‘എന്നെ കരുവാക്കിയവര്‍ക്ക് അതിന്റെ ഫലം ലഭിച്ചിട്ടുണ്ട്; കൈയിലിരിപ്പിന്റെ ഫലം അവര്‍ അനുഭവിക്കുന്നു’; ആഞ്ഞടിച്ച് ഷൈന്‍ ടോം ചാക്കോ

മയക്കുമരുന്നു കേസില്‍ തന്നെ കരുവാക്കിയവര്‍ക്ക് അതിന്റെ ഫലം ലഭിച്ചിട്ടുണ്ടെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. അവരുടെ കൈയ്യിലിരിപ്പിന്റെ ഫലം അവര്‍ അനുഭവിക്കുന്നുവെന്നേയുള്ളൂയെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ടോം പറയുന്നു.


ഷൈനിന്റെ വാക്കുകള്‍ ഇങ്ങനെ:
 ‘ഒരിക്കലും ഞാന്‍ ചിന്തിച്ചതല്ല ഇങ്ങനെ ഒരു കൊക്കെയിന്‍ കേസ് ഉണ്ടാകുമെന്ന്. പക്ഷേ, അന്നും ഞാന്‍ തളര്‍ന്നില്ല. കാരണം, പെട്ടെന്നൊരു ദിവസം വെള്ളി വെളിച്ചത്തിലേക്ക് വന്നതല്ല ഞാന്‍. വര്‍ഷങ്ങളോളം ഇതില്‍ നിന്ന് കഷ്ടപ്പാടുകള്‍ അറിഞ്ഞു തന്നെയാണ് വളര്‍ന്നത്.’

‘രണ്ടുമാസം കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കഥയൊന്നുമല്ല അന്ന് സംഭവിച്ചത് എന്ന് ഞാന്‍ പറയുമ്പോള്‍ ഇപ്പോഴത്തെ ചില സംഭവങ്ങള്‍ പോലെ ആരെയാ വിശ്വസിക്കുക എന്നൊരു സംശയം തോന്നാം. ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കിയ കഥ പൊളിയുമെന്നല്ലാതെ വേറെ ഒന്നും നടക്കില്ല. പക്ഷേ, ഇപ്പോഴും കേസ് നടക്കുകയാണ്. കേസിന്റെ അവസാനം സത്യമെന്തെന്ന് എല്ലാവരും അറിയും. ആരു പറഞ്ഞതാണ് നുണ, ആര് പറഞ്ഞതാണ് സത്യം എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടും. ആ ഒരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു.’

‘ഞാനുമായി ആര്‍ക്കും ഒരു പ്രശ്‌നവുമില്ലായിരുന്നു. അതുകൊണ്ട് എന്നെ കുടുക്കിയാതാണെന്ന് പറയാനാവില്ല. വേറെ എന്തൊക്കെയോ പൊതുജനത്തില്‍ നിന്നു മറയ്ക്കാന്‍ വേണ്ടി എന്നെ കരുവാക്കുകയായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. അതിനുള്ള സൂചനകളും എനിക്ക് കിട്ടിയിട്ടുണ്ട്.’

‘പക്ഷേ, ആരെയും കുറ്റപ്പെടുത്തുവാനോ ചൂണ്ടിക്കാണിക്കുവാനോ എന്റെ കൈയില്‍ തെളിവൊന്നുമില്ല. അതുകൊണ്ട് അതിനു നില്‍ക്കുന്നില്ല. ആര്‍ക്കു വേണ്ടിയാണോ അത് ചെയ്തത് അതിന്റെ ഫലം അവര്‍ക്ക് കിട്ടിയിട്ടുണ്ട്. കിട്ടിയവര്‍ അത് മനസ്സിലാക്കിക്കൊള്ളട്ടെ. ഞാനതിന്റെ പുറകെ പോകുന്നില്ല, കാരണം അതല്ല എന്റെ ജോലി. അത് ദൈവത്തിന്റെ ശിക്ഷയൊന്നുമല്ല. അവരുടെ കൈയ്യിലിരിപ്പിന്റെ ഫലം അവര്‍ അനുഭവിക്കുന്നുവെന്നേയുള്ളൂ.’

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here