മുല്ലപ്പെരിയാര്‍ അണക്കെട്ടിലേയ്ക്ക് വാഹനങ്ങള്‍ കടന്നു പോകാന്‍ വിധത്തില്‍ ഷട്ടര്‍ ഉയര്‍ത്തി വയ്ക്കാന്‍ ഉപസമിതി തമിഴ്‌നാടിന് നിര്‍ദ്ദേശം നല്‍കി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് വാഹനം ആന തകര്‍ത്തതിന്റെ പശ്ചാത്തലത്തിലാണ് അണക്കെട്ടിലേയ്ക്ക് വാഹനങ്ങള്‍ കടന്നു പോകാന്‍ വിധത്തില്‍ ഒരു ഷട്ടര്‍ ഉയര്‍ത്തി വയ്ക്കാന്‍ ഉപസമിതി തമിഴ്‌നാടിന് നിര്‍ദ്ദേശം നല്‍കിയത്.

കേരളത്തിന്റെ പ്രതിനിധിയായ ജോര്‍ജ് ദാനിയേലാണ് കാട്ടാന പോലീസ് ജീപ്പ് തകര്‍ത്ത വിഷയം യോഗത്തില്‍ ഉന്നയിച്ചത്. സമിതിയുടെ നിര്‍ദ്ദേശം അംഗീകരിച്ച തമിഴ്‌നാട് ജലനിരപ്പ് 136 അടിയില്‍ എത്തുന്നതു വരെ വാഹനം കടന്നു പോകുന്ന ഭാഗത്തെ ഒരു ഷട്ടര്‍ ഉയര്‍ത്തി വയ്ക്കാമെന്ന് ഉറപ്പ് നല്‍കി. ഇതിനു പുറമെ അണക്കെട്ടില്‍ നടത്തുന്ന അറ്റകുറ്റപണികള്‍ക്ക് ജലവിഭവ വകുപ്പ് എതിര്‍ത്ത്‌ നില്‍ക്കുന്നു എന്ന തമിഴ്‌നാടിന്റെ വാദം കേരളം എതിര്‍ത്തു.

തമിഴ്‌നാടിന്റെ ആക്ഷേപം തെറ്റെന്നു കാണിക്കുന്ന രേഖകളും ജോര്‍ജ് ദാനിയേല്‍ ഉപസമിതി ചെയര്‍മാനു കൈമാറി. തമിഴ്‌നാട് ഡാമിലേയ്ക്ക് സാധനം കൊണ്ടു പോകുന്നത് കടത്തിവിടണമെന്ന് ചൂണ്ടി കാട്ടി ജലവിഭവ വകുപ്പ് വനം വകുപ്പിന് നല്‍കിയ കത്തുകളുടെ പകര്‍പ്പാണ് കൈമാറിയത്. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഉപസമിതി അണക്കെട്ടില്‍ പരിശോധന നടത്തുന്നത്. ഉപസമിതി ചെയര്‍മാനായി വി.രാജേഷ് ചാര്‍ജെടുത്തതിന് ശേഷമുള്ള ആദ്യ പരിശോധനയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി സ്പില്‍വേ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. അണക്കെട്ടിലെ ജലനിരപ്പ് 112.3 അടിയും സ്വീപ്പേജ് സെക്കന്‍ഡില്‍ 23.741 ലിറ്ററുമാണ്. ഉപസമിതി ചെയര്‍മാന് പുറമെ കേരളത്തിന്റെ പ്രതിനിധിയായ ജോര്‍ജ് ദാനിയേല്‍, എന്‍എസ് പ്രസാദ്, തമിഴ്‌നാട് പ്രതിനിധികളായ റ്റി സുബ്രമണ്യന്‍, സാം ഇര്‍വിന്‍ എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News