ഷാംപൂ, സോപ്പുപൊടി, കണ്ടീഷണര്‍ എന്നിവയുടെ ഉപയോഗം ജനനവൈകല്യത്തിന് കാരണമാകും

ഷാംപൂ, സോപ്പുപൊടി, കണ്ടീഷണര്‍ ഇതെല്ലാം മലയാളികളുടെ നിത്യോപയോഗ സാധനങ്ങളാണ്. എന്നാല്‍ ഇത്തരം വസ്തുക്കളുടെ ഉപയോഗം കുട്ടികളില്‍ ജനനവൈകല്യത്തിനു കാരണമാകുമെന്നാണ് പുതിയ കണ്ടുപിടുത്തം. ക്വാറ്റേനറി അമോണിയം സംയുക്തങ്ങള്‍ അഥവാ ‘ക്വാട്‌സ്’ സാധാരണയായി അണുനാശിനിയായും പ്രിസര്‍വേറ്റീവുകളായും വീടുകളിലും പേഴ്‌സണല്‍ കെയര്‍ ഉല്‍പന്നങ്ങളിലും ഉപയോഗിക്കുന്ന രാസവസ്തുവാണ്.

ശുചീകാരികള്‍, സോപ്പുപൊടി, ഫാബ്രിക് സോഫ്റ്റ്‌നര്‍, ഷാംപൂ, കണ്ടീഷണര്‍, ഐ ഡ്രോപ്‌സ് മുതലായവയില്‍ ക്വാട്‌സ് ഉണ്ട്. ഇവയുടെ ഉപയോഗം ജനിതക വൈകല്യത്തിന് കാരണമാകുമെന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി. ‘ബര്‍ത്ത് ഡിഫക്ട്‌സ് റിസര്‍ച്ച്’ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വീട്, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവിടങ്ങളില്‍ ഈ രാസവസ്തുക്കള്‍ പതിവായി ഉപയോഗിക്കുന്നുണ്ട്. എഡ്വാര്‍ഡ്വയ കോളജ് ഓഫ് ഓസ്റ്റിയോപ്പതിക് മെഡിസിനും വിര്‍ജീനിയ മേരിലാന്‍ഡ് കോളജ് ഓഫ് വെറ്ററിനറി മെഡിസിനും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വിര്‍ജീനിയ ക്യാംപസിലെ റിസര്‍ച് അസിസ്റ്റന്റും വെറ്ററിനറി കോളജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോമെഡിക്കല്‍ സയന്‍സ് ആന്‍ഡ് പാതോബയോളജിയിലെ പ്രഫസറുമായ ടെറി ഹ്രൂബെക്കിന്റെ നേതൃത്വത്തിലാണു പഠനം നടത്തിയത്.

ആന്റി മൈക്രോബിയന്‍, ആന്റിസ്റ്റാറ്റിക് ഗുണങ്ങള്‍ ഇവയ്ക്കുണ്ട്. ന്യൂറല്‍ ട്യൂബില്‍ ഉണ്ടാകുന്ന വൈകല്യങ്ങള്‍ക്ക് ഇവ കാരണമാകുന്നു. ഇത് മനുഷ്യനില്‍ ഉണ്ടാകുന്ന സ്‌പൈന ബൈഫിഡ, അനന്‍സെഫലി എന്നീ ജനനവൈകല്യങ്ങള്‍ക്ക് തുല്യമാണ്. ആണെലികളിലും പെണ്ണെലികളിലും ഈ ജനനവൈകല്യം കാണപ്പെട്ടു. കൂടാതെ ഏതെങ്കിലും ഒരു രക്ഷിതാവ് ഈ രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയാലും ജനനവൈകല്യം ഉണ്ടാകുന്നുണ്ടെന്നും പഠനം പറയുന്നു.

എലികളെ പാര്‍പ്പിച്ചിരുന്ന മുറികളില്‍ ക്വാട്‌സ് അടിസ്ഥാനമാക്കിയ ശുചീകരണികള്‍ ഉപയോഗിച്ചപ്പോള്‍ തന്നെ അവ ജനനവൈകല്യങ്ങള്‍ക്ക് കാരണമായി. ഇവയുടെ സമ്പര്‍ക്കം അവസാനിപ്പിച്ചിട്ടും റോഡെന്റുകളില്‍ (എലി, അണ്ണാന്‍ മുതലായവ) രണ്ടു തലമുറയ്ക്കു ശേഷവും ജനനവൈകല്യങ്ങള്‍ വര്‍ദ്ധിച്ചതായി കണ്ടു. ഈ രാസവസ്തുക്കള്‍ എലികളില്‍ പ്രത്യുല്‍പ്പാദനക്ഷമത കുറയ്ക്കുന്നതായും കണ്ടെത്തി.

ആണെലികളില്‍ ബീജത്തിന്റെ അളവ് കുറയുന്നതായും പെണ്ണെലികളില്‍ ഓവുലേഷന്‍ കുറയുന്നതായും തുടര്‍ പഠനത്തില്‍ പറയുന്നു. മനുഷ്യനില്‍ അടുത്ത കാലത്തായി വര്‍ധിച്ച ഒരു പ്രശ്‌നമായ വന്ധ്യതയ്ക്ക് ക്വാട്‌സ് എന്ന രാസവസ്തുക്കള്‍ കാരണമാകാനുള്ള സാധ്യത തള്ളി കളയാനാവില്ലെന്ന് ഈ പഠനം തെളിയിക്കുന്നു. മൃഗങ്ങളുടെ ഭ്രൂണവളര്‍ച്ചയെ ഈ രാസവസ്തുക്കള്‍ ബാധിക്കുന്നതായി പഠനത്തില്‍ തെളിഞ്ഞു. ബയോ മെഡിക്കല്‍ സയന്‍സില്‍ എലിവര്‍ഗത്തില്‍പ്പെട്ട ജീവികളില്‍ നടത്തുന്ന പഠനം വളരെ പ്രധാനമാണ്. മനുഷ്യനിലും ഈ രാസവസ്തുക്കള്‍ വിഷകാരികളാണ് എന്ന അപകടസൂചനയും ഈ പഠനഫലം നല്‍കുന്നുണ്ട്.

ടോക്‌സിസിറ്റി പഠനങ്ങളുടെ സ്റ്റാന്‍ഡേഡൈസേഷന്‍ വരും മുന്‍പ് 1950 കളിലും 60 കളിലും ആണ് ക്വാടേര്‍നറി അമോണിയം സംയുക്തങ്ങള്‍ രംഗത്തു വന്നത്. രാസവസ്തു നിര്‍മാതാക്കള്‍ ആ സമയത്ത് ചില പഠനങ്ങള്‍ നടത്തിയിരുന്നെങ്കിലും അവ ഒരിക്കലും പ്രസിദ്ധീകരിച്ചിരുന്നില്ല. ഇന്ന് അവ പരിസ്ഥിതി സംരക്ഷണ ഏജന്‍സികളുടെ നിയന്ത്രണത്തിലാണ്. ഉയര്‍ന്ന അളവില്‍ ഈ രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുന്ന ആരോഗ്യ രംഗത്തെ ജോലിക്കാര്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും ഗര്‍ഭധാരണം വൈകിയിട്ടുണ്ടോ എന്നും ന്യൂറല്‍ ട്യൂബില്‍ ജനന വൈകല്യങ്ങളുള്ള കുട്ടികള്‍ ഉണ്ടോ എന്നതിനെക്കുറിച്ചും എപ്പിഡമിയോളജിക്കല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഫ്രൂബെക് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News