‘എംഎ ബേബിയുടെ മകനാണ്, ഏതെങ്കിലും പാര്‍ട്ടി ഓഫീസില്‍ ഏല്‍പ്പിച്ചാല്‍ മതി” പെരുമണ്‍ ദുരന്തത്തിനിടെ മകനെ എടുത്തെറിഞ്ഞ ബെറ്റി ഇപ്പോഴും നടുക്കം മാറാതെ

1988 ജൂലൈ 8ലെ മഴക്കാലത്താണ് ഐലന്റ് എക്‌സ് പ്രസ് അഷ്ടമുടിക്കായലിന്റെ ആഴങ്ങളിലേക്കു കൂപ്പു കുത്തിയത്. വെള്ളത്തില്‍ 105 പേരുടെ ജീവന്‍ പൊലിഞ്ഞു. കൊല്ലത്തെ പെരുമണ്‍ എന്ന കായലോരഗ്രാമം പിന്നീട് ഒരു മഹാ ദുരന്തത്തിന്റെ ഓര്‍മ്മപ്പേരായി. ആ ഓര്‍മ്മയ്ക്ക് 29 വയസ്സുമായി. മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് എങ്ങനെയെല്ലാമോ രക്ഷപ്പെട്ടവര്‍ക്ക് ഇപ്പോഴും മുറിവുണങ്ങാത്തൊരു മഹാദുഖത്തിന്റെ പേരാണ് പെരുമണ്‍.

ചാറ്റല്‍മഴയുള്ള ഉച്ചനേരത്ത്ബാംഗ്ലൂരില്‍നിന്നും തിരുവനന്തപുരത്തേക്കുപോയ ഐലന്‍ഡ് എക്‌സ്പ്രസ് പെരുമണ്‍പാലത്തില്‍നിന്നും അഷ്ടമുടിക്കായലിലേക്ക് തകര്‍ന്നു വീഴുമ്പോള്‍ അതിലൊരു സ്ലീപ്പര്‍ ക്‌ളാസില്‍ എംഎ ബേബിയുടെ ഭാര്യ ബെറ്റി ലൂയിസ് ബേബിയും നാലുവയസ്സായ മകന്‍ അപ്പുവുമുണ്ടായിരുന്നു.

ഇപ്പോഴത്തെ ഫിഷറിസ് മന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗമായ ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തൃശൂരില്‍നിന്നും കൊല്ലത്തേക്കു തിരിച്ചതാണവര്‍. എം.എ. ബേബി തലേന്ന് യാത്രമാറ്റിവച്ചതിനാല്‍ വണ്ടിയിലുണ്ടായില്ല. ബെറ്റി മകനെ മടിയിലുറക്കി ഏതോ ഒരു ആഴ്ച്ചപ്പതിപ്പ് വായിച്ചിരിക്കെയാണ് അപകടമുണ്ടായത്. അഷ്ടമുടിയുടെ അടിത്തട്ടില്‍ നിന്നും അത്ഭുതകരമായാണ് ഇരുവരും രക്ഷപ്പെട്ടത്. ആ ഓര്‍മ്മകള്‍ പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ ബെറ്റിയുടെ തൊണ്ടയിടറുന്നു. കണ്ണുകള്‍ അഷ്ടമുടി പോലെ നിറഞ്ഞു കവിയുന്നു

” വെള്ളത്തിലേക്ക് തൂങ്ങി നില്‍ക്കുന്ന ബോഗിയില്‍ മകനെയും പിടിച്ചിരിപ്പായിരുന്നു ഞാന്‍. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അപരിചിതനായ ഒരാളുടെ കൈയ്യിലേക്കാണ് മകനെ ഞാന്‍ ഇട്ടു കൊടുത്തത്. കെഎസ് എഫ്ഇയില്‍ ജീവനക്കാരനായിരുന്ന തോമസായിരുന്നു അത്. പിന്നീടാണ് പരിചയപ്പെട്ടത്. ഞാന്‍ രക്ഷപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല. തോമസ് കൈയ്യിലുള്ള ബാഗ് വലിച്ചെറിഞ്ഞ് മകനെ എടുത്തു. ഞാന്‍ അപ്പോള്‍ വിളിച്ചു പറഞ്ഞു. എംഎ ബേബിയുടെമകനാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസില്‍ ഏല്‍പ്പിച്ചാല്‍ മതി”

കായല്‍ നിലവിളികളെക്കൊണ്ട് നിറഞ്ഞു. മുങ്ങിയും പൊങ്ങിയും തീവണ്ടി ബോഗികള്‍. രക്ഷാപ്രവര്‍ത്തനത്തിന്റെ അഭൂതപൂര്‍വമായ മുന്നേറ്റം. എങ്ങനെയോ ബെറ്റിക്കും ജീവിതം തിരിച്ചുകിട്ടി. ബെറ്റി പറയുന്നു:

“വെള്ളത്തില്‍ നിന്ന് ഒരിക്കലും ഞാന്‍ രക്ഷപ്പെടുമെന്ന് കരുതിയില്ല. മുങ്ങിക്കൊണ്ടിരുന്ന ബോഗിയില്‍ നിന്ന് മകനെയും ബേബിയെയും അച്ഛനെയും അമ്മയെയുമെല്ലാം ഞാന്‍ അവസാനമായി ഓര്‍ത്തു. ഏതാണ്ട് അബോധാവസ്ഥയിലായിരുന്നു എന്നു തന്നെ പറയാം . എങ്ങനെയോ രക്ഷപ്പെട്ടു. പക്ഷേ എവിടെയും മകനെ കണ്ടില്ല. ചുറ്റിലും മരണത്തിന്റെ നിലവിളികള്‍ മാത്രം. തോമസ് മകനെ ഒരു സ്ത്രീയുടെ കൈയ്യിലേല്‍പ്പിച്ചു എന്നു പറഞ്ഞു. എന്നാല്‍ എവിടെയും ആ സ്ത്രീയെ കണ്ടില്ല. മകനെയും കണ്ടില്ല. പിന്നീട് ഒരു തെങ്ങിന്‍ ചുവട്ടില്‍ കൂടിയിരിക്കുന്ന കുറേ തൊഴിലാളി സ്ത്രീകളാണ് പറഞ്ഞത്. അവിടെയൊരു വീട്ടില്‍ അമ്മ നഷ്ടപ്പെട്ട ഒരു കുഞ്ഞുണ്ടെന്ന്. നോക്കുമ്പോള്‍ അതെന്റെ മകനായിരുന്നു”

എല്ലാവര്‍ഷവും ജൂലൈ 8ന് മരണത്തിലേക്ക് നീന്തിപ്പോയവരുടെ ഓര്‍മ്മകളുമായി പ്രിയപ്പെട്ടവരും രക്ഷപ്പെട്ടവരും പെരുമണിലെ സ്മൃതി കുടീരത്തില്‍ ഒത്തു ചേരാറുണ്ട്. ആരും എത്തിയില്ലെങ്കിലും കൊല്ലം ഉളിയക്കോവിലെ ശാന്തമ്മ ഒരിക്കലും ആ യാത്ര മുടക്കാറില്ല.

ഐലന്‍ഡ് എക്‌സ്പ്രസില്‍ ചായക്കച്ചവടം നടത്തിയിരുന്ന മകന്‍ മുരളീധരനാണ് ശാന്തമ്മയുടെ വേദന. ചായ വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനം എന്നും ഉച്ചയ്ക്ക് കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന അമ്മയെ ഏല്‍പ്പിച്ചിട്ട് വീണ്ടും കച്ചവടത്തിനു പോകുന്നതാണ് മുരളീധരന്റെ ചിട്ട. ആ വരുമാനം ഒന്നുകൊണ്ടുമാത്രമാണ് വീട്ടില്‍ തീ പുകഞ്ഞിരുന്നത്. ഭാര്യയും മകനും മകളും കൂടി ഉള്‍പ്പെടുന്നതായിരുന്നു കുടുംബം. മകന്‍ കൊണ്ടുവരുന്ന ചില്ലിക്കാശില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുന്ന ആ കുടുംബത്തിന്റെ എല്ലാ ആശ്രയവും തകര്‍ത്തെറിഞ്ഞാണ് ഐലന്‍ഡ് എക്‌സ്പ്രസ് അഷ്ടമുടിക്കായലിലേക്കുനിപതിച്ചത്.

ഇങ്ങനെ മകനേയും മകളേയും മറ്റു ബന്ധുക്കളേയും നഷ്ടപ്പെട്ടവരുടെ നിരവധി കഥകള്‍ വേറേയുണ്ട്. അവരില്‍ രക്ഷകനായി എത്തി മകന്റെ മൃതദേഹം കാണേണ്ടി വന്ന ഒരു പിതാവുമുണ്ട്. അഞ്ചാലുംമൂട് സ്വദേശി ചെല്ലപ്പന്‍. ആ കണ്ണീര്‍ക്കഥകള്‍ക്ക് മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും പെരുമണിന്റെ കരയില്‍ ശമനമില്ല. ആ ഓര്‍മ്മ പശ്ചാത്തമാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം ഐലന്റ് എക്‌സ്പ്രസ് (കേരളാ കഫേ) പെരുമണിന്റെ മനോഹരമായൊരു കലാവിഷ്‌കാരമാണ്. പീപ്പിള്‍ ടിവിയില്‍ പെരുമണ്‍ ദുരന്തത്തിന്റെ ഓര്‍മ്മപ്പതിപ്പായി അവതരിപ്പിക്കപ്പെട്ട `കേരളാ എക്‌സ്പ്രസും’ ശ്രദ്ധേയമാണ്. ആ എപ്പിസോഡ് താഴെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News