രണ്ടും കല്‍പ്പിച്ച് ടോമിച്ചന്‍; രാമലീല പോയാല്‍ പോകട്ടെ

ഈ മാസം ഇരുപത്തിയൊന്ന് ടോമിച്ചന്‍ മുളകുപാടത്തിന് തികച്ചും വെല്ലുവിളിയുടെ ദിനമായിരിക്കും. ബ്രഹ്മാണ്ഡ വിജയം നല്‍കിയ പുലിമുരുകനായി കോടികള്‍ ഇറക്കിയപ്പോഴും ഇല്ലാതിരുന്ന അങ്കലാപ്പ് ഇപ്പോഴുണ്ടെന്ന് വാക്കുകളിലൂടെ വായിക്കാനാകും. പുലിമുരുകന് ശേഷമാണ് ദിലീപ് ചിത്രം രാമലീലയ്ക്ക് ടോമിച്ചന്‍ കൈകൊടുക്കുന്നത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ അനുദിനം ആരോപണങ്ങള്‍ ശക്തിപ്പെടുന്നതിനിടെയാണ് രാമലീല റിലീസിനായി ഒരുങ്ങുന്നത്. 14 കോടി രൂപയാണ് രാമലീലയ്ക്കായി മുളകുപാടം ഫിലിംസ് മുടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മാറ്റി വയ്ക്കുകയായിരുന്നു.

വിവാദങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ റിലീസ് ചെയ്താല്‍ പ്രേക്ഷകര്‍ കൈവിടുമോയെന്ന ഭയമായിരുന്നു കാരണം. എന്നാല്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങാന്‍ തന്നെയാണ് ടോമിച്ചന്റെ ഇപ്പോഴത്തെ തീരുമാനം. ഈ മാസം ഇരുപത്തി ഒന്നിന് റിലീസ് ചെയ്യുന്ന ചിത്രം മികച്ചതാണെങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് ടോമിച്ചന്‍ പീപ്പിളിനോട് പറഞ്ഞു. ‘എന്റെ ജീവിതത്തില്‍ പരീക്ഷണങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. പുലിമുരുകനായി കോടികള്‍ എറിഞ്ഞതും ബ്രഹ്മാണ്ടവിജയം പ്രതീക്ഷിച്ചല്ല. ചിത്രത്തിന്റെ കഥ മികച്ചതാണെങ്കില്‍ ദിലീപിനെതിരായ വിവാദങ്ങളോ ആരോപണങ്ങളോ പ്രേക്ഷകര്‍ ചിന്തിക്കില്ല. അതല്ലാ മറിച്ചാണേല്‍ അതും നേരിടാന്‍ തയ്യാറാണ്’-ടോമിച്ചന്‍ പറയുന്നു.

നവാഗതനായ അരുണ്‍ ഗോപിയാണ് രാമലീല സംവിധാനം ചെയ്യുന്നത്. സച്ചിയുടേതാണ് തിരക്കഥ. കേരളത്തിലെ സമകാലിക രാഷ്ട്രീയരംഗത്തെ ചുറ്റിപ്പറ്റിയാണ് കഥ . ദിലീപിന്റെ കഥാപാത്രമായ രാമനുണ്ണി ഒരു അഭിഭാഷകനാണ്. തന്റെ വക്കീല്‍ ജീവിതം ഉപേക്ഷിച്ച് നിര്‍ബന്ധിതമായ ചില സാഹചര്യങ്ങളില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതാണ് കഥ.

രാമലീലയിലൂടെ രാധിക ശരത് കുമാര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. പ്രയാഗ മാര്‍ട്ടിന്‍, രണ്‍ജി പണിക്കര്‍, സലിം കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News