മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം ഹിന്ദുത്വത്തിന് ഊന്നല്‍ നല്‍കുന്ന വിദേശനയത്തിന്റെ ഭാഗമെന്ന് സിപിഐഎം; സുരക്ഷാ സൈനിക സഹകരണത്തില്‍ നിന്നും പിന്മാറണം

ദില്ലി: നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം ബിജെപിയുടെ സാമ്രാജ്യത്വ അനുകൂലവും ഹിന്ദുത്വത്തിന് ഊന്നല്‍ നല്‍കുന്നതുമായ വിദേശ നയത്തിന്റെ ഭാഗമെന്ന് സിപിഐഎം. ഇതുവരെ തുടര്‍ന്ന നയത്തില്‍ നിന്നുള്ള സമ്പൂര്‍ണ്ണ വ്യതിചലനമാണ് മോഡിയുടെ സന്ദര്‍ശമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. ഇസ്രയേലുമായുള്ള സുരക്ഷാ സൈനിക സഹകരണത്തില്‍ നിന്നും പിന്മാറണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

പാലസ്തീനില്‍ കടന്നു കയറ്റം നടത്തുന്ന അധിനിവേശ ശക്തിയാണ് ഇസ്രയേല്‍ എന്ന കാഴ്ചപ്പാടായിരുന്നു ഇതുവരെ ഇന്ത്യയുടേതത്. പാലസ്തീന്‍ ജനതയുടെ പോരാട്ടത്തിന് ഒപ്പമായിരുന്നു ഇന്ത്യയുടെ മനസ്സ്. ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ കാലങ്ങളായി തുടരുന്ന നയത്തില്‍ നിന്നും ഇന്ത്യ വ്യതിചലിച്ചിരിക്കുന്നു എന്നാണ് മോദിയുടെ സന്ദര്‍ശനത്തിലൂടെ വ്യക്തമാകുന്നത്. പലസ്തീന്‍ സന്ദര്‍ശിക്കാതിരുന്നതും ഇസ്രയേല്‍ സന്ദര്‍ശന വേളയില്‍ പാലസ്തീനെ കുറിച്ച് മോഡി ഒരക്ഷരം ഉരിയാടാതിരുന്നതും ഇതിന്റെ തെളിവാണെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.

തീവ്രവാദത്തിനെതിരെ യോജിച്ച പോരാട്ടം നടത്തുമെന്ന് ഇന്ത്യ ഇസ്രയേല്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. അധിനിവേശത്തിനെതിരെ പോരാടുന്ന സംഘടനകളെ തീവ്രവാദികളെന്ന് മുദ്രകുത്തുന്നതാണ് ഇസ്രയേല്‍ തുടരുന്ന രീതി. ഇസ്രയേലുമായുളള സഹകരണം ബിജെപി യുടെ സാമ്രാജ്യത്വ അനുകുലവും ഹിന്ദുത്വത്തില്‍ ഊന്നിയതുമായ വിദേശനയത്തിന്റെ ഭാഗമാണെന്നും സിപിഐഎം പിബി. ഇസ്രയേലുമായുള്ള സുരക്ഷാ സൈനിക കരാറുകളില്‍ നിന്നും പിന്‍മാറണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News