ബി നിലവറ തുറക്കുന്നതില്‍ ചിലര്‍ ഭയപ്പെടുന്നതെന്തിന്; അവരെ സംശയിക്കണം; നിലവറ തുറക്കണമെന്നും വി എസ്

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. നിലവറ തുറക്കുന്നതിനെ എന്തിനാണ് ചിലര്‍ ഭയക്കുന്നതെന്നും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ചോദിച്ചു. ദേവഹിതം നേരിട്ട് ചോദിച്ച് മനസിലാക്കിയത് പോലെയാണ് ചില രാജകുടുംബങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്, നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നവരെ സംശയിക്കണം. മുന്‍പ് നിലവറ തുറന്നപ്പോള്‍ ദേവഹിതം ചോദിച്ചതായി ചരിത്രത്തിലില്ലെന്നും വിഎസ് പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തെ ബി നിലവറ തുറക്കണമെന്നും ആരുടേയും വികാരം അത് വൃണപ്പെടുത്തില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. നിലവറ തുറന്നില്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ദുരൂഹത ഏറുകയാണ് ചെയ്യുക. ബി നിലവറയിലെ വസ്തുക്കളുടെ കൃത്യമായ കണക്കെടുക്കണമെന്നും ക്ഷേത്രത്തിന്റെ മൂല്യനിര്‍ണയം സുതാര്യമായി നടക്കാന്‍ ഇത് അത്യാവശ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു. നിലവറ തുറക്കുന്നതിന് വിയോജിപ്പുമായി തിരുവിതാംകൂര്‍ രാജകുടുംബം രംഗത്തെത്തിയിരുന്നു. ഇതുവരെ തുറക്കാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിന് എതിരാണെന്ന വാദമുയര്‍ത്തിയായിരുന്നു രാജകുടുംബം എതിര്‍ത്തത്.

ക്ഷേത്രത്തിന്റെ നയപരമായ കാര്യങ്ങള്‍ ഭരണസമിതി തീരുമാനിച്ചാല്‍ മതിയെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. എട്ട് വജ്രാഭരണങ്ങള്‍ നഷ്ടപെട്ടത് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന അമിക്കസ് ക്യൂറിയുടെ ആവശ്യവും കോടതി തള്ളുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here