കോഴിക്കോട്-മുക്കം റൂട്ടില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; നടപടിയില്ലാത്തതില്‍ പ്രതിഷേധവുമായി യാത്രക്കാര്‍

കോഴിക്കോട്: കോഴിക്കോട് പാളയം സ്റ്റാന്‍ഡില്‍ നിന്ന് മുക്കത്തേക്ക് ടിക്കറ്റെടുക്കുമ്പോള്‍ വല്ല ജീവന്‍ സുരക്ഷാ പദ്ധതിയിലും അംഗങ്ങളാവേണ്ട ഗതികേടിലാണ് യാത്രക്കാര്‍. ജീവന്‍ മരണപോരാട്ടം നടത്തിയാണ് പലരും ലക്ഷ്യസ്ഥാനത്ത് ബസ്സിറങ്ങുന്നത്. കൂടുതല്‍ പേര്‍ ബസ്സില്‍ യാത്രക്കാരായി ഉണ്ടാകുന്ന രാവിലെയും വൈകിട്ടുമാണ് കോഴിക്കോട് മുക്കം റൂട്ടില്‍ ബസ്സുകളുടെ മത്സരയോട്ടം.

ഓഫീസും സ്‌കൂളും തുറക്കുന്നതും അടയ്ക്കുന്നതുമായ ഈ സമയത്ത് റോഡിലും സാമാന്യം നല്ല തിരക്കായിരിക്കും. ഇതിനിടെയില്‍ മഴയെങ്ങാനും പെയ്ത് ഗതാഗത കുരുക്ക് ഉണ്ടായാന്‍ പിന്നെത്തെ കഥ പറയണ്ട. പാളയത്ത് നിന്നും എം എം അലി റോഡ് വഴി സ്‌റ്റേഡിയം ജംഗ്ക്ഷനിലെ ബ്ലോക്കും കഴിഞ്ഞ് വന്നും വേണം പുതിയസ്റ്റാന്‍ഡ് പരിസരത്തെ ആളെ കയറ്റാന്‍. ആളെ കയറ്റി മുന്നോട്ടെടുക്കും മുമ്പേ തന്നെ നന്തിലത്ത് ജംഗ്ക്ഷനിലെ ബ്ലോക്കിലെ വരിയില്‍ എത്തിയിട്ടുണ്ടാകും. അവിടുന്ന് 2 കിലോമീറ്റര്‍ തികച്ചും ഓടണ്ട കോട്ടൂളിയിലെ ബ്ലോക്കിലേക്ക് ഊളിയിടാന്‍. കോട്ടൂളി കടന്നു കിട്ടിയാല്‍ നേരെ ചെന്ന് ചാടുന്നത് തൊണ്ടയാട് ബൈപ്പാസിലെ നീണ്ട ബ്ലോക്കിലേക്ക്. ചുരുക്കി പറഞ്ഞാല്‍ പാളയം മുതല്‍ തൊണ്ടയാട് ജംഗ്ക്ഷന്‍ വരെ 5 കിലോമീറ്റര്‍ ഓടാന്‍ ചുരുങ്ങിയത് അര മണിക്കൂര്‍ വേണം.

ഈ സമയ നഷ്ടം ലാഭത്തിലാക്കാനുള്ള ഓട്ടമാണ് പിന്നീട് മുക്കത്ത് എത്തുന്നത് വരെ. തൊണ്ടയാട് സിഗ്‌നല്‍ കഴിഞ്ഞാല്‍ ഡ്രൈവറുടെ ഒരു കൈ ഹോണിലാണ്. ഹോണടിച്ച് മറ്റു വാഹനങ്ങളെ വകഞ്ഞുമാറ്റി നിലം തൊടാതെയുള്ള ഓട്ടം. മുക്കത്ത് എത്തുന്നതു വരെ ചെറുതും വലുതുമായി 29 ബസ് സ്‌റ്റോപ്പ്, 1 ബസ് സ്റ്റാന്‍ഡ്. ആളെ കയറ്റിയാ കയറ്റി. ഇറക്കിയാലിറക്കി.

ഇതൊക്കെ ഡ്രൈവര്‍മാരുടേയും ക്ലീനര്‍മാരുടേയും മനോഗതം പോലെയാണ്. മുന്നില്‍ പോകുന്ന ബസ്സുമായി കൃത്യമായ സമയം അകലം പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും പരസ്പരം ഫോണിലൂടെ വിനിമയം നടത്തിയാണ് ക്ലീനര്‍മാര്‍ ഡ്രൈവര്‍മാര്‍ക്ക് വിവരം നല്‍കുന്നത്. ഇതനുസരിച്ച് വേഗത കൂടുകയും കുറയുകയും ചെയ്യും. ഈ പറഞ്ഞതെല്ലാം സ്ഥിരം സംഭവങ്ങളായതിനാല്‍ യാത്രക്കാരും ബസ്സുകാരും നിരന്തരം ബഹളം പതിവാണ്.

ട്രാഫിക് പൊലീസ് ഡ്യൂട്ടിയിലുള്ള 6 ജംഗ്ഷനുകളും 2 പൊലീസ് സ്‌റ്റേഷനും കടന്നുവേണം പാളയത്തു നിന്നും മുക്കത്ത് എത്താന്‍. നിയന്ത്രിക്കേണ്ട ഇവരാരും കര്‍ശന നടപടി കൈകൊള്ളാതിരിക്കുന്നിടത്തോളം തോന്നിയ പോലെയാണ് ബസുകളുടെ മത്സരയോട്ടം. അമിത വേഗതയിലെത്തിയ ബസ് മറിഞ്ഞ് തൊണ്ടയാട് ജംഗ്ഷനില്‍ അപകടമുണ്ടായിട്ട് ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളു. ഇത്തരം അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും സ്വകാര്യ ബസ്സുകള്‍ക്കെതിരെ വേണ്ടത്ര നടപടിയുണ്ടാകുന്നില്ലെന്ന് യാത്രക്കാര്‍ പരാതി പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here