‘മന്ത്രവാദം വിശ്വസിക്കല്ലേ’; പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നിന്ന് ഒരു ഡോക്ടറുടെ കുറിപ്പ്

ജീവന്‍ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ച് ഗൃഹനാഥന്റെ മൃതദേഹം മൂന്നുമാസം സൂക്ഷിച്ച് വച്ച അമ്മയുടെയും മക്കളുടെയും വാര്‍ത്ത രണ്ട് ദിവസം മുന്‍പാണ് പുറംലോകം അറിഞ്ഞത്. എന്നാല്‍ മരണശേഷം ഒരു ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഡോ.ജിനേഷ് പിഎസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ;

‘ജീവന്‍ വെയ്ക്കുമെന്ന പ്രതീക്ഷയില്‍ ഭാര്യയും മക്കളും മൃതദേഹത്തിന് മൂന്ന് മാസം കാവലിരുന്നു’ എന്ന വാര്‍ത്ത വായിച്ചിട്ട് അവിശ്വസനീയമായി തോന്നി. കാരണം മരണം സംഭവിച്ചാല്‍ താമസിയാതെ തന്നെ ജീര്‍ണ്ണിക്കല്‍ പ്രക്രിയ ആരംഭിക്കും. സാധാരണ ഗതിയില്‍ രഹസ്യമായി സൂക്ഷിക്കാന്‍ പ്രയാസമാണ്.

മരണത്തിന് ശേഷം ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയാല്‍ ഒരു പരിധിവരെയുള്ള അന്ധവിശ്വാസങ്ങളും അതുമൂലമുള്ള ചൂഷണങ്ങളും ഒഴിവാക്കാന്‍ സാധിക്കും.

ശ്വാസോച്ഛാസം രക്തയോട്ടം തുടങ്ങിയവ നിലക്കും എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. മരണം സംഭവിച്ചധികം താമസിയാതെ തന്നെ കൃഷ്ണമണി (Pupil) വികസിക്കും എന്നും അറിയാമല്ലോ. ജീവനോടെയുണ്ടോ മരിച്ചോ എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള സസ്‌പെന്‍ഡഡ് അനിമേഷന്‍ (Suspended animation) എന്ന അവസ്ഥയുണ്ട്. Apparent Death എന്നും വിളിക്കാറുണ്ടിതിനെ. ഹൃദയമിടിപ്പ്, ശ്വസനം തുടങ്ങിയ ജൈവ പ്രവര്‍ത്തനങ്ങള്‍ എല്ലാം തിരിച്ചറിയാനാവാത്തത്ര മന്ദീഭവിക്കുകയാണ്. വെള്ളത്തില്‍ മുങ്ങുക, കറണ്ടടിക്കുക, സൂര്യാഘാതമേല്‍ക്കുക തുടങ്ങിയ അവസരങ്ങളില്‍ ഇതുസംഭവിക്കാം. ചിലപ്പോള്‍ നവജാത ശിശുക്കളില്‍ വിശദീകരിക്കാനാവാത്ത കാരണങ്ങളാലും ഇതുസംഭവിക്കാം.

Algor Mortis: 98.6°F ആണ് ജീവനുള്ളപ്പോള്‍ ശരീര താപനില എന്നറിയാമല്ലോ. മരണത്തിന് ശേഷം ശരീര താപനില അന്തരീക്ഷ താപനിലക്ക് തുല്യമാകും.

Postmortem Calorictiy: എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മരണത്തിന് ശേഷം കുറച്ചുമണിക്കൂറുകള്‍ വരെ ശരീര താപനില കുറയില്ല. സൂര്യാഘാതം, ടെറ്റനസ്, കാഞ്ഞിരം വിഷബാധ, സെപ്റ്റിസീമിയ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മരണങ്ങളിലാണിങ്ങനെ സംഭവിക്കുക. ഇത്തരം മരണങ്ങളില്‍ ശരീരത്തിലെ ജൈവപ്രകൃയകളിലൂടെ കൂടുതല്‍ താപം ഉദ്പാദിപ്പിക്കുന്നുണ്ട്.

Postmortem Staining: ഗുരുത്വാകര്‍ഷണം മൂലം മൃതശരീരത്തിലെ രക്തം ശരീരത്തിന്റെ അടിഭാഗത്തേക്കൊഴുകുകയും ആ ഭാഗത്തെ ത്വക്കിന് നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. മരണം സംഭവിക്കുമ്പോള്‍ തന്നെ ഈ ഒഴുക്കാരംഭിക്കുന്നു. 2സെ.മി വ്യാസം മതിക്കുന്ന ഭാഗത്ത് ഈ നിറവ്യത്യാസം ഉണ്ടാവാന്‍ രണ്ടുമണിക്കൂര്‍ വേണ്ടിവരില്ല. എന്നാല്‍ ഇങ്ങനെയുണ്ടാകുന്ന പല ഭാഗങ്ങള്‍ സംയോജിച്ച് ശരീരത്തിന്റെ കീഴ്ഭാഗം ആകമാനം നിറവ്യത്യാസമുണ്ടാകാന്‍ 6 മണിക്കൂര്‍ വരെയെടുക്കാം. ശരീരം അതേ അവസ്ഥയില്‍ തുടര്‍ന്നാല്‍ 12 മണിക്കൂറിനകം സ്‌റ്റെയ്‌നിങ് കീഴ്ഭാഗത്ത് ഉറക്കുകയും ചെയ്യും. ഏകദേശ മരണസമയം കണ്ടുപിടിക്കാനും മരണ ശേഷം മൃതദേഹം മാറ്റിയിട്ടുണ്ടോ എന്നറിയാനും ചില സാഹചര്യങ്ങളില്‍ മരണ കാരണത്തിലേക്കുള്ള സൂചനകള്‍ ലഭിക്കുന്നതിനും പോസ്റ്റ് മോര്‍ട്ടം സ്‌റ്റെയ്‌നിങ് സഹായകമാകാറുണ്ട്. ഉദാഹരണമായി തൂങ്ങി മരിച്ച ഒരു ശരീരത്തില്‍ കൈകാലുകളുടെ താഴ്ഭാഗത്തായിരിക്കും ഈ നിറവ്യത്യാസം.

Primary Flaccidtiy: മരണം സംഭവിച്ചയുടനെ തന്നെ ശരീരത്തിലെ മാംസപേശികളുടെ മുറുക്കം ഇല്ലാതാവുകയും അവ തളരുകയും ചെയ്യും. കീഴ്ത്താടി താഴോട്ടാകുകയും സന്ധികള്‍ അയവുള്ളതാവുകയും ചെയ്യും. പേശികളിലെ എടിപി ക്ഷയിക്കുന്നത് വരെ ഈ തളര്‍ച്ച നീണ്ടുനില്‍ക്കും. ഈ അവസ്ഥയുടെ നല്ലൊരു പ്രദര്‍ശനമാണ് മൈക്കലാഞ്ചലോയുടെ പ്രശസ്ത ശില്പമായ പിയാത്ത.

Rigor mortis: മാംസപേശികളുടെ തളര്‍ച്ച മാറി കാഠിന്യം പ്രാപിക്കുന്ന അവസ്ഥയാണിത്. പേശികളിലെ എടിപി ശോഷിക്കുന്നതാണ് കാരണം. ശരീരത്തിലെ എല്ലാത്തരം പേശികളിലും റൈഗര്‍ ബാധിക്കും. വലുപ്പത്തില്‍ ചെറിയ കൂട്ടം പേശികളിലാണ് വ്യത്യാസം ആദ്യം തിരിച്ചറിയാനാകുക. ശരീരത്തില്‍ ആദ്യമായി ബാധിക്കുക ഹൃദയ പേശികളെയാണ്. ശരീരത്തിന് പുറത്താദ്യം ബാധിക്കുന്നത് കണ്‍പോളകളിലാണ്. തല മുതല്‍ പാദം വരെ ക്രമമായാണ് കാഠിന്യം കാണപ്പെടുക. തലയിലും കഴുത്തിലും 2 മണിക്കൂര്‍ കൊണ്ടും കൈകളില്‍ 4 മണിക്കൂര്‍ കൊണ്ടും കാലുകളില്‍ 6 മണിക്കൂര്‍ കൊണ്ടും റൈഗര്‍ ഉണ്ടാവും.

ബലം പ്രയോഗിച്ചാല്‍ സന്ധികളിലെ ഈ കാഠിന്യം ഇല്ലാതാക്കാം. ഒരിക്കല്‍ കാഠിന്യം ഇല്ലാതായാല്‍ വീണ്ടും രൂപപ്പെടില്ല. ബലം പ്രയോഗിച്ചില്ലെങ്കിലും ഈ കാഠിന്യം സ്വാഭാവികമായി ഇല്ലാതാവും. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ 18 മണിക്കൂര്‍ മുതല്‍ ഈ തളര്‍ച്ച ആരംഭിക്കും. ഏതാണ്ട് 36-48 മണിക്കൂര്‍ കൊണ്ട് ശരീരത്തിലെ സന്ധികളും പേശികളും പൂര്‍ണ്ണമായി തളരും. കാഠിന്യം രൂപപ്പെടുന്ന അതേ ക്രമത്തിലാണ് ഇതില്ലാതാവുന്നതും, അതായത് ഉച്ചിമുതല്‍ പാദം വരെ. ശൈത്യകാലത്ത് റൈഗര്‍ മോര്‍ട്ടിസ് കൂടുതല്‍ സാവകാശം മാത്രമേ ഇല്ലാതാവുകയുള്ളൂ.

Cadaveric Spasm: വളരെ വിരളമായി മാത്രം കാണുന്ന ഒരു പ്രക്രിയയാണിത്. മരണശേഷം സാധാരണയുണ്ടാവുന്ന തളര്‍ച്ച ഇല്ലാതെ ഒരു കൂട്ടം പേശികളില്‍ കാഠിന്യം അനുഭവപ്പെടുന്നു. അക്രമാസക്തമായ/തീക്ഷണമായ (Violent) മരണങ്ങളിലാണ് ഇത് കാണുക. ഉദാഹരണമായി തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്യുന്ന ആളുടെ കയ്യില്‍ തോക്ക് ബലമായി പിടിച്ചിരിക്കുന്നതായി കാണുക, മുങ്ങി മരിച്ചവരുടെ കയ്യില്‍ ചെടികളും മറ്റും ബലമായി പിടിച്ചിരിക്കുന്നതായി കാണുക തുടങ്ങിയവ.

സൂക്ഷ്മജീവികളുടെ, പ്രധാനമായും ബാക്ടീരിയകളുടെ പ്രവര്‍ത്തനം കൊണ്ട് മൃതദേഹം ജീര്‍ണ്ണിക്കാനാരംഭിക്കുന്നു. ശരീരത്തിലെ കലകളും കോശങ്ങളും അവയിലെ അന്നജവും കൊഴുപ്പും മാംസ്യവും മറ്റും ശിഥിലീകരിക്കുകയും ചെയ്യുന്നു. ഹൈഡ്രജന്‍ സള്‍ഫൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, അമോണിയ, മീഥേന്‍ തുടങ്ങിയ വാതകങ്ങള്‍ ശരീരത്തില്‍ ഉണ്ടാവുന്നു. കൂടുതലായും കുടലിലാണ് ഇതുണ്ടാവുന്നത്. വയറ്, വൃഷണ സഞ്ചി എന്നിവ വീര്‍ക്കുകയും മുഖം ചീര്‍ക്കുകയും നാക്ക് പുറത്തേക്കു തള്ളുകയും ചെയ്യുന്നത് ഈ വാതകങ്ങള്‍ ഉണ്ടാവുന്നതിനാലാണ്. ചൂടുകാലത്ത് 12 മണിക്കൂറിന് ശേഷം കുടലുകളില്‍ ഈ വാതകങ്ങള്‍ രൂപപ്പെടാനാരംഭിക്കും.

24-36 മണിക്കൂര്‍ സമയം കൊണ്ട് ഈ ഗ്യാസ് രൂപീകരണം മൂലം ശരീരം ചീര്‍ക്കുകയും നാക്കും കണ്ണും പുറത്തേക്ക് തള്ളുകയും ചെയ്യാം. ഈ മര്‍ദ്ദം മൂലം മൂക്കില്‍ നിന്നും വായില്‍ നിന്നും ചുവന്ന ദ്രാവകം പുറത്തേക്ക് വരികയും ചെയ്യാം. കൂടാതെ അഴുകുന്നതിന്റെ അസുഖകരമായ ഗന്ധവും ഉണ്ടാകാം. മരണത്തിന് 24 മണിക്കൂറിന് ശേഷം ശരീരത്തിലെ ചര്‍മ്മത്തില്‍ അവിടിവിടെയായി കുമിളകള്‍ രൂപപ്പെടുകയും ചര്‍മ്മം ഇളകുകയും കൈപ്പത്തിയിലെയും പാദത്തിലെയും കട്ടിയുള്ള ചര്‍മ്മഭാഗം വരെ ഇളകുകയും ചെയ്യും. 72 മണിക്കൂര്‍ കഴിയുന്നതോടെ തലമുടി തലയില്‍ നിന്നും വിട്ടുപോകാന്‍ തുടങ്ങും. കൂടാതെ ശരീരത്തിന്റെ നിറം മാറാന്‍ തുടങ്ങുകയും ചെയ്യും. ഏറ്റവും ആദ്യം നിറം മാറുന്നത് അടിവയറിന്റെ വലതുഭാഗത്തായിരിക്കും. മരണ ശേഷം ഏതാണ്ട് 18 മുതല്‍ ഈ ഭാഗത്ത് പച്ച നിറം ആകാന്‍ തുടങ്ങും. ബാക്ടീരിയകളാല്‍ സമ്പന്നമായ Caecumത്തോട് ചേര്‍ന്നിരിക്കുന്ന ഭാഗമായതിനാലാണിത്. കൂടുതല്‍ സമയം കഴിയുമ്പോള്‍ ശരീരം ആസകലം പച്ചനിറം ബാധിക്കുകയും അതുപിന്നീട് പച്ച കലര്‍ന്ന കറുപ്പാകുകയും ചെയ്യും.

Marbling: രക്തക്കുഴലുകളിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകള്‍ സൃഷ്ടിക്കുന്ന ഹൈഡ്രജന്‍ സള്‍ഫൈഡ് ഹീമോഗ്ലോബിന്‍ രൂപാന്തരം പ്രാപിച്ചുണ്ടായ Methemoglobinനുമായി കൂടിച്ചേര്‍ന്ന് Sulphmethemoglobin ഉണ്ടാവുന്നു. ബ്രാഞ്ചുകളായി പിരിയുന്ന രക്തക്കുഴലുകളില്‍ പച്ച നിറത്തിലുള്ള ഈ സംയുക്തം ഉള്ളതിനാല്‍ കാഴ്ചയില്‍ മാര്‍ബിള്‍ പോലെ തോന്നിക്കുന്നു. മരണത്തിന് 36 മണിക്കൂര്‍ ശേഷമേ മാര്‍ബ്ലിങ് ഉണ്ടാവുകയുള്ളൂ. തോള്‍, തുട, കൈകാലുകളുടെ പുറം ഭാഗം എന്നിവിടങ്ങളിലാണ് ആദ്യമായി കാണപ്പെടുക.

ഇതോടൊപ്പം തന്നെ ആന്തരാവയവങ്ങളും ജീര്‍ണ്ണിക്കും. പുരുഷന്മാരില്‍ പ്രൊസ്റ്റേറ്റ് ഗ്രന്ഥിയും (Prostate gland) സ്ത്രീകളില്‍ ഗര്‍ഭപാത്രവുമാണ് (Uterus) ഏറ്റവും അവസാനം അഴുകുന്ന ആന്തരാവയവങ്ങള്‍. 12 മണിക്കൂറിന് ശേഷം ശ്വാസനാളിയുടെയും (Larynx andt rachea) മഹാധമനിയുടെയും (Aorta) ഉള്‍വശം പിങ്ക് കലര്‍ന്ന ചുവപ്പുനിറമാകുന്നു. രണ്ട് ദിവസം കൊണ്ട് പ്ലീഹ (Spleen) കുഴമ്പുരൂപത്തിലാകാം. മരണത്തിന് 36 മണിക്കൂറിന് ശേഷം കരള്‍ (Liver) മൃദുവാകുകയും ശേഷം തേനീച്ചക്കൂട് (Honey-comb appearance) പോലെ ആവുകയും ചെയ്യും. ശ്വാസകോശം (Lungs) കുറച്ചുദിവസങ്ങള്‍ കൊണ്ട് ജീര്‍ണ്ണിച്ചു ചുരുങ്ങി ഒരു കറുത്ത പിണ്ഡമായി മാറും. തലച്ചോര്‍ 3 മുതല്‍ 5 ദിവസം കൊണ്ട് പച്ച കലര്‍ന്ന നരച്ച നിറത്തിലുള്ള ദ്രാവക രൂപത്തിലാവും. ഹൃദയം, വൃക്ക തുടങ്ങി ആന്തരാവയവങ്ങള്‍ എല്ലാം മൃദുവാകുകയും ജീര്‍ണ്ണിക്കുകയും ചെയ്യുന്നു. എന്നാല്‍ മൂത്രസഞ്ചി താരതമ്യേന സാവകാശം മാത്രമേ അഴുകുകയുള്ളൂ.

പുഴുക്കള്‍ അരിക്കുന്ന മൃതദേഹം കണ്ടിട്ടുണ്ടോ ? ഇതും ജീര്‍ണ്ണിക്കുന്നതിന്റെ ഭാഗമാണ്. ഉറുമ്പാണ് മൃതശരീരത്തില്‍ ആദ്യമായെത്താന്‍ സാധ്യതയുള്ള ഷഡ്പദം. മരണത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശരീരത്തില്‍ ഉറുമ്പിനെ കാണാറുണ്ട്. മരണത്തിന് ശേഷം അധികം താമസമില്ലാതെ തന്നെ ഈച്ചകളും മറ്റും മുട്ടയിടും. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ മുട്ടകളില്‍ നിന്നും പുഴുക്കള്‍ ഉണ്ടാവുകയും 36-48 മണിക്കൂര്‍ കൊണ്ട് അവ ശരീരത്തില്‍ ഇഴയുന്നത് കാണാന്‍ സാധിക്കുകയും ചെയ്യും. പല തരം ഈച്ചകളുടെ മുട്ടകളില്‍ നിന്നും പല സമയത്താണ് പുഴുക്കളുണ്ടാവുന്നത്. 10 ദിവസത്തിന് ശേഷമാണ് സാധാരണ ശരീരത്തില്‍ വണ്ടുകള്‍ കാണാനാവുക.

ശരീരം അസ്ഥികള്‍ മാത്രമായി മാറാന്‍ ഏതാണ്ട് ഒരു വര്‍ഷം വേണമെന്നാണ് മതിപ്പ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇതില്‍ വ്യത്യാസം ഉള്ളതായി കണ്ടിട്ടുണ്ട്. അന്തരീക്ഷ താപനില, അന്തരീക്ഷത്തിലെ ഈര്‍പ്പം, മൃതശരീരത്തിലെ വസ്ത്രം, ശരീരത്തിലെ കൊഴുപ്പിന്റെ അളവ്, മരണ കാരണം, ശരീരം സ്ഥിതിചെയ്യുന്നത് കരയിലോ വെള്ളത്തിലോ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ശരീരത്തിന്റെ ജീര്‍ണ്ണിക്കലിനെ ബാധിക്കുന്നു. വായു സഞ്ചാരം ഉള്ള സ്ഥലത്തായിരിക്കും ഏറ്റവും വേഗതയില്‍ ഇത് സംഭവിക്കുക. അതിന്റെ ഇരട്ടി സമയം കൊണ്ടേ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ശരീരത്തില്‍ അതേ വ്യത്യാസങ്ങള്‍ ഉണ്ടാവു. ആഴത്തില്‍ കുഴിച്ചിടുന്ന ശരീരങ്ങളില്‍ എട്ട് മടങ്ങ് സമയവും വേണം അതേ വ്യത്യാസങ്ങള്‍ ഉണ്ടാവാന്‍. തണുത്ത കാലാവസ്ഥയില്‍ ഈ വിവരിച്ചിരിക്കുന്ന ജീര്‍ണ്ണിക്കല്‍ പ്രക്രിയ എല്ലാം മന്ദഗതിയിലാവും. 4°C-ല്‍ താഴെയാണ് താപനിലയെങ്കില്‍ ശരീരത്തിനുണ്ടാകാവുന്ന വ്യത്യാസങ്ങള്‍ വളരെ കുറവായിരിക്കും, ഏതാണ്ട് തടയുന്നതിന് തുല്യം.

മതമോ ജാതിയോ ഈ പ്രക്രിയകളില്‍ മാറ്റങ്ങളുണ്ടാക്കില്ല. ഹോമമോ മാന്ത്രവാദമോ ഒന്നും ഈ പ്രക്രിയയില്‍ മാറ്റങ്ങളുണ്ടാക്കില്ല. മരണം ഒരു യാഥാര്‍ത്ഥ്യമാണ്. ജനിച്ചാല്‍ ഒരിക്കല്‍ മരണം സംഭവിക്കും. അസുഖങ്ങള്‍ ഉണ്ടായാല്‍ ശാസ്ത്രീയമായ ചികിത്സ നല്‍കുക എന്നതാണ് പ്രധാനം. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വളര്‍ച്ചയിലൂടെയുണ്ടായ ചില കണ്ടുപിടുത്തങ്ങള്‍ മൂലം ചില അസുഖങ്ങള്‍ വരുന്നത് തടയാനാകും, വാക്‌സിനുകളുടെ ഉപയോഗത്തിലൂടെ. ശരിയായ ചികിത്സയിലൂടെ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനാവും. അങ്ങിനെയാണ് മനുഷ്യ സമൂഹത്തിന്റെ ശരാശരി ആയുസ് പണ്ടത്തേതിനേക്കാള്‍ വര്‍ദ്ധിച്ചത്. പൗരാണികതയുടെ പേരില്‍ ഹോമവും മന്ത്രവാദവും പ്രോത്സാഹിപ്പിക്കപ്പെട്ടാല്‍ ആരോഗ്യ കാര്യങ്ങളിലും ഒരു തിരിച്ചുപോക്കുണ്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News