നടി ആക്രമിക്കപ്പെട്ട സംഭവം; നിര്‍മാതാവ് ആന്റോ ജോസഫിന്റെ മൊഴി രേഖപ്പെടുത്തുന്നു

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം നിര്‍മാതാവ് ആന്റോ ജോസഫിന്റെ മൊഴി രേഖപ്പെടുത്തുന്നു. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് മൊഴി എടുക്കുന്നത്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമായി നടത്തിയ ഫോണ്‍വിളികളുടെ അടിസ്ഥാനത്തിലാണ് ആന്റോ ജോസഫിനെ വിളിച്ചു വരുത്തിയതെന്നാണ് വിവരം.

നടി അക്രമിക്കപ്പെട്ട ദിവസം സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തിയ ആന്റോ ജോസഫ്, സുനിയെ വിളിച്ച് കേസിന്റെ വിവരങ്ങള്‍ കൈമാറിയെന്ന് ആരോപണമുണ്ടായിരുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്നും വിവരങ്ങളുണ്ട്. കാവ്യയില്‍ നിന്ന് എന്തൊക്കെ കാര്യങ്ങളാണ് അറിയാനുള്ളതെന്നത് വ്യക്തമല്ല. കേസന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് കാവ്യയെ വിളിച്ചുവരുത്താനുള്ള തീരുമാനം. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ചോദ്യംചെയ്യലിന്റെ പരിധിയില്‍ വരുമെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ, നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ദിലീപിന്റെ സഹോദരന്‍ അനൂപ്, മിമിക്രി കലാകാരന്‍ കെഎസ് പ്രസാദ് എന്നിവരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News