സര്‍ക്കാരില്‍ നിന്നും പണം ലഭിക്കാന്‍ വൃദ്ധരെ കടുവകള്‍ക്കു ഇരയായി കൊടുക്കുന്നു; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

പിലിഭിത്(ഉത്തര്‍പ്രദേശ്): സര്‍ക്കാരില്‍ നിന്നും പണം ലഭിക്കുവാന്‍ കുടുംബത്തിലെ പ്രായമായവരെ കടുവകള്‍ക്കു ഇരയായി ഇട്ടുകൊടുക്കുന്നു. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ടത്.ഉത്തര്‍പ്രദേശിലെ പിലിഭിത് കടുവ സംരക്ഷണമേഖലയ്ക്ക് സമീപമുള്ള ഗ്രാമങ്ങളിലാണ് രാജ്യത്തെ നടുക്കുന്ന സംഭവം നടക്കുന്നത്.

ഈ മേഖലയില്‍ ഫെബ്രുവരി മുതല്‍ കടുവകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ടത്തിയ നിരീക്ഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സര്‍ക്കാരില്‍ നിന്നും പണം ലഭിക്കുവാന്‍ കുടുംബത്തിലെ പ്രായമായവരെ ഇവിടെയുള്ളവര്‍ കടുവകള്‍ക്കു മുന്നിലേക്ക് ഇരയായി ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. കടുവാസംരക്ഷണ മേഖലയ്ക്ക് സമീപമുള്ള മൂന്ന് ഗ്രാമങ്ങളില്‍ ഫെബ്രുവരി മുതല്‍ കൊല്ലപ്പെട്ടത് 8 പേരാണ്.

55 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവരേറെയും. അതിര്‍ത്തിയിലെ വയലുകളിലാണ് കൊല്ലപ്പെട്ട 8 പേരുടെയും മൃതദേഹാവവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംരക്ഷണ കേന്ദ്രത്തിനുള്ളില്‍ വച്ചു ആളുകള്‍ കൊല്ലപ്പെട്ടാല്‍ സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം ലഭിക്കില്ല.

അതേസമയം, വനാതിര്‍ത്തിയിലെ ഗ്രാമങ്ങളിലോ കൃഷിസ്ഥലങ്ങളിലോ ആണു കൊല്ലപ്പെടുന്നതെങ്കില്‍ നഷ്ടപരിഹാരം ലഭിക്കും. അതിനാല്‍ കടുവ കൊന്നു തിന്നതിനു ശേഷം ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ വയലുകളില്‍ കൊണ്ടുവന്നിടുകയാണെന്നാണ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ സംശയിക്കുന്നത്. 56 വയസ്സുകാരിയായ സ്ത്രീയാണ് ഏറ്റവും ഒടുവില്‍ ഇവിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കാണപ്പെട്ട പ്രദേശത്തു നിന്ന് ഒരു കിലോമീറ്ററോളം അകലെ കൃഷിയിടത്തിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇതും അധികൃതരുടെ സംശയം ബലപ്പെടാന്‍ കാരണമായി. കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് പണം ലഭിക്കുവാന്‍ സ്വയം മരിക്കാനും ആളുകള്‍ തയാറാകുന്നുണ്ടെന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News