ശ്വാസനാളം മുതല്‍ രക്തക്കുഴലില്‍ വരെ 150 സൂചികള്‍; അതും സേഫ്റ്റി പിന്‍ മുതല്‍ ഇഞ്ചക്ഷന്‍ സൂചി വരെ; ഈ മനുഷ്യന്റെ ജീവിതം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

ശ്വാസതടസവും കഴുത്തില്‍ വേദനയുമായി ആശുപത്രിയിലെത്തിയ മധ്യവയസ്‌കന്റെ സി ടി സ്‌കാന്‍ ചിത്രങ്ങള്‍ കണ്ട ഡോക്ടര്‍മാര്‍ ഞെട്ടി. മുന്നിലിരിക്കുന്ന രോഗിയുടെ ശരീരത്തില്‍ പലയിടത്തായി 150 ഓളം സൂചികള്‍. തൊലിപ്പുറത്ത് മാത്രമായിരുന്നില്ല, സൂചികള്‍.

ശ്വാസനാളത്തിലും അന്നനാളത്തിലും വോക്കല്‍ കോഡിലും എന്തിന് സുപ്രധാന രക്തക്കുഴലില്‍ പോലും ഈ പിന്‍മാന്‍ സൂചികള്‍ തറച്ചിരുന്നു. അതും സേഫ്റ്റി പിന്‍ മുതല്‍ ഇഞ്ചക്ഷന്‍ സൂചി വരെ.

രാജസ്ഥാന്‍ കോട്ടയിലെ ബാര്‍ദയില്‍ നിന്നുള്ള ബദ്രിലാല്‍ മീണയെന്ന 56കാരനാണ് ആശുപത്രിയിലെത്തിയ ഈ അത്ഭുതമനുഷ്യന്‍. രോഗിയുടെ ശാരീരിക, മാനസികനില ബോധ്യപ്പെട്ട ഡോക്ടര്‍മാര്‍ രണ്ട് തവണ അടിയന്തര ശസ്ത്രക്രിയ ചെയ്‌തെങ്കിലും ജീവന് ഭീഷണിയുള്ള 92 സൂചികള്‍ മാത്രമാണ് നീക്കാനായത്. ചില സൂചികളാകട്ടെ നീക്കാനാകാത്ത സ്ഥിതിയിലാണ്.

ബദ്രിലാലിന്റെ കേസ് ചരിത്രം ഇങ്ങനെ. കാലുവേദനയും പ്രമേഹവുമായി ഏപ്രിലില്‍ ആശുപത്രിയിലെത്തിയ ബദ്രിയുടെ സി ടി സ്‌കാന്‍ റിപ്പോര്‍ട്ടില്‍ കണ്ടത് 75 സൂചികള്‍. ആറ് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കടുത്ത പ്രമേഹ രോഗിയായ ബദ്രിയുടെ സര്‍ജറിക്ക് ആരും തയ്യാറായില്ല.

ഏപ്രിലില്‍ നിന്ന് ജൂലൈയിലേക്ക് എത്തിയപ്പോള്‍ ശരീരത്തിനുള്ളിലെ സൂചികളുടെ എണ്ണം ബദ്രി 150 ആക്കി ഉയര്‍ത്തി. ശരീരത്തിന്റെ തൂക്കമാകട്ടെ 30 കിലോ കുറയുകയും ചെയ്തു. ഈ സൂചികള്‍ എങ്ങനെ ശരീരത്തിലെത്തുന്നുവെന്ന് തനിക്കറിയില്ലെന്നാണ് ബദ്രിയുടെ അവകാശവാദം. ഇതെപ്പോള്‍ നടക്കുന്നുവെന്ന് അറിയില്ലെന്ന് ഭാര്യയും മകനും പറയുന്നു.

ബദ്രിയുടെ കടുത്ത മനോരോഗ പ്രശ്‌നങ്ങളാണ് സൂചികുത്തിക്കയറ്റുന്നതിന് പിന്നിലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മനോനില പരിശോധിക്കാനായി റാം മനോഹര്‍ ലോഹ്യാ ആശുപത്രിയിലെത്തിച്ചെങ്കിലും അഡ്മിറ്റാകാന്‍ ബദ്രി വിസമ്മതിക്കുകയാണ്. തനിക്ക് രോഗമൊന്നുമില്ലെന്നാണ് ബദ്രിയുടെ നിലപാട്.

തലച്ചോറിലെത്തുന്ന അദൃശ്യ സന്ദേശങ്ങളെ തുടര്‍ന്നാകാം ബദ്രിലാല്‍ ശരീരത്തില്‍ സൂചി തറയ്ക്കുന്നതെന്ന് ആശുപത്രിയിലെ മനോരോഗ വിഭാഗം മേധാവി ഡോ. സ്മിതാ ദേശ്പാണ്ഡെ പറയുന്നു. ഇത്തരം സന്ദേശത്തെ തുടര്‍ന്ന് സ്വന്തം വൃഷണങ്ങള്‍ മുറിച്ചുമാറ്റിയ വ്യക്തിയെയും സുഹൃത്തിനെ കൊന്ന വ്യക്തിയെയും ചികിത്സിച്ചിട്ടുണ്ടെന്നും ഡോ. ദേശ്പാണ്ഡെ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News