അഴിമതി ആരോപണത്തില്‍ ലാലു പ്രസാദ് യാദവിനെതിരെ സിബിഐ കേസെടുത്തു; വീടുകളില്‍ റെയ്ഡ്

ദില്ലി: അഴിമതി ആരോപണത്തില്‍ ആര്‍ജെഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായി ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ സിബിഐ കേസെടുത്തു. 2006ല്‍ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കേ റെയില്‍വേയ്ക്ക് കീഴിലുള്ള ഹോട്ടലുകളുടെ നടത്തിപ്പ് പ്രതിഫലം കൈപ്പറ്റി സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയെന്നാണ് കേസ്.

പുലര്‍ച്ചെ 5.3ഓടു കൂടിയാണ് ലാലുപ്രസാദ് യാദവിന്റെ വസതി ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ സിബിഐ റെയിഡ് ആരംഭിച്ചത്. ലാലു പ്രസാദ് യാദവിന് പുറമെ ഭാര്യ റാബ്‌റി ദേവി, മകനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായി തേജസ്വിനി യാദവ്, ഐആര്‍സിടിസി മുന്‍ എം ഡി പികെ ഗോയല്‍, ലാലുവിന്റെ വിശ്‌സ്തന്‍ പ്രേം ചന്ദിന്റെ ഭാര്യ സുജാത തുടങ്ങിയവര്‍ക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഐ റാഞ്ചി, പുരി എന്നിവിടങ്ങളില്‍ ആര്‍സിടിസിക്ക് കീഴിലുള്ള ബിഎന്‍ആര്‍ ഹോട്ടലുകളുടെ നടത്തിപ്പിനും വികസനത്തിനുമായി ടെണ്ടര്‍ ക്ഷമിച്ചിരുന്നു. എന്നാല്‍ സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നടപടികള്‍ പാലിക്കാതെ കരാര്‍ നല്‍കിയെന്നാണ് അഴിമതി ആരോപണം. ഇതിന് പ്രതിഫലമായി പട്‌നയില്‍ രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയെന്നും ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി ആരോപിച്ചിരുന്നു.

ലാലുവിനെതിരായ സിബിഐ നപടി രാഷ്ട്രീയ പകപോക്കലാണെന്ന് ആര്‍ജെഡി നേതൃത്വം ആരോപിച്ചു. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ആര്‍ജെഡി നേതാവ് മനോജ് ഝാ പറഞ്ഞു. ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിയെ ആയിരം കോടി രൂപയുടെ ബിനാമി കേസില്‍ ആദായനികുതി വകുപ്പ് കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here