‘അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, സുരക്ഷ സ്വയം ഉറപ്പാക്കണം’; ഇന്ത്യയിലെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ചൈന

ദില്ലി: ഇന്ത്യയിലുള്ള ചൈനീസ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ചൈന. ഇന്ത്യയിലെ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും സ്വയം സുരക്ഷ ഉറപ്പാക്കണമെന്നും ചൈന മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ചൈനയുടെ മുന്നറിയിപ്പ്.

സിക്കിം സെക്ടറിലെ ദോകല അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും നേര്‍ക്ക് നേര്‍ നില്‍ക്കുമ്പോഴാണ് സ്വന്തം പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ചൈന രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ അനാവശ്യയാത്രകള്‍ ഒഴിവാക്കണം. ഇന്ത്യയിലുള്ള ചൈനീസ് പൗരന്‍മാര്‍ ജാഗ്രത പാലിക്കണം. സ്വയം സുരക്ഷ ഉറപ്പാക്കണമെന്നും ദില്ലിയിലെ ചൈനീസ് എമ്പസി നല്‍കിയ മുന്നറിയിപ്പില്‍ എടുത്ത് പറയുന്നു. എന്നാല്‍ മുന്നറിയിപ്പില്‍ അസാധാരണമായതൊന്നും ഇല്ലെന്നാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക പ്രതികരണം.

ചൈനീസ് പൗരന്‍മാര്‍ക്ക് യാതൊരു തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളും ഇന്ത്യയില്‍ നേരിടേണ്ടി വരില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇന്ത്യ, ചൈന, ഭൂട്ടാന്‍ രാജ്യങ്ങള്‍ ഒന്നിക്കുന്ന ദോകല ഏരിയയില്‍ കഴിഞ്ഞ മൂന്നാഴ്ച്ചയായി സംഘര്‍ഷം നിലനില്‍ക്കുകയാണ്.

ഭൂട്ടാന്റെ കൈവശമുള്ള മേഖലയിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ ചൈന ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here