പാളിപ്പോയ ‘നികുതിവിപ്ലവം’

ചരക്കുസേവന നികുതി (ജിഎസ്‌ടി) 2017 ജൂലൈ ഒന്നുമുതല്‍ രാജ്യത്ത് നടപ്പാക്കിയത് മഹത്തായ കാര്യമാണെന്ന നരേന്ദ്ര മോഡി ഭരണത്തിന്റെയും സ്തുതിപാഠകരുടെയും പ്രചാരണത്തിന് തിരിച്ചടിയാണ് വിപണിയിലെ വിലക്കയറ്റവും ആശയക്കുഴപ്പവും. ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്കാരമാണെന്ന വിലയിരുത്തലുകള്‍ വന്നിരുന്നു.

പക്ഷേ, ഇത് സൃഷ്ടിച്ച വന്‍ വിപത്തും ഭരണഘടനാസങ്കല്‍പ്പങ്ങള്‍ക്കേറ്റ ആഘാതവും കാണാതിരുന്നുകൂടാ. നികുതിപരിഷ്കാര പ്രഖ്യാപനത്തിനുവേണ്ടി ജൂണ്‍ 30ന് അര്‍ധരാത്രിയില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രത്യേക ചടങ്ങ് ഇടതുപക്ഷവും കോണ്‍ഗ്രസും ചില ജനാധിപത്യകക്ഷികളും ബഹിഷ്കരിച്ചത് ജിഎസ്ടിയുടെ കാര്യത്തിലെ ആശങ്കയും നികുതിഘടനയിലെ അനാശാസ്യമായ പൊളിച്ചെഴുത്തും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആള്‍ക്കൂട്ടാക്രമണം പ്രോത്സാഹിപ്പിക്കുന്ന മോഡിഭരണ സമീപനത്തിലും പ്രതിഷേധിച്ചായിരുന്നു.

സ്വതന്ത്ര ഇന്ത്യയിലെ വിപ്ളവകരമായ നികുതിപരിഷ്കാരമെന്ന നിലയില്‍ ജിഎസ്‌ടിനടപ്പാക്കാന്‍ അണിയറയില്‍ എല്ലാ കാര്യങ്ങളുമൊരുക്കിയത് മന്‍മോഹന്‍സിങ് നയിച്ച രണ്ടാം യുപിഎ സര്‍ക്കാരാണ്. ഒരു രാജ്യം ഒരു നികുതി ഒരു വിപണിയെന്നത് വിപ്ളവകരമാണെന്നത് പൊള്ളയായ വാചകക്കസര്‍ത്തുമാത്രമാണ്. സാമ്രാജ്യത്വരാജ്യമായ അമേരിക്കയില്‍പ്പോലും ഒറ്റനികുതി സമ്പ്രദായം നടപ്പാക്കിയിട്ടില്ല.

നികുതികാര്യങ്ങളില്‍ അനിവാര്യമായ ചില സാധനങ്ങള്‍ക്ക് ഏകീകൃതനികുതി കൊണ്ടുവരാന്‍ അത് ചെയ്യുന്നതിനുള്ള സംവിധാനമുണ്ടാക്കുന്നതിന് എതിരല്ല. പക്ഷേ, ഇന്നത്തെ ഏറ്റവും അപകടകരമായ കാര്യം ഭരണഘടന വിഭാവനചെയ്യുന്ന ഫെഡറല്‍ സമ്പ്രദായത്തില്‍ ശക്തമായ കേന്ദ്രവും ശക്തമായ സംസ്ഥാനങ്ങളും എന്നതിനെ ദുര്‍ബലമാക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്്. സാമ്പത്തികമായി മാത്രമല്ല, നികുതി ചുമത്തുന്നതിനെ ഒഴിവാക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

നികുതിപരിഷ്കാരം കാരണം ഇപ്പോള്‍ ഏതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രംവഴി നികുതിവരുമാനം കൂടുതലായി ലഭിച്ചെന്നിരിക്കാം. പക്ഷേ, അത് ശാശ്വതമാകുമെന്ന് വിശ്വസിക്കാനാകില്ല. ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ചുമത്താനുള്ള അവകാശവും അധികാരവും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നഷ്ടമായിരിക്കുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള വരുമാനത്തിലെ പ്രധാന ഉറവിടം വില്‍പ്പനനികുതിയായിരുന്നു. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1976-77ല്‍ വില്‍പ്പനനികുതി പട്ടികയില്‍നിന്ന് കുറെ ഇനങ്ങളെ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി പട്ടികയിലേക്ക് മാറ്റി.

ഇതുകാരണം കേരളത്തിന് വലിയ നഷ്ടമുണ്ടായി. പാര്‍ലമെന്റിലടക്കം പ്രതിഷേധം വന്നു. ഭേദഗതിനിയമം പാസാക്കുന്ന വേളയില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന വരുമാനച്ചോര്‍ച്ച പരിഹരിക്കാന്‍ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സഭയില്‍ ഉറപ്പുനല്‍കി. എന്നാല്‍, ഈ വകയില്‍ ചില്ലിക്കാശുപോലും കിട്ടിയിട്ടില്ല. മലഞ്ചരക്ക്, സമുദ്രോല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കയറ്റി അയക്കുന്ന കേരളത്തിന് ആ ഇനത്തില്‍ വരുമാനച്ചോര്‍ച്ചയുണ്ടായി. അന്ന് കണക്കാക്കിയത് ഒരുവര്‍ഷം 230 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ്. ഇപ്പോള്‍ അത് കണക്കിലെടുത്താല്‍ ആയിരക്കണക്കിനു കോടി രൂപയാണ് കേന്ദ്രഖജനാവിലേക്ക് ചെന്നുചേരുന്നത്.

ഏതെങ്കിലും ഉല്‍പ്പന്നത്തിന് ഒരു സംസ്ഥാനത്ത് പ്രതിസന്ധി നേരിടുമ്പോള്‍ നികുതിയിളവിനോ ഒഴിവാക്കലിനോ ഉള്ള അധികാരം ഇതുവരെ സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്നു. അത് ഇല്ലാതായിരിക്കുന്നു. ഇനി കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ജിഎസ്‌ടികൌണ്‍സിലില്‍ അക്കാര്യം അവതരിപ്പിക്കാനുള്ള അവസരം മാത്രമേ സംസ്ഥാനങ്ങള്‍ക്കുള്ളൂ. അതുകൊണ്ടുതന്നെ ഒരു സംസ്ഥാനത്തുമാത്രമായി നികുതിയിളവ് നല്‍കാനും കഴിയാതെ വരും. ദുര്‍ബലമായ സംസ്ഥാനങ്ങളും അമിതാധികാരകേന്ദ്രവും എന്ന നിലയിലേക്ക് പുതിയ നികുതിപരിഷ്കാരം ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നുവെന്ന അപകടകരമായ വശം വിസ്മരിക്കാന്‍ പാടില്ല.

സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങളെ തകര്‍ക്കുന്ന അധിനിവേശമാണ് മോഡി സര്‍ക്കാര്‍ നടത്തിയത്. ഇതിനെ സിപിഐ എം കേന്ദ്ര കമ്മിറ്റി ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ അധികാരത്തിനുവേണ്ടി പിറവിയെടുത്ത പാര്‍ടിയെന്ന അവകാശവാദമാണ് കേരള കോണ്‍ഗ്രസിനുള്ളത്. പക്ഷേ, കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതാവ് കെ എം മാണി സംസ്ഥാനാധികാരം ചോര്‍ത്തിയ നികുതിപരിഷ്കാരവിളംബരത്തിനുള്ള പാര്‍ലമെന്റിലെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്തത് രാഷ്ട്രീയ അപചയമാണ്.

ഇരുപത്തൊമ്പത് സംസ്ഥാനവും ഏഴ് കേന്ദ്രഭരണപ്രദേശവും കേന്ദ്രവും ചേര്‍ന്നതാണ് പുതിയ നികുതിപദ്ധതി. വില്‍പ്പന നികുതി, മൂല്യവര്‍ധിത നികുതി, കടത്തുനികുതി, ആഡംബരനികുതി, സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, സേവന നികുതി എന്നിവയെല്ലാം കേന്ദ്രീകരിച്ച് ജിഎസ്‌ടിഎന്ന ഒറ്റനികുതിയായി ഇന്ത്യയെ മാറ്റുന്നുവെന്നതാണ് വിഭാവന ചെയ്തിരിക്കുന്നത്. പക്ഷേ, ഇപ്പോഴും വൈദ്യുതി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, മദ്യം, റിയല്‍ എസ്റ്റേറ്റ് എന്നിവയെല്ലാം ജിഎസ്ടിക്കു പുറത്താണ്.

അഞ്ച് സ്ളാബിലായി നികുതി ഈടാക്കാനാണ് തീരുമാനം. അരി, ഉപ്പ്, ചകിരി, നാളികേരം, മത്സ്യം, മാംസം, പാല്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, പഴങ്ങള്‍, പച്ചക്കറി, പത്രങ്ങള്‍ തുടങ്ങിയവയെ നികുതിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, ഇതിന്റെ പ്രയോജനം ദേശീയമായി ഇതുവരെ വിപണിയില്‍ പ്രതിഫലിച്ചിട്ടില്ല. വ്യാപാരികളും അധികാരികളും ആശയക്കുഴപ്പത്തിലാണ്. ചിലരാകട്ടെ വിലകൂട്ടി ലാഭംകൊയ്യാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കുന്നു. ഇതെല്ലാം മുന്‍കൂട്ടികണ്ടാണ് വേണ്ടത്ര തയ്യാറെടുപ്പുകൂടാതെ ധൃതിപിടിച്ച് നികുതിപരിഷ്കാരം അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐ എം ആവശ്യപ്പെട്ടത്. അത് കേള്‍ക്കാന്‍ മോഡിസര്‍ക്കാര്‍ തയ്യാറായില്ല.

‘ഒരു രാജ്യം ഒരു നികുതി’ എന്ന സങ്കല്‍പ്പവുമായി കോണ്‍ഗ്രസ് നയിച്ച യുപിഎയുടെ രണ്ടാം സര്‍ക്കാര്‍ ഇറങ്ങിയപ്പോള്‍ അതിനെ വിമര്‍ശിക്കുകയായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡി. ‘ജിഎസ്‌ടികാര്യത്തിലുള്ള കേന്ദ്രത്തിലെ തയ്യാറെടുപ്പുകള്‍ അപര്യാപ്തമാണ്. അവ സംസ്ഥാനങ്ങളുടെ ഉല്‍ക്കണ്ഠകളെ കണക്കിലെടുക്കുന്നില്ല’. അന്ന് ഇപ്രകാരം അഭിപ്രായപ്പെട്ട ആള്‍ ഇന്ന് പ്രധാനമന്ത്രിയായപ്പോള്‍ സംസ്ഥാനങ്ങളുടെ ഉല്‍ക്കണ്ഠ പരിഹരിക്കാതെ നികുതിപരിഷ്കാരം നടപ്പാക്കി. കേന്ദ്ര- സംസ്ഥാനബന്ധങ്ങളില്‍ വലിയ അസന്തുലിതാവസ്ഥയാണ് ഇത് സൃഷ്ടിച്ചത്.

ജിഎസ്ടിയോടുള്ള ഇടതുപക്ഷത്തിന്റെ വിയോജിപ്പുകളും ആശങ്കകളും ഏറ്റെടുത്ത് ജിഎസ്‌ടിചര്‍ച്ചകളില്‍ പിണറായി വിജയന്‍ സര്‍ക്കാരും ധനമന്ത്രി തോമസ് ഐസക്കും സമര്‍ഥമായ ഇടപെടല്‍ നടത്തിയിരുന്നുവെന്നത് ഈ ഘട്ടത്തില്‍ ഓര്‍മിക്കണം. എക്സൈസ്, സര്‍വീസ് നികുതികള്‍ നിര്‍ണയിക്കുന്നതിനുള്ള കേന്ദ്രാധികാരം ജിഎസ്ടിയില്‍ ലയിപ്പിച്ചെങ്കിലും കേന്ദ്രത്തിന് കസ്റ്റംസ് ഡ്യൂട്ടിപോലുള്ള പരോക്ഷനികുതികളും ഒട്ടേറെ പ്രത്യക്ഷനികുതികളും ഇനിയും ചുമത്താം. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് നികുതി അധികാരം വളരെ കുറവായി.

ഈ പശ്ചാത്തലത്തില്‍ ഒരു കേന്ദ്രീകൃത ഒറ്റനിരക്ക് നികുതിക്കുപകരം സംസ്ഥാനങ്ങള്‍ക്ക് നിരക്കില്‍ ചെറിയ മാറ്റംവരുത്താനുള്ള അനുമതിക്കായി കേരളസര്‍ക്കാര്‍ വാദിച്ചിരുന്നു. പക്ഷേ, കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങള്‍പോലും അതിനൊപ്പം നിന്നില്ല. അതുകാരണമാണ് ജിഎസ്‌ടികൌണ്‍സിലില്‍ അത് തള്ളപ്പെട്ടത്.

ലോട്ടറിവിഷയത്തില്‍ കേരള ധനമന്ത്രിയുടെ ഇടപെടല്‍ ദേശീയശ്രദ്ധ നേടി. അഞ്ച് ശതമാനം നികുതിയാണ് ലോട്ടറിക്ക് ജിഎസ്‌ടികൌണ്‍സില്‍ ആദ്യം ശുപാര്‍ശ ചെയ്തത്. എന്നാല്‍, കേരള ഇടപെടല്‍ കാരണം സംസ്ഥാന ലോട്ടറിക്ക് 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിക്ക് 28 ശതമാനവും എന്ന് തീരുമാനിക്കേണ്ടിവന്നു. അപ്രകാരം അഞ്ചുശതമാനം നികുതി നിശ്ചയിച്ച് ലോട്ടറി മാഫിയയെ സഹായിക്കുന്ന ശ്രമത്തെ കേരളം ഒറ്റയ്ക്ക് ചെറുത്തുതോല്‍പ്പിച്ചുവെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ധനമന്ത്രിയുടെയും പ്രവര്‍ത്തനമികവിനെ കാട്ടുന്നതാണ്.

പരിഷ്കരിച്ച നികുതിനിരക്കനുസരിച്ച് സംസ്ഥാനത്ത് ബഹുഭൂരിപക്ഷം നിത്യോപയോഗ സാധനങ്ങള്‍ക്കും നികുതി കുറയും എന്നാണ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളത്. അതിന്റെ നേട്ടം വിപണിയില്‍ പ്രതിഫലിക്കേണ്ടതാണ്. അതുണ്ടാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടതുണ്ട്. ഓരോ സാധനത്തിന്റെയും നികുതി പട്ടിക പ്രസിദ്ധീകരിക്കേണ്ട ചുമതല കേന്ദ്രത്തിനുണ്ട്. അന്യായവിലക്കയറ്റം തടയുന്നതിന് സംസ്ഥാനസര്‍ക്കാര്‍ ഇതിനകം ഇടപെട്ടുകഴിഞ്ഞു.

ആ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണം. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണസമിതികളുടെ ഇടപെടല്‍കൂടി ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനമുണ്ടാക്കണം. ഈ വിഷയത്തില്‍ ബഹുജന ഇടപെടലും ആവശ്യമാണ്. ജിഎസ്ടിയിലെ നികുതിയിളവിന്റെ ആനുകൂല്യം വിലക്കുറവായി ജനങ്ങള്‍ക്ക് ലഭ്യമാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News