സെന്‍കുമാര്‍ ചട്ടവിരുദ്ധ കുരുക്കില്‍; വിരമിച്ച ശേഷം ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്ന ചട്ടം ലംഘിച്ചു

തിരുവനന്തപുരം: സെന്‍കുമാര്‍ എന്നും വിവാദങ്ങളുടെ വഴികളിലൂടെയാണ് സഞ്ചരിച്ചിട്ടുള്ളത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നും പടിയിറങ്ങിയ ശേഷവും ആ പാതയില്‍ തന്നെയാണ് സെന്‍കുമാര്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തിനില്‍ക്കുമ്പോഴാണ് മുന്‍ ഡി ജി പി പുതിയ വിവാദം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

പൊലീസ് ചട്ടപ്രകാരം വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഔദ്യോഗിക കാര്യങ്ങളില്‍ ഒരു വര്‍ഷകാലയളവില്‍ പ്രത്യേക പരാമര്‍ശം നടത്താന്‍ പാടില്ല. ഇക്കാര്യം പൊലീസ് ചട്ടത്തില്‍ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സെന്‍കുമാര്‍ പടിയിറങ്ങിയ ശേഷവും അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.
സെന്‍കുമാറിന്റെ ചട്ടലംഘനങ്ങളും മലക്കം മറിച്ചിലുകളും ഇപ്പോള്‍ നിയമകുരുക്കിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ ഏറ്റവും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ പൊലീസ് ചട്ടങ്ങള്‍ പരസ്യമായി ലംഘിച്ചതിനെതിരെ പരക്കെ വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. ഇനി നിയമകുരുക്കും സെന്‍കുമാറിനെ തേടിയെത്തുമെന്നത് ഉറപ്പാണ്. അത് മുന്നില്‍ കണ്ട് കൂടിയാണ് ഇന്ന് മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് മുന്‍ ഡി ജി പി രംഗത്തെത്തിയതും.

കഴിഞ്ഞ ദിവസം സമകാലികം മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഇന്ന് അദ്ദേഹം പാടെ വിഴുങ്ങുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പറഞ്ഞ സെന്‍കുമാര്‍ എഡിജിപി ബി സന്ധ്യക്കെതിരെ അനാവശ്യപരാമര്‍ശങ്ങള്‍ പോലും നടത്തിയിരുന്നു.

കേസന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപില്‍ നിന്ന് മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയത് ശരിയായ നടപടിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സന്ധ്യ ഇമേജ് വര്‍ധിപ്പിക്കലിന്റെ ഭാഗമായാണ് ദിലീപിനെ വിളിച്ചുവരുത്തിയതെന്നടക്കം ആരോപിച്ചിരുന്നു. മാത്രമല്ല ദിലീപിനെതിരെ തെളിവില്ലെന്നും പരസ്യമായി പറഞ്ഞു.

അന്വേഷണ സംഘമോ, പൊലീസ് മേധാവിയോ, സംസ്ഥാന ഭരണാധികാരികളോ മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടത്. അല്ലാതെ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനല്ല. ഇത് അറിയാത്ത ആളല്ല സെന്‍കുമാര്‍. പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരം പരാമര്‍ശം നടത്തിയതെന്നതാണ് വ്യക്തമാകാത്തത്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പരസ്യമായി പറയാന്‍ അദ്ദേഹത്തിന് എന്തവകാശമാണെന്ന ചോദ്യം ഉയര്‍ന്നിരുന്നു.

അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പൊലീസിന്റെ തലപ്പത്തിരുന്ന വ്യക്തിതന്നെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് എ ഡി ജി പി സന്ധ്യ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രഖ്യാപിച്ച ലോക്‌നാഥ് ബെഹ്‌റ പൊലീസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. സന്ധ്യയ്ക്കും അന്വേഷണ സംഘത്തിനും പൂര്‍ണ പിന്തുണ നല്‍കുമെന്നും ബെഹ്‌റ അറിയിച്ചു.

ഇതിനു പിന്നാലെയാണ് സെന്‍കുമാര്‍ അഭിമുഖം നല്‍കിയ വാരികയ്‌ക്കെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത്. വാരിക തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും താന്‍ ഉദ്ദേശിച്ച രീതിയിലല്ല അവര്‍ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ദിലീപിന് ക്ലീന്‍ ചിറ്റ് താന്‍ നല്‍കിയി
ട്ടില്ലെന്നും അന്വേഷണത്തില്‍ പാളിച്ചയുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കൂടി സെന്‍കുമാര്‍ പറഞ്ഞതോടെ വാരികയെ തള്ളിപ്പറയല്‍ പൂര്‍ണമായി.

ചട്ടവിരുദ്ധമാണ് താന്‍ നടത്തിയ വിമര്‍ശനങ്ങളെന്ന് തിരിച്ചറിഞ്ഞാണ് മുന്‍ ഡി ജി പിയുടെ മലക്കം മറിച്ചിലെന്ന് വ്യക്തമാണ്. വാരികയെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെടാനുള്ള നീക്കത്തിലാണ് അദ്ദേഹം. പക്ഷെ ചട്ടവിരുദ്ധത്തിന്റെ കുരുക്ക് സെന്‍കുമാറിന്റെ മേല്‍ മുറുകുമെന്നുറപ്പാണ്. മാധ്യമങ്ങളുടെ മുന്നില്‍ പുതിയ ഇമേജ് ഉണ്ടാക്കാനുള്ള സെന്‍കുമാറിന്റെ ശ്രമം കൂടിയാണ് ഇവിടെ പ്രതിക്കൂട്ടിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here