കേന്ദ്രത്തിനെതിരായ കര്‍ഷകമാര്‍ച്ചിനെതിരെ പൊലീസ് അതിക്രമം; മധ്യപ്രദേശില്‍ അറസ്റ്റും തടയലും

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ച കര്‍ഷക നേതാക്കളെയും സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കര്‍ഷകരെയും മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. കിസാന്‍മുക്തി യാത്രയ്ക്ക് നേതൃത്വം നല്‍കുന്ന അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ സമന്വയ സമിതി നേതാക്കളായ ഹനന്‍ മൊള്ള, സുഭാഷിണി അലി, മേധാ പട്കര്‍, യേഗേന്ദ്ര യാദവ്, ബാദല്‍ സരോജ്, വി എം സിങ്, രാജു ഷെട്ടി എംപി, മധുരേശ്, ഉമേഷ് തിവാരി തുടങ്ങിയ നേതാക്കളെയും പത്ത് ബസ് നിറയെ കര്‍ഷകരെയുമാണ് അറസ്റ്റ് ചെയ്തത്.

സമാധാനപരമായി തുടങ്ങിയ യാത്രയില്‍ പങ്കെടുത്തവരെ മന്ദ്‌സോറിലെ പിപ്ലിയ മാണ്ഡിയിലാണ് പൊലീസ് തടഞ്ഞത്. കഴിഞ്ഞമാസം നടന്ന പ്രക്ഷോഭത്തിനിടെ അഞ്ച് കര്‍ഷകരെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയ മന്ദ്‌സോറിലാണ് പൊലീസ് അതിക്രമം. മന്ദ്‌സോറിലും നര്‍മദ താഴ്വരയിലും തുടരുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ നേരിടാന്‍ ദേശീയ സുരക്ഷാനിയമം നടപ്പാക്കിയ ബിജെപി സര്‍ക്കാരിന്റെ കിരാതമുഖമാണ് പൊലീസ് നടപടിയിലൂടെ വ്യക്തമായത്. വെടിയേറ്റുമരിച്ച കര്‍ഷകര്‍ക്കായി രക്തസാക്ഷി മണ്ഡപം നിര്‍മിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ മണ്ഡപം നിര്‍മിക്കുമെന്ന് അറസ്റ്റിലായ നേതാക്കള്‍ പറഞ്ഞു.

കര്‍ഷകര്‍ റാലിക്ക് എത്തുന്നത് തടയാന്‍ ഗ്രാമപാതകളില്‍ പൊലീസ് വ്യാപക തടസ്സം സൃഷ്ടിച്ചു. പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന് ഭീഷണിപ്പെടുത്തി. സമരസമിതി നേതാവും മുന്‍ എംഎല്‍എയുമായ ഡോ. സുനിലത്തെ ബുധനാഴ്ച രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീഷണിയും തടസ്സങ്ങളും അവഗണിച്ച് നൂറുകണക്കിന് കര്‍ഷകരും തൊഴിലാളികളും പ്രതിഷേധത്തിനെത്തി. നേതാക്കളെ അറ്സ്റ്റ് ചെയ്തതോടെ സംസ്ഥാനത്താകെ വന്‍ പ്രതിഷേധം ഉയര്‍ന്നു. അറസ്റ്റ് ചെയ്ത നേതാക്കളെയും 1500 കര്‍ഷകരെയും 50 കിലോമീറ്റര്‍ അകലെ എത്തിച്ചശേഷം പൊലീസ് വിട്ടയച്ചു. ഡോ. സുനിലത്തെയും മോചിപ്പിച്ചു.

കാര്‍ഷികവായ്പ എഴുതിത്തള്ളുക, വിളകളുടെ താങ്ങുവില 50 ശതമാനമാക്കണമെന്ന സ്വാമിനാഥന്‍ കമീഷന്‍ നിര്‍ദേശം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. 48 കര്‍ഷകരാണ് കഴിഞ്ഞമാസം മധ്യപ്രദേശില്‍ ജീവനൊടുക്കിയത്. ഇവരുടെ കുടുംബങ്ങളെ തിരിഞ്ഞുനോക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ദേശീയ സുരക്ഷാ നിയമം ഉള്‍പ്പെടെ ഉപയോഗിച്ചാണ് പ്രതിഷേധ സമരങ്ങളെ സര്‍ക്കാര്‍ നേരിടുന്നത്. മന്ദ്‌സോറിലെയും നര്‍മദ താഴ്വരയിലെയും കര്‍ഷകപ്രക്ഷോഭങ്ങളെ ബിജെപി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായി അടിച്ചമര്‍ത്തുകയാണെന്നും മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൌഹാന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും കിസാന്‍സഭ പ്രസ്താവനയില്‍ പറഞ്ഞു.

പ്രക്ഷോഭം എന്തുവിലകൊടുത്തും തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു. വ്യാഴാഴ്ച മന്ദ്‌സോറില്‍നിന്ന് ആരംഭിച്ച കിസാന്‍ മുക്തി യാത്ര മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ പിന്നിട്ട് 18ന് ഡല്‍ഹി ജന്തര്‍ മന്ദറില്‍ റാലിയോടെ സമാപിക്കും. 17ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് നേതാക്കള്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News