സാഗര്‍ ഹോട്ടലിലെ ഒളിക്യാമറ കേസ്; പ്രതിക്ക് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും; വിധി എട്ടു വര്‍ഷത്തിന് ശേഷം

കോഴിക്കോട്: കോഴിക്കോട് സാഗര്‍ ഹോട്ടലിലെ സ്ത്രീകളുടെ മൂത്രപുരയില്‍ മൊബൈല്‍ ഒളിക്യാമറ വെച്ച കേസില്‍ പ്രതിക്ക് മൂന്നു വര്‍ഷം തടവും 10000 രൂപ പിഴയും. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കൂരാച്ചുണ്ട് കല്ലാനോട് സ്വദേശി അഖില്‍ ജോസിനെ ഐടി നിയമപ്രകാരം ശിക്ഷിച്ചത്.

2010 മാര്‍ച്ച് 11നായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീകളുടെ മൂത്രപുരയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലാണ് എട്ടു വര്‍ഷത്തിന് ശേഷം വിധി വന്നത്. കേസിലെ പ്രതിയും ഹോട്ടലിലെ താല്‍ക്കാലിക ജീവനക്കാരനുമായിരുന്ന കോഴിക്കോട് കല്ലാനോട് സ്വദേശി അഖില്‍ ജോസിനെയാണ് കോടതി ശിക്ഷിച്ചത്. ഐടി നിയമപ്രകാരം മൂന്ന് വര്‍ഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ.

ഹോട്ടല്‍ ടോയ്‌ലറ്റില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ച സംഭവം അന്ന് ഏറെ വിവാദമായിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനിയാണ് സീലിംഗ് പാളില്‍ വെച്ച മൊബൈല്‍ ഫോണ്‍ കണ്ടത്. തുടര്‍ന്ന് കൂടെയെത്തിയ കൂട്ടുകാരികള്‍ക്കൊപ്പമെത്തി ഫോണ്‍ പരിശോധിച്ചപ്പോള്‍ ഓണ്‍ ചെയ്ത നിലയിലാണെന്ന് ബോദ്യമായി. പിന്നീട് ബന്ധുവിനെ വിളിച്ചു വരുത്തിയ ശേഷം പൊലീസില്‍ പരാതിപ്പെട്ടു.

പരാതിക്കാരിയുടെ ബന്ധുവിനെ ഹോട്ടലിലെത്തിയ പൊലീസ് മര്‍ദ്ദിച്ചതും സംഭവത്തിനൊപ്പം ഏറെ വിവാദമായിരുന്നു. പൊലീസ്, ക്യാമറ പരിശോധിച്ചതില്‍ നിന്ന് കൂടുതല്‍ പേരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി കണ്ടെത്തി. ഒരു മണിക്കര്‍ 38 മിനുട്ട് നേരം ടോയ്‌ലറ്റ് ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നു. പെണ്‍കുട്ടി സിറ്റി പൊലീസ് കമ്മീഷണറാിരുന്ന എസ് ശ്രീജിത്തിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ കേസെടുത്തതും അന്വേഷണം നടത്തി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News