
ദില്ലി: ഐഐടികളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി താത്കാലികമായി സ്‌റ്റേ ചെയ്തു. പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി നടപടി. ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് സംബന്ധിച്ച തീരുമാനം കോടതി വ്യക്തമാക്കുന്നത് വരെ പ്രവേശനം നടത്തരുതെന്നാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള കേസുകളും സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
ഐഐടികളിലേക്കുള്ള ഈ വര്‍ഷത്തെ ജെഇഇ അഡ്വാന്‍സ് പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏഴ് ചോദ്യങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു. ഹിന്ദി ചോദ്യപേപ്പറിലെ അച്ചടിപിശകിനെ തുടര്‍ന്നായിരുന്നു നടപടി. ഇതിനെതിരെ പ്രവേശന പരീക്ഷയെഴുതിയ ഐശ്വര്യ അഗര്‍വാള്‍ എന്ന വിദ്യാര്‍ത്ഥിനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഐഐടികളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി താത്കാലികമായി സ്‌റ്റേ ചെയ്തത്.
ഉത്തരമെഴുതാന്‍ ശ്രമിച്ചിരുന്നോ എന്ന് പോലും പരിഗണിക്കാതെ എല്ലാ പരീക്ഷാര്‍ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കിയതിലൂടെ റാങ്ക് പട്ടിക അട്ടിമറിക്കപ്പെട്ടുവെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു. ഈ വാദങ്ങള്‍ പരിഗണിച്ച് ജസ്റ്റിസ് ദീപക് മിശ്ര എഎം കാന്‍വില്‍ക്കര്‍ എന്നിവരുടെ ബെഞ്ചാണ് നിലവിലെ കൗണ്‍സിലിങ്ങും പ്രവേശന നടപടിയും തടഞ്ഞത്. ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് സുപ്രീംകോടതി നിലപാട് വ്യക്തമാക്കുന്നത് വരെ പ്രവേശനം നടത്തരുതെന്നാണ് നിര്‍ദേശം.
ഇതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള കേസുകളും സുപ്രീംകോടതി സ്‌റ്റേ ചെയ്തു. സമാനമായ പുതിയ ഹര്‍ജികള്‍ സുപ്രീംകോടതി നിലപാട് അറിയിക്കുന്നത് വരെ ഹൈക്കോടതികള്‍ സ്വീകരിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജെഇഇ അഡ്വാന്‍സ് പ്രവേശന പരീക്ഷയുടെ ഇത്തവണത്തെ റാങ്ക് പട്ടിക റദ്ദാക്കുന്നത് സംബന്ധിച്ച നിലപാടും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലത്തോട് നേരത്തെ കോടതി തേടിയിരുന്നു. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here