
മലപ്പുറം: മുസ്ലിം ലീഗിന്റെ യുവജന സംഘടനയായ യൂത്ത് ലീഗും മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തി രംഗത്തെത്തി. ഡി ജി പി സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തിയ പിണറായി സര്‍ക്കാരിന്റെ ആദ്യ തീരുമാനം പൂര്‍ണമായും ശരിയായിരുന്നെന്ന നിലപാടിലാണ് യൂത്ത് ലീഗിപ്പോള്‍.
സെന്‍കുമാറിന് വേണ്ടി അന്ന് ഘോര ഘോരം വാദിച്ച യൂത്ത് ലീഗും ഇപ്പോള്‍ അത് തെറ്റായിപോയെന്ന് പരസ്യമായി പറഞ്ഞു. സെന്‍കുമാറിനെ മാറ്റിനിര്‍ത്താനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം നൂറ് ശതമാനം ശരിയായിരുന്നെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് നജീബ് കാന്തപുരം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യൂത്ത് ലീഗ് അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഇനി ഏതു ചങ്ക് പറിച്ചാണ്
ഞങ്ങൾ കാണിക്കേണ്ടത്?
മുൻ ഡി.ജി.പി സെൻകുമാർ സമകാലിക മലയാളത്തിനു നൽകിയ അഭിമുഖം ഞെട്ടലോടെയും അതിലേറെ വേദനയോടെയുമാണ് വായിച്ചു തീർത്തത്. സമൂഹവുമായി ദീർഘ കാലം അടുത്തിടപഴകുകയും സാമൂഹ്യ സംവിധാനങ്ങളുടെ സൂക്ഷ്മ ചലനങ്ങൾ പോലും നിരീക്ഷിക്കുകയും ചെയ്യുന്ന ഒരുന്നത പോലീസ് മേധാവിയായി ഇരുന്ന ഒരാളുടെ അഭിപ്രായം എന്ന നിലയിൽ ഇത് പൊതുബോധത്തിലുണ്ടാക്കാനിടയുള്ള സ്വാധീനം വളരെ ആഴത്തിലുള്ളതാണ്.
കടുത്ത വർഗ്ഗീയ വാദികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ അഭിപ്രായ പ്രകടനം നടത്താൻ സെൻ കുമാറിനെ പ്രേരിപ്പിച്ചത് ഏത് ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് എന്ന് വിശദീകരിക്കാനുള്ള ബാധ്യത അദ്ധേഹത്തിനുണ്ട്.
ഇത്രയും വിഷലിപ്തമായ പരാമർശങൾ സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ എത്രമാത്രം ശക്തമായിരിക്കുമെന്ന് ഊഹിക്കാനുള്ള ബുദ്ധി ഒരു ഐ.പി. എസുകാരനുണ്ടാവുമെന്ന് കരുതാം.
അതു കൊണ്ട് കരുതിക്കൂട്ടി തന്നെയാണ് ഈ ആക്രമണം. പേറ്റു യന്ത്രങ്ങൾ കണക്കെ തീവ്രവാദികളെ ഉൽപ്പാദിപ്പിക്കാൻ വെമ്പൽ കൊള്ളുന്നവരായി നിങ്ങൾ ചിത്രീകരിച്ച ഈ ഉമ്മമാരുടെ മടിത്തട്ടിൽ നിന്നാണ് മിസ്റ്റർ ഞങ്ങൾ മനുഷ്യനെ സ്നേഹിക്കുന്നവനല്ലാതെ മുസ്ലിമാകാനാവില്ലെന്ന ആദ്യ പാഠം പഠിച്ചത്. അത് പ്രാക്ടിക്കൽ ക്ലാസെടുത്തത് അടുത്ത വീട്ടിലെ ഹിന്ദു സഹോദരനെ അടുത്തിരുത്തി ഒന്നിച്ച് ബിരിയാണി വിളമ്പിത്തന്നാണ്.
രാജ്യമാകെ ഇസ്ലാമോഫോബിയ പടർത്തി മുസ്ലിം കുട്ടികളെ ഗോ ജിഹാദികൾ പേപ്പട്ടികളെ പോലെ തല്ലിക്കൊല്ലുമ്പോഴും ഉറക്കെ യൊന്നു പൊട്ടിക്കരഞ്ഞാൽ പോലും തീവ്രവാദ മുദ്ര ചാർത്തുമോ എന്ന ഭീതിയിൽ തൊണ്ടയിൽ നിലവിളി കുടുങ്ങി പോയ ഒരു ജനതയാണിപ്പോൾ മുസ്ലിംകൾ. എന്നിട്ടും അവർ സമാധാനത്തിന്റെ വഴി വിട്ട് സഞ്ചരിച്ചിട്ടില്ല. എന്നിട്ടും ഒരു ഗോവാദിയെയും മരത്തിൽ കെട്ടിത്തൂക്കിയിട്ടില്ല .അതിന്റെ പേരിൽ ഒരു കലാപവും അരങേറിയിട്ടില്ല.
നിങ്ങൾ പറയുന്ന ഐ.എസിലേക്ക് ഇന്നുവരെ ഒരിന്ത്യൻ മുസ്ലിമും ചേരാത്തതിന്റെ കാരണവും അവരുടെ സമാധാന ബോധവും യഥാർത്ഥ ഇസ്ലാമിക വിശ്വാസവും കൊണ്ട് മാത്രമാണ്.
എത്രപേരുടെ മുമ്പിലാണ് ഇനിയും ഞങ്ങൾ ചങ്കു പറിച്ചു കാണിക്കേണ്ടത്? ഏതെല്ലാം ഏമാന്മാരുടെ കയ്യിൽ നിന്നാണ് മതേതര സർട്ടിഫിക്കറ്റ് കൈപറ്റേണ്ടത്?
സെൻ കുമാറിനോട് സവിനയം പറഞ്ഞു കൊള്ളട്ടെ..
ആർക്കോ വേണ്ടി കുരക്കുന്നത് സമാധാനത്തിന്റെ തുരുത്തിൽ കഴിയുന്ന മുസ്ലിം സഹോദരങ്ങളെ കൂടി പ്രകോപിപ്പിക്കാനാണെങ്കിൽ ആ വെള്ളം അടുപ്പത്ത് വെച്ചാ മതി. ഇത്തരം കെണികളിൽ വീഴാതിരിക്കാനുള്ള വിവേകം ഞങ്ങൾ ആർജ്ജിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്കെങ്കിൽ രണ്ട് ദിവസത്തേക്ക് താങ്കളെപ്പോലുള്ള ഒരു കൊടും വർഗ്ഗീയ വാദിയെ ഡി.ജി.പി കസേരയിൽ നിന്ന് മാറ്റിയിരുത്തിയ പിണറായിയായിരുന്നു ശരി എന്നു കൂടെ തിരിച്ചറിയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here