വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഗവിയില്‍ പൊലീസ് എയിഡ് പോസ്റ്റ് വേണമെന്ന് ആവശ്യം

പത്തനംതിട്ട: വിനോദ സഞ്ചാരികളെക്കൂടാതെ വനംവകുപ്പിലെ ഉദ്യോഗസ്ഥരും തോട്ടം തൊഴിലാളികളും മറ്റുമായി ആയിരത്തഞ്ഞൂറോളം പേര്‍ താമസിക്കുന്ന ഗവിയില്‍ നിലവില്‍ പൊലീസ് സംവിധാനമൊന്നും ഇല്ല. ഗവിയില്‍ ആര്‍ക്കും എന്തും ചെയ്യാം ആരും ആരെയും നിയന്ത്രിക്കാനില്ല. കയ്യുക്കുള്ളവന്‍ കാര്യക്കാരനാണിവിടെ.

ഗവിയില്‍ ഒരു അതിക്രമം നടന്നാല്‍ 68 കിലോമീറ്റര്‍ അകലെയുള്ള ആങ്ങമൂഴിയില്‍ പ്രവര്‍ത്തിക്കുന്ന മൂഴിയാര്‍ പൊലീസെത്തണം ക്രമസമാധാനം നിയന്ത്രിക്കാന്‍. അപ്പോഴേക്കും അതിക്രമം നടത്തിയ ആള്‍ സുഖമായി രക്ഷപ്പെട്ടിട്ടുണ്ടാകും. മറ്റു ദേശങ്ങളില്‍ നിന്നും ഗവിയില്‍ വന്ന് താമസിച്ച് വരുന്നവരെ പറ്റി ദുരൂഹതകളാണുള്ളത്.

ഇങ്ങനെ താമസിച്ചുവന്നയാളാണ് കഴിഞ്ഞ ദിവസം തൊഴിലാളിയായ വീട്ടമ്മ അനി ശശിയെ അക്രമിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അനധികൃതമായി ക്വാര്‍ട്ടേര്‍സില്‍ താമസിക്കുകയായിരുന്ന റോയി മാത്യുവായിരുന്നു വീട്ടമ്മയെ അക്രമിച്ചത്. ഇയാള്‍ തോട്ടം തൊഴിലാളിയല്ല. ഗവിയില്‍ സ്ത്രീകള്‍ക്ക് നേരെ ഇതിനു മുമ്പും അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മൊബൈല്‍ ഫൊണ്‍ റേഞ്ച് സുഗമമല്ലാത്ത പ്രദേശം കൂടെയായതിനാല്‍ ഇവിടെ നിന്ന് വിവരങ്ങള്‍ കൈമാറുവാന്‍ പ്രയാസമാണ്. സംസ്ഥാന വനം വികസന കോര്‍പ്പറേഷന്റെ ഏലത്തോട്ടത്തിലെ തൊഴിലാളികളും കൊച്ചു പമ്പ സബ് സ്റ്റേഷനിലെ ജീവനക്കാരും വനംവകുപ്പിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 1500 ഓളം ആളുകള്‍ താസിക്കുന്ന ഗവിയില്‍ പൊലീസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തമാകാനുള്ള കാരണങ്ങളും ഇതൊക്കെയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here