കറുത്തഹാസ്യത്തില്‍ ഒരു സിനിമാവിചാരണ; മലയാളിയുടെ മുഖംമൂടി അഴിച്ച് അയാള്‍ ശശി

ഓരോ മനുഷ്യനിലും ഒരു ശശിയുണ്ട്. എങ്ങനെയെന്നാല്‍, സ്വന്തം ശവപ്പെട്ടി ചുമക്കുന്ന ശശി. മതങ്ങള്‍ പങ്കിട്ടെടുത്തു കഴിഞ്ഞ ഭൂമിയില്‍ ജീവിക്കാനും മരിക്കാനും ഇടമില്ലാതായ ശശിയുടെ ആഡംബര ശവപ്പെട്ടി ഒരു പ്രതീകമാണ്. അയാള്‍ അത് പുഴയിലൊഴുക്കിക്കളഞ്ഞ് കാടുകയറിയാലും സിനിമ കണ്ട് കഴിഞ്ഞവര്‍ ആ പെട്ടി ചുമക്കാനും ഇറക്കിവെയ്ക്കാനുമാവാത്ത ധര്‍മ്മ സങ്കടത്തിലാണ്. സിനിമയുടെ വിജയം അതാണ്.


കര്‍ത്താവിന് എന്തിനാണച്ഛോ പൊന്നിന്റെ കുരിശ് എന്ന് ചോദിച്ച ബഷീര്‍ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍, ശശിയ്‌ക്കെന്തിനാണ് അത്യാഡംബര ശവപ്പെട്ടി എന്ന് ചോദിക്കാവുന്ന കറുത്ത ആക്ഷേപ ഹാസ്യമാണ് ചിത്രത്തിന്റെ കാതല്‍. മരണം നേരത്തേയറിഞ്ഞ് അത് ആഘോഷപൂര്‍വം അടക്കാന്‍ ചെയ്യാന്‍ തീരുമാനിക്കുന്ന ശശി മതത്തിലും ജാതിയിലും ഒട്ടനവധി ഹിപ്പോക്രസികളിലും ബന്ധനസ്ഥനായ മധ്യവര്‍ഗ്ഗ മലയാളിയുടെ ജീവിതമാണ് വിചാരണയ്‌ക്കെടുക്കുന്നത്. നമ്മളിലോരോരുത്തരുടെയും മുഖം മൂടിയാണ് പിച്ചിച്ചീന്തുന്നത്.

വളരെ ലളിതമായി കഥ പറയുന്നു. ചെറിയ ചെലവിലുള്ള വലിയ കാ!ഴ്ച്ചപ്പാടുള്ള സിനിമ അതു കൂടിയാണ് അയാള്‍ ശശി. സിനിമ ഉണ്ടാവുന്ന പലതരം സന്നദ്ധതകളെ കൂടി നമ്മുടെ ശ്രദ്ധയില്‍ ഉള്‍പ്പെടുത്തി കാണേണ്ടുന്ന സിനിമയാണിത്. തിരുവന്തപുരത്ത് കൈരളിയില്‍ ടീയാനും ശ്രീയില്‍ അയാള്‍ ശശിയും ഒരു ചുമരിന് അപ്പുറവും ഇപ്പുറവും കാണിക്കുന്നത് മലയാള സിനിമയുടെ രണ്ട് ധാരയുടെ തന്നെ പൊതു ചിത്രമായി കാണാവുന്നതാണ്. വലിയ മാനസ്സീകമായ ഒരുക്കവും സന്നദ്ധതയും കൂടിവേണം ടിയാന്റെ ദൃശ്യതാര പ്രലോഭനങ്ങളിലേക്ക് കയറാതെ അയാള്‍ ശശിക്ക് കയറാന്‍. കയറിയത് തെറ്റായ തീരുമാനമല്ലെന്നാണ് ഒരേസമയം കൈരളിയുടെ മുറ്റത്തെത്തിയ പ്രേക്ഷകാഭിപ്രായങ്ങള്‍ക്കിടെ ബോധ്യമാവുന്നത്.

സജിന്‍ ബാബുവിന്റെ അസ്തമയം വരെ 2014 ഐഎഫ്എഫ്‌കെയില്‍ രജത ചകോരം കിട്ടിയ ചിത്രമാണ്. പതിവ് മട്ടിലുള്ള കഥാഖ്യാന രീതികളെ പുറത്താക്കി വ്യത്യസ്തമായ പരിചരണമാണ് സിനിമ. ദുരൂഹതകളുടെയും സങ്കീര്‍ണ്ണതകളുടെയും പലമട്ടിലുള്ള മനോഹരമായ ആവിഷ്‌കാരം. നമ്മുടെ കാണല്‍ ശേഷിക്കനുസരിച്ച് ആ സിനിമ തിരശ്ശീലയില്‍ വലുതായിക്കൊണ്ടിരിക്കുന്നു.

ഒരു അന്താരാഷ്ട്ര കാഴ്ച്ചയ്ക്കുള്ള സിനിമയായി തന്നെ അത് അംഗീകരിക്കപ്പെട്ടു. ഫെസ്റ്റിവല്‍ സര്‍ക്ക്യൂട്ടിലെ അതിന്റെ വിജയം തീയറ്ററിലുണ്ടായില്ല. പക്ഷേ സജിന്റെ വേറിട്ട ചലച്ചിത്രാവിഷ്‌കരണ രീതി മലയാളി തിരിച്ചറിഞ്ഞു. എല്ലാ അര്‍ത്ഥത്തിലും ആവിഷ്‌കരണത്തില്‍ ഒരു പുതിയ’ സംവിധായകന്റെ വരവും പാതയും ആ ചിത്രത്തിലൂടെ തെളിഞ്ഞു കണ്ടു.

അസ്തമയം വരെയില്‍ നിന്ന് മാറിയാണ് ആവിഷ്‌കരണത്തില്‍ അയാള്‍ ശശിയുടെ നില്‍പ്പ്. വളച്ചുകെട്ടാതെ നേരിട്ട് ശശിയുടെ ജീവിതം പോലെ ഋജുവാണ് സിനിമയുടെ ആഖ്യാനം. കഥ പറച്ചിലിലാണ് ശ്രദ്ധ. അതിലെ ഹാസ്യത്തിലാണ് ഊന്നല്‍. ഹാസ്യം പൊട്ടിച്ചിരിക്കുന്ന മുഹുര്‍ത്തങ്ങളുടെ കൂട്ടിച്ചേര്‍ക്കലായല്ല അതിനപ്പുറം സിനിമയുടെ ആദ്യാവസാനം ഉള്ളിലടങ്ങിയ അനുഭവമാക്കുകയാണ് സിനിമ. മനസ്സമാധാനത്തോടെയുള്ള മരണവും ആഘോഷപൂര്‍വമുള്ള അടക്കവും ആഗ്രഹിച്ച് നഗരത്തില്‍ നിന്ന് ഗ്രാമത്തിലേക്ക് മാറുന്ന ശശിയുടെ കണക്കു കൂട്ടലുകളെല്ലാം തെറ്റുന്നതാണ് സിനിമയുടെ അവസാനം.

അയാള്‍ പെട്ടിയുമായി കാട് കയറുകയാണ്. കാട് പൂര്‍ണ്ണ അഭയമാകുന്നുവെന്നാണ് സജിന്റെ അസ്തമയം വരെയിലും പറഞ്ഞ് പോന്നിട്ടുള്ളത്. സജിന്റെ ഒരു ഒബ്‌സഷനാണ് കാട്. ശവപ്പെട്ടി പുഴയിലൊഴുക്കി അതില്‍ അവസാനമായി കിടന്നെഴുന്നേറ്റ്, പെട്ടി കരയ്ക്കടുപ്പിച്ച് ശശി കാട് കയറുന്നു. കാടിന്റെ ആകാശസ്ഥമായ ദൃശ്യത്തില്‍ ചിത്രം അവസാനിക്കുന്നു. ജീവിതത്തേക്കാള്‍ മരണം ബാധ്യതയാവുന്ന ഒരാളുടെ അവസാന ആശ്രയം കാട് അല്ലെങ്കില്‍ പ്രകൃതി എന്നാണോ സംവിധായകന്‍ ഉദ്ദേശിച്ചത്? എന്തായാലും അനവധി പാരായണ സാധ്യതകളിലേക്ക് ഈ സിനിമ നമ്മെ നയിക്കുന്നു. ഒരു പുതിയ സിനിമയായി അയാള്‍ ശശി നമ്മുടെ പുതിയ കാലത്ത് നിര്‍ബന്ധമായും കാണേണ്ടുന്ന സിനിമയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News