ഥിയുമായ ദിവ്യയ്ക്കും ദുരനുഭവമുണ്ടായത്. വ്യത്യസ്ത മതവിശ്വാസികളായതിന്റെ പേരില്‍ ഇവര്‍ക്ക് ബിഎംടിസി ബസ് സ്റ്റാന്റിന് സമീപത്തെ ഒലീവ് റസിഡന്‍സി എന്ന ഹോട്ടലില്‍ മുറി നിഷേധിക്കപ്പെടുകയായിരുന്നു.

ബംഗളൂരു നിയമ സര്‍വ്വകലാശാലയിലെ അസിസ്റ്റ്ന്റ് പ്രൊഫസര്‍ തസ്തികയിലേക്കുളള അഭിമുഖത്തിനായാണ് ഭര്‍ത്താവ് ഷഫീഖിനൊപ്പം ദിവ്യ എത്തിയത്. ആദ്യം മുറി അനുവദിക്കാമെന്ന് പറഞ്ഞ ഹോട്ടല്‍ അധികൃതര്‍ തിരിച്ചറിയല്‍ രേഖ കണ്ടതോടെയാണ് നിലപാട് മാറ്റിയതെന്ന് ദിവ്യ പറഞ്ഞു.

ഹോട്ടല്‍ അധികൃതരുടെ മനുഷ്യാവകാശ ലംഘനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷഫീഖ് വ്യക്തമാക്കി. മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കും. സംഭവം ഷഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പുറത്തറിഞ്ഞതോടെ നിരവധിപേരാണ് ഫോണിലും അല്ലാതെയുമായി ഇവര്‍ക്ക് പിന്തുണ അറിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here