
ദില്ലി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി കൂടിക്കാഴ്ച്ച നടത്തും. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനുള്ള നിധീഷിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച. എന്നാല്‍ ഉപാരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സഹകരിക്കുമെന്ന് ജെഡിയു വക്താവ് അറിയിച്ചു.
ബീഹാറില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ജെഡിയു, രാഷ്ട്പതി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചത് കോണ്‍ഗ്രസിന് രാഷ്ട്രീയമായി ഏറെ നാണക്കേട് ഉണ്ടാക്കിയിരുന്നു. തീരുമാനം പുന:പരിശോധിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഇപ്പോള്‍ നേരിട്ട് ശ്രമിക്കുകയാണ്.ഇതിന്റെ ഭാഗമായി രാഹുല്‍ഗാന്ധി നിധീഷ്‌കുമാറുമായി ചര്‍ച്ച നടത്തും.
ഫോണ്‍മുഖേന നിധിഷ്‌കുമാറുമായി രാഹുല്‍ സംസാരിക്കും. കൂടാതെ നേരിട്ട് കാണും. മീരാകുമാറിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടും. ജെഡിയു മായുള്ള അകല്‍ച്ച ഇല്ലാതാക്കാനും നീക്കം നടക്കുന്നു. നിധീഷ്‌കുമാറിനെ വിമര്‍ശിക്കുന്ന ബീഹാറിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി കൈകൊള്ളാന്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അശോക് ചൗധരിയ്ക്ക് രാഹുല്‍ നിര്‍ദേശം നല്‍കി. അഭിപ്രായ ഭിന്നതകള്‍ അഖിലേന്ത്യാ തലത്തിലെ ബന്ധത്തെ ബാധിക്കരുത്.
അതേ സമയം രാഹുലിന്റെ ഇടപെടലും കാര്യമാക്കുന്നില്ലെന്ന സൂചന ജെഡിയു നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള തീരുമാനം മാറ്റില്ല. എന്നാല്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയടക്കം മറ്റ് വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സഹകരിക്കാമെന്ന് ജെഡിയു ജനറല്‍ സെക്രട്ടറി കെ സി ത്യാഗി പറഞ്ഞു. ദില്ലിയില്‍ ചേരുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ തുടര്‍ന്നും പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here