മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം ഇന്ത്യയുടെ മതേതര മുഖം നഷ്ടപ്പെടുത്തിയെന്ന് ചെന്നിത്തല; ജനാധിപത്യ രാജ്യമെന്ന അന്തസ് മോദി പണയപ്പെടുത്തി

തിരുവനന്തപുരം: വംശഹത്യയുടെ ആഗോളവക്താക്കളായി ലോകത്തിനു മുന്നില്‍ നില്‍ക്കുന്ന ഇസ്രയേലുമായി ചങ്ങാത്തം കൂടാന്‍ അതേ മനസുള്ളവര്‍ക്കു മാത്രം കഴിയുന്ന കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരന്തരം ഇരകളാക്കപ്പെടുന്ന പാലസ്തീന്‍ ജനതയോട് ഐക്യപ്പെടുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് ഇതുവരെ മുന്നോട്ടുവച്ചത്. പാലസ്തീനെ ഭൂമുഖത്തു നിന്നും ഇല്ലാതാക്കുക എന്ന ലക്ഷ്യം മുഖ്യ അജണ്ടയാക്കിയ ഇസ്രായേല്‍ സയണിസ്റ്റ് പ്രവര്‍ത്തനത്തിന് സഹായകരമായ നടപടിയാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന അന്തസ് ഇസ്രായേലിന് മുന്നില്‍ പണയപ്പെടുത്തുകയാണ് മോദി ചെയ്യുന്നത്. സംഘപരിവാറിന്റെ വിഷലിപ്തമായ ആശയങ്ങളും സയണിസ്റ്റ് തീവ്രവാദവും കൂടി വിളക്കി ചേര്‍ക്കുമ്പോള്‍ മതേതര ഇന്ത്യയുടെ മുഖമാണ് നഷ്ട്ടപ്പെടുത്തുന്നത് എന്ന് മോദി തിരിച്ചറിയണം.

ചേരിചേരാ രാജ്യങ്ങളിലെ യുവജന സംഘടനകളുടെ സമ്മേളനത്തില്‍ യാസര്‍ അറാഫത് പങ്കെടുത്തത് തനിക്കിന്നും ആവേശകരമായ ഓര്‍മയാണെന്ന് അന്ന് യൂത്ത് കോണ്‍ഫറന്‍സിന്റെ സെക്രട്ടറി ജനറല്‍ കൂടിയായിരുന്ന ചെന്നിത്തല അനുസ്മരിച്ചു.

സമാധാനത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ചു പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചാണ് അന്ന് സമ്മേളനം ആരംഭിച്ചത്. ഇന്ത്യ തുടര്‍ന്ന് വന്ന സമാധാനത്തിന്റെ ചങ്ങലയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇസ്രായേല്‍ സന്ദര്‍ശനത്തോടെ ഇല്ലാതാകുന്നത്. ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹവുമായി വിലപിക്കുന്ന മാതാപിതാക്കളെയാണ് പാലസ്തീന്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിവരുന്നത്.

ആക്രമിക്കപ്പെടുന്ന പാലസ്തീന്‍ അനുകൂല നിലപാട് മുറുകെ പിടിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News