ലാലു പ്രസാദിന്റെ മകളുടെ വീടുകളില്‍ റെയ്ഡ്; രാഷ്ട്രീയ വേട്ടയാണന്ന് ലാലു

ദില്ലി: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. റെയില്‍വേ ടെന്‍ഡറിലെ തിരിമറി കേസിലാണ് റെയ്ഡ്.

അതേസമയം, സിബിഐ നടപടിയുടെ പശ്ചാത്തലത്തില്‍ ബീഹാറിലെ രാഷ്ട്രിയ സമവാക്യങ്ങളിലും മാറ്റം വരുന്നു. നിധീഷ് കുമാര്‍ ലാലുവുമായുള്ള സഖ്യമുപേക്ഷിച്ച് എന്‍ഡിഎയിലേയ്ക്ക് മടങ്ങുമെന്ന് സംശയം ശക്തമാകുന്നു. എന്നാല്‍ റെയ്ഡിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വേട്ടയാണന്ന് ലാലുപ്രസാദ് പ്രതികരിച്ചു.

ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിനെ ഉപമുഖ്യമന്ത്രിയാക്കിയാണ് നിധീഷ്‌കുമാര്‍ ബീഹാര്‍ ഭരണം നിലനിറുത്തിയത്. റെയില്‍വേ ടെന്‍ഡറിലെ അഴിമതി കേസില്‍ ലാലുവും കൂടുംബവും കുടുങ്ങിയതോടെ മന്ത്രിസഭയില്‍ നിന്ന് ഉപമുഖ്യമന്ത്രിയെ നിധീഷ് ഒഴിവാക്കുമെന്ന് സൂചനകള്‍ പുറത്ത് വരുന്നു.

അങ്ങനെയെങ്കില്‍ ലാലുപ്രസാദ് യാദവ് മന്ത്രിസഭയുടെ പിന്തുണ പിന്‍വലിക്കും. ലാലുവിന്റെ പിന്തുണ ഇല്ലെങ്കില്‍ ഭരണം നിലനിറുത്താനാണ് പഴയ സഖ്യമായ എന്‍ഡിഎയിലേയ്ക്ക് നിധീഷ് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് നിധീഷ് അറിയിച്ചത് ലാലുവുമായുള്ള സഖ്യ ധാരണകള്‍ക്ക് വിരുദ്ധമായിരുന്നു.

ലാലുവിന്റെ വീട്ടില്‍ റെയ്ഡ് നടക്കുമെന്ന് നിധീഷിന് നേരത്തെ അറിയാമായിരുന്നുവെന്ന് ആര്‍ജെഡി നേതാക്കള്‍ക്ക് സംശയമുണ്ട്. കാരണം സിബിഐ റെയ്ഡിന് തൊട്ട് മുമ്പാണ് നിധീഷ് വിശ്രമിക്കാനെന്ന് പേരില്‍ പട്‌ന വിട്ട് 110 കിലോമീറ്റര്‍ ദൂരെയുള്ള രാജഗിറിലേയ്ക്ക് പോയിരുന്നു. ലാലുവിന് പിന്നാലെ മകള്‍ മിസാ ഭാരതിയുടെ ദില്ലിയിലെ വസതിയിലടക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. മിസയുടെ ഭര്‍ത്താവ് സഹിലേഷ് കുമാറും അഴിമതി കേസില്‍ ആരോപണവിധേയനാണ്. പ്രതിപക്ഷ പാര്‍ടികളെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി വേട്ടയാടുന്നുവെന്നാണ് റെയിഡിനെക്കുറിച്ച് ലാലുവിന്റെ പ്രതികരണം. സഖ്യം നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്നും ലാലു വ്യക്തമാക്കി.

അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ബീഹാറിലെത്തിയ പ്രതിപക്ഷ പാര്‍ടികളുടെ സ്ഥാനാര്‍ത്ഥിയായ മീരാകുമാര്‍ ലാലുവുമായുള്ള കൂടിക്കാഴ്ച്ച ഒഴിവാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News