
തൃശൂര്‍: പറമ്പിക്കുളം ആളിയാര്‍ പദ്ധതിയുടെ കരാര്‍ വ്യവസ്ഥകള്‍ തമിഴ്‌നാട് ലംഘിക്കുന്നതു മൂലം കേരളത്തിന് കിട്ടേണ്ട ജലലഭ്യതയില്‍ വലിയ കുറവുണ്ടാകുന്നുവെന്ന് ആരോപണം. നാല്‍പ്പത്തിയേഴ് വര്‍ഷത്തെ ചരിത്രത്തിനിടെ ഏറ്റവും കുറവ് ജലമാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. കേരളത്തിന്റെ വിഹിതം ഉറപ്പു വരുത്തിയ ശേഷം മാത്രമെ തമിഴ്‌നാടിന് വെള്ളം കൊണ്ടുപോകാന്‍ അവകാശമുള്ളു എന്ന വ്യവസ്ഥയാണ് അട്ടിമറിക്കപ്പെടുന്നത്.
കരാര്‍ പ്രകാരം പത്തൊന്‍പതിനായിരത്തി അഞ്ഞൂറ്റിയെണ്‍പത് ദശലക്ഷം ഘനയടി ജലം കേരളത്തിന് ലഭ്യമാക്കിയ ശേഷം മാത്രമെ തമിഴ് നാടിന് വെള്ളമെടുക്കാന്‍ അവകാശമുള്ളു. എന്നാല്‍ കഴിഞ്ഞ മാസം മുപ്പതിന് അവസാനിച്ച 2016-17 ജലവര്‍ഷത്തില്‍ ഷോളയാറിലും മണക്കടവിലുമായി കേരളത്തിന് ലഭിച്ചത് പന്ത്രണ്ടായിരത്തി അഞ്ഞൂറ്റി എണ്‍പത്തിരണ്ട് ദശലക്ഷം ഘനയടി ജലം മാത്രമാണ്. കരാര്‍ ലംഘിച്ച് തമിഴ്‌നാട് വെള്ളം കൊണ്ടു പോയതിനു പുറമെ മഴ കുറഞ്ഞതും കേരളത്തിന് തിരിച്ചടിയായി.
കൃഷിയെയും വൈദ്യുതി ഉല്‍പാദനത്തെയും ജലലഭ്യതയുടെ കുറവ് സാരമായി ബാധിച്ചു. ഷോളയാറില്‍ 76 ദശലക്ഷം യൂണിറ്റ്, പെരിങ്ങല്‍കുത്തില്‍ 44 ദശലക്ഷം യൂണിറ്റ് എന്നിങ്ങനെയാണ് വൈദ്യുതി ഉത്പാദനത്തിലെ കുറവ്. യൂണിറ്റിന് നാല് രൂപ കണക്കാക്കിയാല്‍ സംസ്ഥാനത്തിന്റെ നഷ്ടം 48 കോടി രൂപയാണ്. കര്‍ഷകര്‍ക്കുണ്ടായ നഷ്ടത്തില്‍ കൃത്യമായ കണക്കില്ല.
ഈ കാലയളവില്‍ ഉണ്ടായ നഷ്ടങ്ങള്‍ക്കുള്ള പരിഹാരം തമിഴ്‌നാടില്‍ നിന്ന് ഈടാക്കണമെന്ന് ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറവും പറന്പിക്കുളം ആളിയാര്‍ വാട്ടര്‍ യൂസേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here