‘പവന്റെ നിറം, പ്രണയമിഴികള്‍, അംഗചലനങ്ങള്‍ സ്ത്രീയിലും മികച്ചത്’; വെല്ലുവിളികളെ അതിജീവിച്ച് ആദ്യ പുരുഷ ബെല്ലി ഡാന്‍സറായി എഹ്‌സാന്‍ ഹിലാല്‍

പവന്റെ നിറം. പ്രണയം വഴിഞ്ഞൊഴുകുന്ന മിഴികള്‍. അംഗചലനങ്ങള്‍ സ്ത്രീയിലും മികച്ച് നില്‍ക്കും. പറഞ്ഞ് വരുന്നത് ഇന്ത്യയിലെ ആദ്യത്തെ പുരുഷ ബെല്ലി ഡാന്‍സറിനെക്കുറിച്ചാണ്. മുംബൈ സ്വദേശി എഹ്‌സാന്‍ ഹിലാലിനെക്കുറിച്ച് കലകള്‍ക്ക് ലിംഗഭേദമമില്ല എന്ന് ഒന്നുകൂടെ ഓര്‍മ്മിപ്പിക്കുന്നു.

ബെല്ലി ഡാന്‍സില്‍ പ്രധാനമായും അംഗചലനങ്ങള്‍ക്കാണ് പ്രാമുഖ്യം. അതും സ്ത്രീകള്‍ക്ക് പോലും താളത്തില്‍ അരക്കെട്ട് ചലിപ്പിക്കാന്‍ കഠിന പരിശീലനം ആവശ്യമാണ്. പുരുഷനെ സംബന്ധിച്ച് ഇതൊരു വെല്ലുവിളിയുമാണ്. എന്നാല്‍ എല്ലാ വെല്ലുവിളികളേയും ഏറ്റെടുക്കുകയായിരുന്നു 22 വയസുകാരനായ എഹ്‌സാന്‍ ഹിലാല്‍.

എല്ലാ നൃത്തരൂപങ്ങളിലും പുരുഷന്മാര്‍ കൈ കടത്താറുണ്ട്. എന്നാല്‍ ബെല്ലി ഡാന്‍സ് പുരുഷന്മാര്‍ക്ക് വഴങ്ങുന്ന ഒന്നല്ല എന്നായിരുന്നു സങ്കല്‍പം. ഇവിടെ എല്ലാ സങ്കല്‍പങ്ങളും തിരുത്തുകയാണ് എഹ്‌സാന്‍ ഹിലാല്‍ എന്ന ഇന്ത്യക്കാരന്‍. സ്ത്രീയുടെ അഴകളവുകളിലൂടെയായിരുന്നു ബെല്ലി ഡാന്‍സ് ആസ്വാദ്യകരമായിരുന്നെങ്കില്‍ വശ്യത ഒട്ടും ചോരാതെയാണ് ഹിലാല്‍ ഈ ഇനം കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനിടെയാണ് എഹ്‌സാന്‍ തന്റെ സ്വപ്നമായ നൃത്തരംഗത്തേക്ക് കടന്നത്. ഫീസ് ഒടുക്കാന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ പണമുണ്ടാക്കാന്‍ കുട്ടികള്‍ക്ക് ട്യൂഷനെടുത്തു. വീട്ടുകാരോടും തന്നോട് തന്നെയും യുദ്ധം ചെയ്താണ് ബിലാല്‍ തന്റെ സ്വപ്നത്തിലേക്ക് നൃത്തം ചെയ്തത്.

പഴഞ്ചന്‍ സങ്കല്‍പങ്ങളെയെല്ലാം പൊട്ടിച്ചറിഞ്ഞ് ഹിലാല്‍ എത്തിയത് ലോകമറിയപ്പെടുന്ന ബെല്ലി ഡാന്‍സര്‍ എന്ന പദവിയിലേക്കായിരുന്നു. ബിബിസി ഹിലാലിനെക്കുറിച്ച് പ്രത്യേക പരിപാടി തന്നെ ഒരുക്കി.

കുട്ടിക്കാലത്ത് കോറിയോഗ്രാഫര്‍ ആകണമെന്നായിരുന്നു ഹിലാലിന്റെ ആഗ്രഹം. ഇതറിഞ്ഞ പിതാവ് അവനെ പരിഹസിച്ചു. തങ്ങള്‍ ആരേയും രസിപ്പിക്കാന്‍ ജനിച്ചവരല്ലെന്നും സ്വയം രസിക്കാന്‍ ജനിച്ചവരാണെന്നും അവനോട് പിതാവ് പറഞ്ഞു. ആഗ്രഹ പൂര്‍ത്തീകരണത്തിന് ആദ്യം കഥക്ക് പഠിച്ചു. പിന്നീട് ഫോക്ക് ഡാന്‍സ് പഠിച്ചെടുത്തു. അവസാനം ബെല്ലി ഡാന്‍സിലെത്തി. ബെല്ലി ഡാന്‍സ് പഠിച്ചതോടെ തന്റെ ജീവിതത്തില്‍ കാര്യമായ മാറ്റമുണ്ടായെന്ന് ഹിലാല്‍ പറയുന്നു. അഞ്ച് നേരവും നിസ്‌ക്കരിക്കുന്ന താന്‍ ബെല്ലി നൃത്തം അഭ്യസിച്ചതോടെ ഈശ്വരനിലേക്ക് കൂടുതല്‍ അടുത്തതായി ഹിലാല്‍ പറയുന്നു.

ബെല്ലി ഡാന്‍സ് തനിക്ക് ആത്മവിശ്വാസം പകരുന്നതായും തന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതായും ഹിലാല്‍ പറയുന്നു. തന്റെ പ്രേക്ഷകരോട് ഒന്നേ ആവശ്യപ്പെടുന്നുള്ളു ഹിലാല്‍, ആക്ഷേപം ചൊരിയാതിരിക്കുക. കുറച്ചെങ്കിലും ബഹുമാനം നല്‍കുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here