
തൃശൂര്‍: കഴിഞ്ഞ ദിവസം കുന്നംകുളം കവലയില്‍ സൊറ പറഞ്ഞിരുന്ന ചൂണ്ടല്‍ സ്വദേശി മുഹമ്മദ് തന്റെ ആറ് പോത്തുകള്‍ റോഡിലൂടെ നടന്ന് പോകുന്നത് കണ്ട് ഞെട്ടിയെണീറ്റൂ. ഓടിയടുത്തപ്പോഴാണ് മനസ്സിലായത്, പോത്തുകള്‍ ഒറ്റയ്ക്കല്ല മുന്നിലുണ്ട് രണ്ട് മാന്യന്‍മാര്‍. പാഞ്ഞ് വരുന്നത് മോഷ്ടിച്ച പോത്തുകളുടെ ഉടമയാണെന്ന് അറിഞ്ഞതോടെ പോത്തു കള്ളന്‍മാര്‍ ജീവനുംകൊണ്ടോടി. ഓട്ടത്തിനൊടുവില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി പാഞ്ഞു.
ഗോമാതാക്കളെ രക്ഷിക്കാന്‍ സംഘപരിവാറുകാര്‍ അരയും തലയും മുറുക്കി മുന്നിട്ടിറങ്ങുന്നതിനിടെ കുന്നംകുളത്ത് സ്വന്തം പോത്തുകളെ കാക്കാന്‍ ഉടമസ്ഥര്‍ക്ക് പട്ടാപ്പകലും കാവലിരിക്കേണ്ട ദുരവസ്ഥ. നാട്ടില്‍ ചുറ്റിയടിക്കുന്ന പോത്തുകള്ളന്‍മാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുന്നംകുളത്തെ ഫാം ഉടമകള്‍.
ഇനിയാണ് ട്വിസ്റ്റ്, മുഹമ്മദിന്റെ മുന്നില്‍ നിന്ന് രക്ഷപെട്ടുള്ള ഓട്ടത്തിനിടെ മുന്നില്‍ പെട്ട ബൈക്ക് ഒരെണ്ണം കണ്ണില്‍ പെട്ടില്ല. ബൈക്ക് കാരനെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പാഞ്ഞ കാറിന്റെ നമ്പര്‍ പൊലീസിനു കിട്ടി. പിന്നെ അന്വേഷണത്തോട് അന്വേഷണം. പൊലീസിനാണെങ്കില്‍ അഭിമാന പ്രശ്‌നമായി പോത്ത് കേസ്. ഒടുവില്‍ മലപ്പുറത്ത് വെച്ച് പാണ്ടിക്കാട് സ്വദേശി മജീദും, ഷംസുവും പിടിയിലായി. കൂട്ടു പ്രതിയായ ഹനീഫ പക്ഷെ പാഞ്ഞു കളഞ്ഞു.
പൊലീസ് നടത്തിയ തിരച്ചിലില്‍ കഴിഞ്ഞ ദിവസം ചൂണ്ടലിലെ ഫാമില്‍ നിന്ന് കാണാതായ ആറ് പോത്തുകളില്‍ നാലെണ്ണം ദാ നില്‍ക്കുന്നു ഹനീഫയുടെ വീട്ടില്‍. രണ്ട് പോത്തുകളെ വിറ്റ കാശ് വീട്ടില്‍ കിടന്ന കാറില്‍ നിന്നും കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് ഏറെ രസകരമായ ആചാരങ്ങള്‍ വെളിച്ചത്തായത്. മലപ്പുറത്തെ ഇറച്ചി കടകളിലെ അവു മാലിന്യങ്ങള്‍ കിലോയ്ക്ക് അഞ്ച് രൂപ ഈടാക്കി ഇവര്‍ ഏറ്റെടുക്കും. ഹനീഫ മുന്നില്‍ ഇന്നോവ കാറിലും മാലിന്യം നിറച്ച മിനി ലോറി പിന്നിലുമായി കുന്നംകുളം വരെ എത്തും. മാലിന്യം കുന്നംകുളത്തെ പാടത്തും പറമ്പിലുമെല്ലാം തട്ടി ലോറി ക്ലീന്‍ ചെയ്താന്‍ പിന്നെ പണി രണ്ടാം ഘട്ടത്തിലേക്ക്.
ഫാമുകളിലും റോഡരികിലും പോത്തുകളെ കണ്ടാല്‍ പട്ടാപ്പകലാണെന്ന നോട്ടമില്ല, മജീദും ഷംസുദ്ദീനും. ഉടമസ്ഥരുടെ നോട്ടം തെറ്റിയാല്‍ കയറില്‍ പിടിച്ച് ഒറ്റ നടത്തമാണ്. കുറച്ചകലെ നിര്‍ത്തിയിട്ട മിനി ലോറിയില്‍ കയറ്റിയാല്‍ പിന്നെ പോത്തുകളുടെ അവസാനമാണ്. അറവു മാലിന്യം വിതറുന്ന സംഘവും ഇതാണെന്നറിഞ്ഞതോടെ പ്രതികളെ രണ്ടെണ്ണം പറയാന്‍ നാട്ടുകാരും സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. പോത്തുകള്ളന്‍മാര്‍ അകത്തായതോടെ പ്രദേശത്തെ ഫാം ഉടമകളും ആശ്വാസത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here