നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുണ്ടെന്ന് വിഷ്ണു; പിന്നില്‍ ദിലീപാണോയെന്ന ചോദ്യത്തിന് ആയിരിക്കാമെന്ന് മറുപടി; വിപരീത മൊഴിയുമായി വിപിന്‍ലാല്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍. ഇതിന് പിന്നില്‍ നടന്‍ ദിലീപാണോയെന്ന ചോദ്യത്തിന് ആയിരിക്കാമെന്നും തനിക്ക് അത് അറിയില്ലെന്നും വിഷ്ണു മൊഴി നല്‍കി.

എന്നാല്‍, ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ ദിലീപിന് പങ്കില്ലെന്ന് മറ്റൊരു സഹതടവുകാരനായ വിപിന്‍ലാല്‍ പറഞ്ഞു. ജയിലധികൃതരുടേയും സുനിയുടേയും ഭീഷണിക്ക് വഴങ്ങിയാണ് കത്തെഴുതിയതെന്നും വിപിന്‍ലാല്‍ പറഞ്ഞു. വ്യത്യസ്ത മൊഴികളുടെ അടിസ്ഥാനത്തില്‍ സുനിയെയും വിഷ്ണുവിനെയും വിപിന്‍ലാലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, കേസിലെ പൊലീസ് കസ്റ്റഡി റദ്ദാക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം കോടതി തള്ളി. കസ്റ്റഡിയില്‍ പൊലീസിന്റെ ര്‍ദ്ദനമേറ്റുവെന്ന് ആരോപിച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. എന്നാല്‍ ആവശ്യം കോടതി തള്ളുകയായിരുന്നു. എന്നാല്‍ സുനിക്ക് ഫോണ്‍ എത്തിച്ചു നല്‍കിയ വിഷ്ണു, ജയിലില്‍ ഫോണ്‍ ഉപയോഗിച്ച വിപിന്‍ലാല്‍ എന്നിവരെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍വിട്ടു.

ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. മലപ്പുറം സ്വദേശി ഇമ്രാനാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സുഹൃത്ത് വിഷ്ണുവിന് ഫോണും സിം കാര്‍ഡും എത്തിച്ചുകൊടുത്തത് ഇയാളായിരുന്നു. വിഷ്ണുവാണ് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത്. മറ്റൊരു കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഇമ്രാനും വിഷ്ണുവും ഒരേ സെല്ലിലായിരുന്നു. ഈ സമയത്തായിരുന്നു വിഷ്ണുവിന് ഫോണ്‍ നല്‍കിയത്.

കേസിലെ പ്രതിപട്ടികയില്‍ പൊലീസ് മാറ്റം വരുത്തുകയും ചെയ്തു. ആറാം പ്രതിയായിരുന്ന എറണാകുളം സ്വദേശി സനല്‍ പി മാത്യുവിനെ ഒഴിവാക്കി. ജയിലില്‍ നിന്ന് ഫോണ്‍ കടത്താന്‍ ശ്രമിച്ചെന്ന കാരണത്താലായിരുന്നു ഇയാളെ പ്രതിയാക്കിയിരുന്നത്. എന്നാല്‍ സനലിന് കേസില്‍ പങ്കിലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വട്ടക്കുന്ന് സ്വദേശി അരവിന്ദനെന്നയാളെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here