കര്‍ഷക ആത്മഹത്യകളില്‍ കേന്ദ്രം എന്തു നടപടി സ്വീകരിച്ചെന്ന് സുപ്രീംകോടതി; പ്രശ്‌നങ്ങള്‍ ഒരു രാത്രി കൊണ്ട് പരിഹരിക്കാനാവില്ലെന്നും നിരീക്ഷണം

ദില്ലി: രാജ്യത്തെ കാര്‍ഷിക പ്രശ്‌നങ്ങള്‍ ഒരു രാത്രി കൊണ്ട് പരിഹരിക്കാന്‍ ആകുന്നതല്ലെന്ന് സുപ്രീംകോടതി. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നത് പരിഹരിക്കാന്‍ എന്തു നടപടി കേന്ദ്രം സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക പദ്ധതികളുടെ ഗുണഫലം തിരിച്ചറിയാന്‍ ഒരു വര്‍ഷം സമയം അനുവദിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ട്. എന്നാല്‍ കാത്തിരുന്ന് കാണാമെന്നാണ് സുപ്രീംകോടതി നല്‍കിയ മറുപടി.

മധ്യപ്രദേശില്‍ ദിനംപ്രതി രണ്ട് കര്‍ഷക ആത്മഹത്യകള്‍ വരെ നടക്കുന്നു എന്നാണ് ഇപ്പോഴത്തെ കണക്ക്. കഴിഞ്ഞ 24 ദിവസത്തിനിടെ 46 കര്‍ഷകരാണ് മധ്യപ്രദേശില്‍ മാത്രം ആത്മഹത്യ ചെയതത്. കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം കര്‍ഷക സംഘടനകള്‍ തുടരുന്നതിന് ഇടയില്‍ കൂടിയാണ് കാര്‍ഷിക പ്രതിസന്ധിയില്‍ കേന്ദ്ര നിലപാടിലെ അമര്‍ഷം സുപ്രീംകോടതി വ്യക്തമാക്കിയത്.

രാജ്യത്ത് വര്‍ധിച്ചുവരുന്ന കര്‍ഷക പ്രതിസന്ധി ഒരു രാത്രി കൊണ്ട് മാത്രം പരിഹാരം കണ്ടെത്താന്‍ ആകുന്നതല്ലെന്ന് സിറ്റിസണ്‍സ് റിസോഴ്‌സ് എന്ന എന്‍ജിഒ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ കോടതി ചൂണ്ടികാട്ടി. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നത് പരിഹരിക്കാന്‍ എന്തു നടപടി കേന്ദ്രം സ്വീകരിച്ചുവെന്നും ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ച് കേന്ദ്രത്തോട് ആരാഞ്ഞു.

ഫസല്‍ ബീമാ യോജന പദ്ധതിയക്കം സര്‍ക്കാര്‍ നിലവില്‍ നടപ്പാക്കിയിട്ടുള്ള കാര്‍ഷിക പദ്ധതികളുടെ ഗുണഫലങ്ങള്‍ വ്യക്തമാകാന്‍ ഒരു വര്‍ഷം വരെ കാത്തിരിക്കണമെന്നാണ് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. രാജ്യത്തെ 12കോടിയലധികം വരുന്ന കര്‍ഷകരില്‍ 5.3കോടിയോളം കര്‍ഷകരെ സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ കീഴില്‍ കൊണ്ടുവരാന്‍ ആയിട്ടുണ്ടെന്നും കേന്ദ്രം കോടതിയില്‍ അവകാശപ്പെട്ടു.

നിലവില്‍ രാജ്യത്തെ 30ശതമാനത്തോളം കൃഷിയിടങ്ങളും വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്നും 2018ഓടെ പദ്ധതിക്ക് കീഴില്‍ കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്താനാകുമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ചൂണ്ടികാട്ടി. സമയം അനുവദിക്കണമെന്ന സര്‍ക്കാര്‍ നിലപാടിനെ അംഗീകരിച്ച കോടതി എല്ലാം കാത്തിരുന്ന് കാണാമെന്നും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here