
വരൂ…. ചക്ക സദ്യ ഉണ്ണാം!!! വരിക്ക ചക്ക കൊണ്ടുണ്ടാക്കിയ 20 കൂട്ടം തൊടുകറികള്‍, 3 തരം ചക്ക പായസം. ഏതിനാണ് കൂടുതല്‍ രുചി എന്ന ചോദ്യത്തിന് എല്ലാം ഒന്നിനൊന്നു മെച്ചമെന്ന് കഴിക്കാനെത്തിയവരുടെ മറുപടി. ചക്ക തോരന്‍, ചക്ക സാമ്പാര്‍, ചക്ക പുളിശ്ശേരി, ചക്ക പെരട്ട്, ചക്ക ചില്ലി ഇതെല്ലാം വാഴയിലയില്‍ ഊണിനോടൊപ്പം. ഊണ് കഴിയുമ്പോള്‍ വിവിധയിനം ചക്കപായസങ്ങള്‍. ഊണിന് മുമ്പായി ഔഷധഗുണമുള്ള സൂപ്പ് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നു മണിവരെ തിരുവനന്തപുരം കനകക്കുന്ന് പാലസ്സിലാണ് സൂപ്പര്‍ ഹിറ്റ് ചക്കയൂണ്.
ചക്കയൂണിന്റെ സ്വാദറിയാന്‍ തിരക്കേറി തുടങ്ങിയതോടെ ഊണ് പലദിവസങ്ങളിലും ഉച്ചയ്ക്ക് ഒന്നരയാവുമ്പോഴേക്കും തീരുന്നു. എങ്കിലും പേടിക്കേണ്ട. ചക്ക ബിരിയാണിയും ചക്കപുഴുക്ക്, ചക്കഹല്‍വ, ചക്കപ്പഴം കൊണ്ടുണ്ടാക്കിയ അരവണ, കള്ളുഷാപ്പുകളില്‍ ലഭിക്കുന്ന എരിവും പുളിയുമുള്ള കറികള്‍ ഉള്‍പ്പെടുന്ന ചക്കഷാപ്പ്, അങ്ങനെ ചക്കക്കൊണ്ടുണ്ടാക്കിയ നൂറുകണക്കിന് വിഭവങ്ങള്‍ റെഡി.
വായില്‍ വെള്ളമൂറുന്ന സിന്ദൂരവരിക്ക, ചെമ്പരത്തി വരിക്ക, തേന്‍ വരിക്ക, തുടങ്ങിയ ചക്കപ്പഴങ്ങളും ആവശ്യക്കാരെ കാത്തിരിക്കുന്നു. നൂറുകണക്കിന് ചക്കകളാണ് മുറിച്ചും മുറിക്കാതെയും ചക്കപ്രേമികള്‍ വാങ്ങുന്നത്. ഒന്നോ രണ്ടോപേര്‍ക്ക് കഴിക്കാനായി 10ഉം 15ഉം ചുളകളടങ്ങിയ ചക്ക പാക്കറ്റുകളും റെഡി. വൈകുന്നേരമെത്തുന്നവരും ഭാഗ്യവാന്‍മാര്‍. അവര്‍ക്കായി ചക്കമസാലദോശ, ചക്കബജി, ചക്ക അട, ചക്ക മഞ്ജൂരിയന്‍, ചക്ക മോദകം, ചക്ക കട്‌ലറ്റ്, തുടങ്ങിയ വിഭവങ്ങളും കാത്തിരിക്കുന്നു.
സംസ്ഥാന കൃഷിവകുപ്പ്, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവരുടെ സഹകരണത്തോടെ പ്ലാവ് കര്‍ഷകരുടെയും ചക്ക പ്രേമികളുടെയും ആഭിമുഖ്യത്തിലാണ് ചക്ക മഹോത്സവം. രാവിലെ 11 മുതല്‍ വൈകീട്ട് 9 വരെയാണ് പ്രദര്‍ശനം. നല്ല ഭക്ഷണം നിങ്ങളെ കാത്തിരിക്കുന്നു. ഇനി മൂന്നുദിനം മാത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here