നവദമ്പതികള്‍ക്ക് യോഗി സര്‍ക്കാരിന്റെ സമ്മാനം ഗര്‍ഭ നിരോധന ഉറ; വിവാദം കത്തുന്നു

ലഖ്‌നൗ: നവദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി കോണ്ടം വിതരണം ചെയ്യാനുളള യുപി സര്‍ക്കാര്‍ തീരുമാനം വിവാദങ്ങള്‍ക്ക് കാരണമാകുന്നു.

ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി നവദമ്പതികള്‍ക്ക് വിവാഹ സമ്മാനം എത്തിക്കുമെന്ന് യോഗി സര്‍ക്കാര്‍ അറിയിച്ചു. അതത് പ്രദേശത്തെ ആശാ പ്രവര്‍ത്തകര്‍ വഴിയാണ് സമ്മാനം എത്തിക്കുക.

കുടുംബാസൂത്രണ സന്ദേശമടങ്ങിയ ഒരു കിറ്റും ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കും. ഈ കിറ്റില്‍ ആരോഗ്യ വിഭാഗത്തില്‍ നിന്നുള്ള ഒരു കുറിപ്പും, ഗര്‍ഭനിരോധന ഗുളികകളും, എമര്‍ജന്‍സി കോണ്ടര്‍സെപ്റ്റീവ് പില്‍സും ഉണ്ടാകുമെന്നാണ് അറിയിപ്പ്. കൂടാതെ നഖം വെട്ടി, ചീപ്പ്, കണ്ണാടി തുടങ്ങിയവയും വിതരണം ചെയ്യും.

പ്രസവത്തിനും ഗര്‍ഭധാരണത്തിനും ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളും വിമര്‍ശനത്തിന് ഇടയാക്കുകയാണ്. ഒന്നാമത്തേയും രണ്ടാമത്തേയും പ്രസവം തമ്മില്‍ എത്രമാസത്തെ വ്യത്യാസമുണ്ടാകണമെന്നുളള നിര്‍ദ്ദേശവും ആരോഗ്യക്കുറിപ്പിലുണ്ട്.

ലോക ജനസംഖ്യാദിനമായ ജൂലൈ 11ന് പദ്ധതി ആരംഭിക്കാനാണ് തീരുമാനം. വിവാഹ ജീവിതത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് നവദമ്പതികളെ ബോധവത്കരിക്കാനാണ് ശ്രമമെന്ന് മിഷന്‍ പരിവാര്‍ വികാസിന്റെ പ്രോജക്ട് മാനേജര്‍ അന്‍വീഷ് സെക്‌സേന പറയുന്നു.

ഗര്‍ഭിണികള്‍ മാംസാഹാരം കഴിക്കരുതെന്നും ലൈംഗികബന്ധത്തിലേര്‍പ്പെടെരുതെന്നുമുളള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദശം വിവാദമുണ്ടാക്കിയതിന് പിന്നാലെയാണ് യോഗി സര്‍ക്കാറിന്റെ നടപടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here