സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് എന്തിന്? ആര്‍എസ്എസ് നേതൃത്വത്തിന്റെ താത്പര്യം മറനീക്കി പുറത്തേക്ക്

തിരുവനന്തപുരം: പെണ്‍കുട്ടി ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് എന്തിനാണ്…ആര്‍ക്ക് വേണ്ടിയാണ്…ആര് പറഞ്ഞിട്ടാണ്…സംഭവത്തിന് വഴിവെച്ചത് ലൈംഗികപീഡനശ്രമമാണോ.. അല്ലെങ്കില്‍ ആ തിരക്കഥയ്ക്ക് പിന്നിലെ ശക്തിയേത് എന്നിങ്ങനെയുള്ള ചോദ്യശരങ്ങളുമായാണ് സ്വാമി ഗംഗേശാനന്ദ കേസില്‍ ആര്‍എസ്എസ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇതോടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെ താല്‍പര്യവും മറ നീക്കി പുറത്തുവന്നിരിക്കുന്നു.

ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന കേരള മാര്‍ഗദര്‍ശക് മണ്ഡല്‍ സന്യാസിമാരാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വന്നിരിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് മാര്‍ഗദര്‍ശക് മണ്ഡല്‍ ഭാരവാഹികളായ സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി സത്യ സ്വരൂപാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

കേരളത്തിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥ ഒരുക്കിയ തിരക്കഥയാണ് സ്വാമിയുടെ ലിംഗഛേദ സംഭവത്തിന് പിന്നിലെന്നും ഈ ഉദ്യോഗസ്ഥയ്ക്ക് കീഴില്‍ നടക്കുന്ന അന്വേഷണം അംഗീകരിക്കാനാകില്ലെന്നും സിബിഐ അന്വേഷണം അനിവാര്യമാണെന്നുമാണ് ഇവരുടെ ആവശ്യം. എന്നാല്‍ കേരള പൊലീസ് അന്വേഷണം ശരിയായ രീതിയിലാണെന്ന് മാത്രമാണ് മുഖ്യമന്ത്രി ഇവര്‍ക്ക് നല്‍കിയിരിക്കുന്ന മറുപടി. കൂടാതെ ഇവരുടെ സിബിഐ അന്വേഷണം എന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയതായാണ് അറിയുന്നത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥയെന്ന് സന്യാസിമാര്‍ ആരോപിക്കുന്നത് എഡിജിപി സന്ധ്യയെയാണ്. മുഖ്യമന്ത്രിയെ കാണാന്‍ പോകുന്നതിന് മുന്‍പ് ഇവര്‍ പ്രസ്‌ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലും അവിടെ വിതരണം ചെയ്ത ലഘുലേഖയിലും സന്ധ്യയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. സന്ധ്യയ്ക്കും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളും സന്യാസിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു.

ചട്ടമ്പിസ്വാമിയുടെ ജന്മ സ്ഥലമെന്ന് സംസ്ഥാന പുരാവസ്തുവകുപ്പ് കണ്ടെത്തിയ ഭൂമി ഇപ്പോള്‍ സന്ധ്യയുടെ കൈയിലാണെന്നും ഈ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നല്‍കുന്നത് സ്വാമി ഗംഗേശാനന്ദയാണെന്നും സന്യാസിമാര്‍ പറഞ്ഞു. ചട്ടമ്പിസ്വാമിയുടെ അമ്മ ഈ ഭൂമി തമ്പി എന്നയാള്‍ക്ക് ഒറ്റി കൊടുത്തു. പിന്നീട് ശൈലജ നായര്‍ എന്ന വനിതയില്‍നിന്ന് എംജി കോളേജിലെ പ്രൊഫസറായ മധു എന്നയാള്‍ക്ക് കൈമാറി. മധു ഈ ഭൂമി സന്ധ്യയുടെ ഭര്‍ത്താവിന് വില്‍പ്പന നടത്തി.

അന്നുമുതല്‍ ഈ ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തങ്ങള്‍ സമരം നടത്തുകയാണെന്നും സമരം നയിക്കാന്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമമാണ് സ്വാമി ഗംഗേശാനന്ദയെ നിയോഗിച്ചതെന്നും വ്യക്തമാക്കിയാണ് സന്യാസിമാരുടെ നീക്കം. അന്നുമുതല്‍ സ്വാമിയെ കുടുക്കാന്‍ എഡിജിപി വിവിധ തന്ത്രങ്ങള്‍ പ്രയോഗിച്ചുവരികയാണെന്നും അതിനെത്തുടര്‍ന്നുള്ള സംഭവങ്ങളാണ് പിന്നീട് നടന്നതെന്നും അവര്‍ ആരോപിക്കുന്നു. സന്ധ്യയുടെ പിതാവ് നിരന്തരം ഗംഗേശാനന്ദയുടെ ആശ്രമത്തിലെത്തി കടുത്ത സമ്മര്‍ദം ചെലുത്താറുണ്ടെന്നും സ്വാമിമാര്‍ ആരോപിക്കുന്നുണ്ട്.

ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമിയെ അനുകൂലിച്ച് തുടക്കം മുതല്‍ ഹിന്ദുഐക്യവേദിയും വിശ്വഹിന്ദു പരിഷത്തും രംഗത്തുവന്നിരുന്നു. ആദ്യം സ്വാമിക്കെതിരേ പറഞ്ഞ പെണ്‍കുട്ടിയും കുടുംബവും പിന്നീട് മാറ്റിപ്പറഞ്ഞത് ഹിന്ദുസംഘടനകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും പറയപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News