ദില്ലി: മോദി സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ നടന്ന കിസാന്‍ മുക്തി യാത്രയ്ക്ക് പൊലീസ് അതിക്രമം. അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള, സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്തു.

പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ആറ് കര്‍ഷകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനു ശേഷമാണ് മധ്യപ്രദേശിലെ മന്‍സോറില്‍ നിന്നും കിസാന്‍ മുക്തി യാത്ര ആരംഭിച്ചത്. അഖിലേന്ത്യാ കിസാന്‍ സഭ ഉള്‍പ്പെടെ നൂറിലധികം കര്‍ഷക സംഘടനകളുടെ സംയുക്ത സമര വേദിയായ കിസാന്‍ സംഘര്‍ഷ് സമിതിയാണ് കര്‍ഷക മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. കര്‍ഷക പ്രതിഷേധം മുന്‍നിര്‍ത്തി മധ്യപ്രദേശ് സര്‍ക്കാര്‍ വന്‍ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു.

ഗുഡ്വാലി ഗ്രാമത്തില്‍ വച്ച് യാത്ര തടഞ്ഞ പൊലീസ് നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. അഖിലേന്തായ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊളള, സിപിഐഎം പിബി അംഗം സുഭാഷിണി അലി, പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാഥവ് തുടങ്ങിയവര്‍ അറസ്റ്റിലായി. തുടര്‍ന്ന് കര്‍ഷകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, എംഎസ് സ്വാമിനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, വിളകള്‍ക്ക് ഉല്‍പ്പാദന ചിലവിന്റെ അമ്പത് ശതമാനത്തിലധികം താങ്ങുവില ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പ്രക്ഷോഭം തുടരുന്നത്.

രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം പതിനെട്ടിന് ദില്ലിയില്‍ കര്‍ഷക മഹാറാലി നടത്തും. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള ഭൂമി അധികാര്‍ ആന്തോളന്‍ ഓഗസ്റ്റ് ഒമ്പതിന് എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളില്‍ കര്‍ഷക റാലികള്‍ സംഘടിപ്പിക്കും.