തള്ളെന്ന് പറഞ്ഞാന്‍ ഒരു മയത്തിലൊക്കെ വേണ്ടേ!!! ഇതിച്ചിരി കടന്ന കൈയായി പോയി. മനുഷ്യര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയായി ആടിന്റെ തലയും മനുഷ്യന്റെ ഉടലുമായി വാഴാനി വനമേഖലയില്‍ ഒരു ഭീകര ജീവി. വനം വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞതെന്ന പേരില്‍, ചിത്രങ്ങള്‍ സഹിതമാണ് വടക്കാഞ്ചേരി ഭാഗത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ കഥ പ്രചരിച്ചത്.
വനം വകുപ്പ് ഉദ്യോഗസ്ഥനാണെന്നും പേര് ഷാഹുല്‍ ഹമീദ് എന്നാണെന്നും വ്യക്തമാക്കി ഒരു ഓഡിയോ ക്ലിപ്പും ചേര്‍ന്നാണ് ഇന്നലെ മുതല്‍ പ്രചാരണം. ഭീകര ജീവിയെ കണ്ടതോടെ വിവരം നാട്ടുകാരെ അറിയിക്കാതെ ഉറക്കം വരാത്ത രീതിയിലായിരുന്നു ‘ഉദ്യോഗസ്ഥന്റെ’ സംസാരം.
കേട്ടാല്‍ കൊല തള്ളാണെന്ന് മനസിലാകുമെങ്കിലും കിട്ടിയവര്‍ കിട്ടിയവര്‍ ഒന്നും നോക്കാതെ ഗ്രൂപ്പുകളിലേക്ക് പെടച്ചു. കഥ കേട്ടിട്ട് ഇരിക്കപ്പൊറുതിയില്ലാതെ ഭാവനയില്‍ തോന്നിയതെല്ലാം ടൈപ്പ് ചെയ്തയച്ചും സംതൃപ്തി കണ്ടെത്തി നാട്ടുകാര്‍. കരക്കമ്പി നാട്ടില്‍ പരന്നതോടെ വടക്കാഞ്ചേരിക്കാര്‍ക്ക് നേരംപോക്കിന് വഴിയായി. കേട്ടതും കേള്‍ക്കാത്തതും തോന്നിയതും തോന്നാത്തതുമെല്ലാം നാട്ടിലെ കോതകള്‍ക്ക് മാത്രമല്ല സകലര്‍ക്കും പാട്ടായി. ഒരാളെ ആട് മനുഷ്യന്‍ ആക്രമിച്ച് അവശനിലയിലാക്കിയെന്നും വളര്‍ത്തു മൃഗങ്ങളെ കൊന്നു തിന്നുവെന്നും വെച്ച് കാച്ചിക്കളഞ്ഞു ചിലര്‍.
എന്നാല്‍ ഈ കഥകളെല്ലം വെറും പുളുവാണെന്നും ആടുമനുഷ്യന്‍ പോയിട്ട് പൂട പോലുമില്ലെന്നും ‘ശരിക്കും വനംവകുപ്പ് ഉദ്യോഗസ്ഥര്‍’ പറഞ്ഞു. ആട് മനുഷ്യനെ പറ്റി കഥ കാച്ചിയ ഷാഹുല്‍ ഹമീദ് തങ്ങളില്‍ പെട്ടവനല്ലെന്നും ഞങ്ങടെ കഥ ഇങ്ങനെയല്ലെന്നും അവര്‍ പറഞ്ഞു. പണ്ടെങ്ങോ നെറ്റില്‍ വന്ന ചിത്രം വീണ്ടും പ്രചരിപ്പിച്ചാണ് വടക്കാഞ്ചേരിക്കാരെ ‘ഷാഹുല്‍ ഹമീദ്’ പേടിപ്പിച്ചത്.
സത്യത്തില്‍ ആട് മനുഷ്യന്‍ ഇല്ലെന്നറിഞ്ഞതോടെ തള്ളുകഥയുമായി നടന്നവര്‍ ക്ഷീണത്തിലായി. വ്യാജ സന്ദേശം ഉണ്ടാക്കിയ ‘വനം വകുപ്പ് ഉദ്യോഗസ്ഥനെ’ കണ്ടെത്താന്‍ ശെരിക്കും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സൈബര്‍ സെല്ലിനു പരാതി നല്‍കി.
Get real time update about this post categories directly on your device, subscribe now.