ബി നിലവറ തുറക്കുന്ന കാര്യത്തിലെ ചര്‍ച്ചകള്‍ക്കായി അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം എത്തുന്നു

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടതാണെന്നാണ്  സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ സാധ്യതകള്‍ പരിശോധിക്കാനും രാജകുടുംബം ഉള്‍പ്പെടെയുള്ള നിരവധി ആളുകളുമായി ചര്‍ച്ച നടത്തി കോടതിയെ അറിയിക്കാനും അമിക്കസ് ക്യൂറിയോട് സുപ്രീംകോടതി  ഉത്തരിവിട്ടിരിക്കുകയാണ്.
ഇതനുസരിച്ചാണ് ചര്‍ച്ചകള്‍ക്കായി അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം തലസ്ഥാനത്ത്  എത്തുന്നത്. തിരുവനന്തപുരത്ത് എത്തുന്ന ഗോപാല്‍ സുബ്രഹ്മണ്യം രാജകുടുംബവുമായി വിഷയം ചര്‍ച്ച ചെയ്യും. അതിനുശേഷം ക്ഷേത്ര ആചാരാ അനുഷ്ടാനങ്ങളിലെ കാര്യങ്ങള്‍ സംബന്ധിച്ച് ക്ഷേത്രതന്ത്രിയുമായും സംസാരിക്കും.
കൂടാതെ ബി നിലവറ തുറക്കുകയാണെങ്കില്‍ അത് ഏത് രീതിയില്‍ ആയിരിക്കണമെന്നതിലും അമിക്കസ് ക്യൂറി വിദഗ്ധദരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ബി നിലവറ തുറക്കാന്‍ പാടില്ലെന്നും അത് ക്ഷേത്രശ്രീകോവിലിനെ ബാധിക്കുന്നതാണെന്നുമാണ്  രാജകുടുംബം വാദിക്കുന്നത്. കൂടാതെ വിഷയത്തില്‍ ക്ഷേത്ര തന്ത്രിയുടെ അഭിപ്രായം  ആരായേണ്ടതുണ്ടെന്നും രാജകുടുംബം പറയുന്നുന്നു. ഇതില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുക എന്ന ലക്ഷ്യവും അമിക്കസ് ക്യൂറിയുടെ വരവിന് ഉണ്ട്.
ക്ഷേത്രത്തിലെ സ്വാമിമാരുമായും അമിക്കസ് ക്യൂറി കൂടിക്കാ‍ഴ്ച നടത്തും.പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആകെ 6 നിലവറകളാണ്  ഉള്ളത്. അതില്‍ 5 എണ്ണവും സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് 2011 ല്‍ തുറന്നിരുന്നു.അന്ന് ,ഭരത കോണില്‍ സ്ഥിതി ചെയ്യുന്ന രണ്ട് വാതിലുകള്‍ ഉള്ള ബി നിലവറ തുറക്കാന്‍ ശ്രമിച്ചുവെങ്കിലും അതിന് ക‍ഴിഞ്ഞില്ലെന്നത് നിലവറയുടെ പരിശോധനയ്ക്ക് നിയോഗിച്ച വിദഗ്ധസമിതി അംഗങ്ങള്‍ തന്നെ പറയുന്നുണ്ട്. വ്യാസകോണിലെ A നിലവറ തുറന്നപ്പോള്‍ ഏകദേശം 2 ലക്ഷം കോടിയുടെ സമ്പത്ത് കണ്ടെത്തിയിരുന്നു.തുറന്നതില്‍ A നിലവറ ഒ‍ഴികെയുള്ളവയില്‍ നിന്ന് ലഭിച്ചത്  ക്ഷേത്രത്തിലെ നിത്യോപയോഗത്തിനുള്ള പാത്രങ്ങളും സാധനങ്ങളുമാണ്.
അന്ന് നിലവറ തുറക്കുന്നതില്‍ തര്‍ക്കം നിലനിന്നിരുന്നുവെങ്കിലും ഒടുവില്‍ സമവായത്തിലൂടെയും സുപ്രീംകോടതി
ഉത്തരവിലും അത് സാധ്യമാവുകയായിരുന്നു. നിലവറ തുറക്കണമെന്ന അഭിപ്രായം തന്നെയാണ് സംസ്ഥാന സര്‍ക്കാരിനുമുള്ളത്. അമിക്കസ് ക്യൂറിയുെട റിപ്പോര്‍ട്ടും വിശദീകരണവും  ലഭിച്ചശേഷമാകും സുപ്രീംകോടതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുക. അതേസമയം ക്ഷേത്രാചാരങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ട ക്ഷേത്രം തന്ത്രി അനുമതി നല്‍കുകയാണെങ്കില്‍ രാജകുടുംബം തങ്ങളുടെ തീരുമാനം മാറ്റുെമന്നാണ് അറിയുന്നത്. അതുകൊണ്ട് കൂടിയാണ് അമിക്കസ് ക്യൂറിയുട ചര്‍ച്ചകള്‍ നിര്‍ണ്ണായകമാവുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News