ടീം ഇന്ത്യയില്‍ പുതിയ പോര്‍മുഖം; ടി ട്വന്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട രഹാനെ ഗാംഗുലിയെ കൂട്ട് പിടിച്ച് പടയൊരുക്കത്തിന്

കിംഗ്സ്റ്റണ്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാശാലിയായ യുവതാരമാണ് അജിങ്ക്യ രഹാനെയെന്ന് പലവട്ടം തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്രിക്കറ്റ് ബുക്കിലെ ഷോട്ടുകളെല്ലാം കൈവശമുള്ള രഹാനെ നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ ടീം ഇന്ത്യക്ക് താങ്ങും തണലുമായിട്ടുണ്ട്. എന്നാല്‍ വിരാട് കോഹ് ലി ഇന്ത്യന്‍ നായകനായ ശേഷം പലപ്പോഴും അന്തിമ ഇലവനില്‍ രഹാനെയ്ക്ക് ഇടം കാണാനായിട്ടില്ല.

ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും രഹാനെയ്ക്ക് അവസരം ലഭിക്കാതിരുന്നപ്പോള്‍ ആരാധകര്‍ മൂക്കത്ത് വിരല്‍ വെച്ചുപോയിരുന്നു. ഏത് യുവതാരത്തിന്റെയും മനസ്സ് തളരുന്ന പ്രതിസന്ധി പക്ഷെ ഇന്ത്യന്‍ ഉപനായകനെ ബാധിച്ചില്ല. തൊട്ടുപിന്നാലെയെത്തിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ബാറ്റുകൊണ്ട് അത്ഭുതം കാട്ടിയ രഹാനെ പരമ്പരയിലെ താരവുമായി.

എന്നാല്‍ പരമ്പരയിലെ ഏക ട്വന്റി ട്വന്റി പോരാട്ടത്തില്‍ രഹാനെയ്ക്ക് സ്ഥാനമുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളാണ് പിന്നാലെയെത്തിയത്. നായകന്‍ കോഹ് ലി ഓപ്പണറുടെ റോളില്‍ കളത്തിലെത്തുന്നതോടെ കരയിലിരിക്കാനാകും രഹാനെയുടെ വിധി.

രഹാനെയും കോഹ് ലിയും തമ്മില്‍ പടലപിണക്കങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ടി ട്വന്റിയില്‍ നിന്ന് ഒഴിവാക്കുക കൂടി ചെയ്യുന്നതോടെ പുതിയ തലത്തിലേക്കാണ് പോര് കടക്കുന്നത്.

കരീബിയന്‍ ടീമിനെതിരായ ടി20യില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ് രഹാന രംഗത്തെത്തി കഴിഞ്ഞു. ഓപ്പണറായി മാത്രമെ കളിക്കു എന്ന നിലപാടില്ലെന്നും ഏത് സ്ഥാനത്തും കളിക്കാന്‍ താന്‍ തയ്യാറാണെന്നും രഹാന വ്യക്തമാക്കിയിട്ടുണ്ട്. മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു രാഹനയുടെ തുറന്ന് പറച്ചില്‍.

നേരത്തെ രഹാനെയ്ക്ക് വേണ്ടി രംഗത്തെത്തിയ മുന്‍ നായകനും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണരംഗത്തെ നിര്‍ണായ സാന്നിധ്യവുമായ സൗരവ് ഗാംഗുലിയുടെ പിന്തുണയുടെ ബലത്തില്‍ കൂടിയാണ് രഹാനെയുടെ രംഗപ്രവേശനമെന്നാണ് വിലയിരുത്തലുകള്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ രഹാനെയ്ക്ക് അവസരം നല്‍കാത്തതിനെതിരെ ഗാംഗുലി പരസ്യമായി രംഗത്തെത്തിയിരുന്നു. താരത്തിന്റെ റോള്‍ നായകന്‍ കോഹ് ലി തീരുമാനിക്കണമെന്നുപോലും ഗാംഗുലി ആവശ്യപ്പെട്ടിരുന്നു.

പുതിയ സാഹചര്യങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനകത്ത് പുതിയ പോര്‍മുഖം തുറക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍. പരിശീലകന്‍ അനില്‍ കുംബെയെ പുകച്ച് പുറത്തുചാടിച്ചതോടെ കോഹ് ലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണരംഗത്ത് അനഭിമതനായി തുടങ്ങിയിരുന്നു. രഹാനെയ്‌ക്കെതിരായ നീക്കം കൂടി ആയതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാക്കുകയാണ്.

ഗാംഗുലി രഹാനെയ്ക്ക് വേണ്ടി നിലയുറപ്പിച്ചാല്‍ കോഹ് ലിയുടെ നായകസ്ഥാനത്തിന് ഇളക്കം തട്ടിയേക്കും. ഇനിയുള്ള ഓരോ പരാജയങ്ങളും കോഹ്ലിയുടെ നാളുകള്‍ എണ്ണപ്പെടുന്നതിലേക്കാകും എത്തിക്കുക.

അതേസമയം ഗാംഗുലിയടക്കമുള്ളവരുടെ എതിര്‍പ്പ് മുഖവിലയ്‌ക്കെടുക്കാന്‍ കോഹ് ലി തയ്യാറുകമെന്നും സൂചനയുണ്ട്. ടി ട്വന്റിയില്‍ അതുകൊണ്ടുതന്നെ അവസാന നിമിഷം രഹാനയെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. വെസ്റ്റിന്‍ഡ്യന്‍ മണ്ണില്‍ മികച്ച പ്രകടനം നടത്തിയ രഹാനയെ ഒഴിവാക്കി പരാജയം ഏറ്റുവാങ്ങിയാല്‍ കാര്യങ്ങള്‍ പന്തിയാകില്ലെന്ന ബോധ്യം കോഹ് ലിക്കുണ്ട്. മാത്രമല്ല ഗാംഗുലിയെ എതിര്‍പക്ഷത്ത് നിര്‍ത്തുന്നതും അഭികാമ്യമാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News