‘ഇന്ത്യന്‍ മുസ്ലിങ്ങള്‍ എന്തിന് പാകിസ്ഥാനിലേക്ക് പോകണം; ഇന്ത്യ ഞങ്ങളുടേയും മാതൃരാജ്യം’: ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയ പെഹ്‌ലു ഖാന്റെ മകന്‍ ഇര്‍ഷാദ്

ദില്ലി: വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും മതത്തിന്റെ പേരില്‍ ആളുകളെ ഭിന്നിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ മുസ്ലിങ്ങള്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് ഗോ സംരക്ഷകര്‍ ആവശ്യപ്പെടുന്നതെന്ന് ഗോ സംരക്ഷകരുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട പെഹ്‌ലു ഖാന്റെ മകന്‍ ഇര്‍ഷാദ് ഖാന്‍.

ഇവരാണ് ആള്‍ക്കൂട്ട ആക്രമണം നടത്തുന്നതെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതെന്നും ഇര്‍ഷാദ് ഖാന്‍ പറയുന്നു. ക്ഷീര കര്‍ഷകനായ പിതാവിനെ ആക്രമിച്ച് കൊന്ന കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് രാജസ്ഥാനിലെ സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതികള്‍ രക്ഷപ്പെട്ടാല്‍ കോടതിക്ക് മുന്നില്‍ ആത്മാഹൂതി നടത്തുമെന്നും ഇര്‍ഷാദ് ഖാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഹിന്ദുക്കളും മുസ്ലിങ്ങളും സമാധാനത്തോടെ ജീവിക്കരുതെന്ന് ആഗ്രഹിക്കുന്ന ദുഷ്ടശക്തികളാണ് പ്രകോപനമുണ്ടാക്കുന്നത്. ക്ഷീരകര്‍ഷകനായ പിതാവിന്റെ പക്കല്‍ രേഖകളെല്ലാമുണ്ടായിരുന്നിട്ടും ആക്രമിക്കപ്പെട്ടു. ഏപ്രില്‍ ഒന്നിന് വാനില്‍ കന്നുകാലികളെ കൊണ്ടുപോകുമ്പോഴാണ് ആല്‍വാറില്‍ വെച്ച് ഒരു സംഘം ഗോ സംരക്ഷകര്‍ പശുവിനെ കടത്തിയെന്നാരോപിച്ച് മക്കളായ ഇര്‍ഷാദിന്റെയും ആരിഫിന്റെയും മുന്നിലിട്ട് പെഹ്‌ലു ഖാനെ (55) മര്‍ദിച്ചത്. ഗുരുതരമായി പരുക്കേറ്റ പെഹ്‌ലു ഖാന്‍ രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയിലാണ് മരിച്ചത്.

സര്‍ക്കാര്‍ നടപടികള്‍ ശക്തമല്ലാത്തതുകൊണ്ടാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നത്. ജനിച്ചുവീണ നാടാണിത്, ഇത് ഞങ്ങളുടെ കൂടെ നാടാണിത്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവന്‍ ത്യജിച്ചവരില്‍ ഞങ്ങളുടെ പ്രപിതാക്കളുമുണ്ട്. എന്നിട്ടും ഇവിടെ ജനിച്ചുവീണ മുസ്ലിങ്ങള്‍ മാത്രം ദേശ സ്‌നേഹവും അഖണ്ഡതയും തെളിയിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. എന്തുവന്നാലും ഇന്ത്യന്‍ മുസ്ലിങ്ങള്‍ പാകിസ്ഥാനിലേക്ക് പോകില്ലെന്നും ഇന്ത്യ തങ്ങളുടേയും മാതൃരാജ്യമാണെന്നും ഇര്‍ഷാദ് ഖാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News