ഇന്ത്യന്‍ ക്രിക്കറ്റിന് വിസ്മയനേട്ടങ്ങള്‍ സമ്മാനിച്ച ക്യാപ്ടന്‍ കൂളിന് ഇന്ന് പിറന്നാള്‍ മധുരം

ഇടത്തരം കുടുംബത്തില്‍ ജനിച്ച് രാജ്യത്തിന് വേണ്ടി കളിക്കാന്‍ മോഹിച്ച് കഠിനാധ്വാനത്തിലൂടെയും അശ്രാന്ത പരിശ്രമത്തിലൂടെയും സ്വപ്നങ്ങളെ സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ചുണക്കുട്ടനായ വിക്കറ്റ് കീപ്പര്‍ബാറ്റ്‌സ്മാനാണ് മഹിയെന്നു വിളിപ്പേരുള്ള മഹേന്ദ്രസിങ് ധോണി. റാഞ്ചിയെന്ന നാമം ജനഹൃദയങ്ങളില്‍ പതിപ്പിച്ചത് ധോണിയെന്ന മുന്‍ ക്രിക്കറ്റ് നായകന്‍ കൂടിയാണ്.

ക്രിക്കറ്റ് ലോകത്തേക്ക് കടക്കുന്നതിനു മുന്‍പുള്ള ധോണിയുടെ കഥകള്‍ ഉറങ്ങുന്ന മണ്ണാണ് റാഞ്ചി. ശാന്തപ്രകൃതിയായിരുന്ന ധോണിയില്‍ ആരും ഇന്നത്തെ ക്യാപ്ടന്‍ കൂളിനെ കണ്ടില്ല എന്നതാണ് വാസ്തവം. ഏത് ഘട്ടത്തിലും അക്ഷോഭ്യമായി ആത്മവിശ്വാസത്തോടെ അതിലുപരി ഇന്ത്യന്‍ ക്രിക്കറ്റ് നിരയെ ശാന്തത കൈവെടിയാതെ ഒന്നായി നിര്‍ത്തിയത് ധോണിയായിരുന്നു.

ടി വി യില്‍ ക്രിക്കറ്റ് പോലും കാണാത്ത ക്രിക്കറ്റ് ബാറ്റുമായി ചുറ്റിനടക്കാത്ത ധോണിയുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ചരിത്രം. ഇന്ത്യന്‍ കരസേനയും മോട്ടോര്‍ ബൈക്കുകളും മൈതാനത്തിനു പുറത്തെ അഭിനിവേശമായി കൊണ്ടുനടക്കുന്ന ധോണിക്ക് 17 യമഹ ബൈക്കുകളാണുള്ളത്.

ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ ധോണിയാണെന്ന് വാദിക്കുന്നവരും കുറവല്ല. കണക്കുകളുടെ കളിയില്‍ മറ്റാരെക്കാളും മുന്നിലാണ് എം എസ് ഡി. ഏഴാം മാസത്തില്‍ എഴാംതിയതി ജനിച്ച ധോണി ഏഴാം നമ്പറുമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ വിസ്മയം തീര്‍ക്കാന്‍ തുടങ്ങിയിട്ട് ഒന്നരപതിറ്റാണ്ടാകുകയാണ്. 1981 ജൂലൈ ഏഴിനായിരുന്നു എം എസ് ഡിയുടെ ജനനം.

എം എസ് ധോണി; ദി അണ്‍ടോള്‍ഡ് സ്റ്റോറി’ ധോണിയുടെ ജീവിതം കേന്ദ്രീകരിച്ചിറങ്ങിയ സിനിമയാണ്. മൂന്ന് ഐ സി സി കിരീടങ്ങളും ഉയര്‍ത്തിയ ഏക ക്യാപ്ടനെന്ന ഖ്യാതിയും ധോണിക്ക് തന്നെ. ഐ പി എല്‍ പടക്കപ്പലിന്റെ വിജയശ്രീലാളിതനായ കപ്പിത്താനായിരുന്നു ധോണി.

2010ല്‍ സാക്ഷിയെ ജീവിതസഖിയാക്കിയ ധോണിക്ക് സിവ എന്നൊരു മകളുണ്ട്. ഇവരുടെ വിവാഹവാര്‍ഷികവും കഴിഞ്ഞ ദിവസമായിരുന്നു (ജൂലൈ 4). ഐ സി സി യുടെ ബാറ്റിങ് റാങ്കിങില്‍ ഒന്നാം നിരയിലേക്കെത്തിയ രണ്ടാം ബാറ്റ്‌സ്മാനെന്ന ബഹുമതിയും ധോണിക്ക് തന്നെ.

ബഹുമതികളേറെ പുരസ്‌ക്കാരങ്ങളുമേറെ , തൊട്ടതെല്ലാം പൊന്നാക്കിയ ഈ നായകന്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ ഒന്നാമതെത്തിയ ഏക താരമാണ്. ധോണിയെന്ന നായകന്‍ ലോകം കണ്ട മികച്ച കായികതാരമാണെന്നത് ചോദ്യം ചെയ്യപ്പെടാനില്ലാത്ത വസ്തുതയാണ്.


ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്താന്‍ എന്നും ഊര്‍ജസ്വലനായി അഥവാ കര്‍മ്മനിരതനായി നിലകൊള്ളുന്ന ധോണിയെന്ന പോരാളിക്ക് ഒരായിരം ജന്മദിനാശംസകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News