ശ്രീറാമിന് നല്‍കിയത് സ്ഥാനകയറ്റം തന്നെ; രേഖകളില്‍ അക്കാര്യം വ്യക്തം; സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം; വാര്‍ത്ത വളച്ചൊടിച്ചത് അറിവുകേട് കൊണ്ടോ?

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് സര്‍ക്കാര്‍ നല്‍കിയത് സ്ഥാനകയറ്റം അല്ല, മറിച്ച് സ്ഥലംമാറ്റം തന്നെയെന്ന നിലയില്‍ പ്രചരിച്ച വാര്‍ത്ത അടിസ്ഥാനരഹിതം. മുന്‍പ് ഇറങ്ങിയ സമാനമായ സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് കാണുക.

ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ സ്ഥലംമാറ്റിയെന്ന നിലയിലാണ് രേഖകള്‍ പ്രചരിപ്പിച്ചത്. അതിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ കോപ്പിയായിരുന്നു. ഈ ഉത്തരവില്‍ സ്ഥാനകയറ്റത്തിന് പകരം സ്ഥലമാറ്റിയതായി കാണിച്ചതാണ് തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിച്ചത്.

എന്നാല്‍ വസ്തുത ഇതല്ല. ശ്രീറാമിന്റെ ബാച്ചുകാരിയും മുന്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുമായ ഹരിത വി കുമാറിനെ പഞ്ചായത്ത് ഡയറക്ടറായി സ്ഥാനകയറ്റം നല്‍കിയ ഉത്തരവിന്റെ തലക്കെട്ടിലും Transfer and Posting of IAS Officers എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്.

അഡീഷണല്‍ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി സ്ഥാനകയറ്റം നല്‍കിയപ്പോഴും Transfer and Posting of IAS Officser എന്നു തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


2011 ബാച്ചുകാരനായ മീര്‍ മുഹമ്മദലി സബ് കലക്ടറായിരിക്കെ സര്‍വ്വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ബ്യൂറോ ഡയറക്ടറാക്കിയപ്പോഴും സമാനമായ ഉത്തരവാണ് പുറപ്പെടുവിച്ചത്. കാര്‍ത്തികേയനെ തിരുവനന്തപുരം സബ് കലക്ടര്‍ സ്ഥാനത് നിന്ന് സ്ഥാനകയറ്റം നല്‍കി ഹൗസിംഗ് കമീഷണറാക്കിയപ്പോഴും ശ്രീറാം സദാശിവ റാവുവിനെ സബ് കലക്ടര്‍ സ്ഥാനത്ത് നിന്ന് ഐടി മിഷന്‍ ഡയറക്ടറാക്കിയപ്പോഴും ഗോപാലകൃഷ്ണനെ സബ് കലക്ടര്‍ സ്ഥാനത്ത് നിന്ന് സര്‍വ്വേ ഡയറക്ടറാക്കിയപ്പോഴും സമാനമായ ഉത്തരവ് തന്നെയാണ് പൊതുഭരണ വകുപ്പ് ഇറക്കിയത്.

അന്നൊന്നും ഉണ്ടാവാകാത്ത വിവാദം പെട്ടെന്ന് ഉണ്ടായത് വാര്‍ത്ത അവതരിപ്പിച്ച സോഷ്യല്‍മീഡിയ ആക്ടിവസ്റ്റുകളുടെ അജ്ഞതയാവാനാണ് സാധ്യത. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനകയറ്റം ഗ്രേഡ് പ്രെമോഷന്‍ ആണെന്നിരിക്കെ ശ്രീറാമിന് ലഭിച്ചത് സ്ഥാനകയറ്റം തന്നെയാണ്. സബ് കലക്ടറായിരുന്നവര്‍ എല്ലാവരും കലക്ടറായെങ്കില്‍ മാത്രമേ സ്ഥാനകയറ്റം ലഭിച്ചതായി കണക്കാക്കൂയെന്ന പൊതുബോധമാണ് ഈ പ്രചരണത്തിന്റെ കാതല്‍. ഇത് മറച്ചുവച്ച് സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളും സോഷ്യല്‍മീഡിയ ആക്ടിവസ്റ്റുകളും കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News