കമ്പി കയറി പുഴുവരിച്ച തെരുവു പട്ടിക്ക് പുതു ജീവന്‍ നല്‍കി നടന്‍ അനൂപ് ചന്ദ്രന്‍

പാലക്കാട്: മൃതാവസ്ഥയില്‍ കഴിഞ്ഞ തെരുവു പട്ടിക്ക് അനൂപ് ചന്ദ്രന്റെ ഇടപെടല്‍ പുതു ജീവന്‍ നല്‍കി. ശരീരത്തില്‍ കമ്പി കയറി പഴുത്ത് പുഴുവരിച്ച നിലയിലായിരുന്ന തെരുവു പട്ടിയെ ശരിയായ ചികിത്സ നല്‍കി നടന്‍ മൃഗാശുപത്രിയില്‍ എത്തിച്ചു. ഒറ്റപ്പാലത്ത് മനിശ്ശേരി വരിക്കാശ്ശേരി മനയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനു എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്.

കാലില്‍ കമ്പി കയറി മൃതാവസ്ഥയില്‍ തെരുവില്‍ കിടന്നിരുന്ന പട്ടിയെ ഷൂട്ടിംഗിനിടയിലാണ് അനൂപ് ചന്ദ്രന്‍ കണ്ടത്. ഉടന്‍ തന്നെ അതിനെ എടുത്ത് ഭക്ഷണം നല്‍കി ഇണക്കിയ ശേഷം പട്ടി പിടുത്തക്കാര്‍ വഴി ഒറ്റപ്പാലം മൃഗാശുപത്രിയില്‍ എത്തിച്ചു. കമ്പി പുറത്തെടുത്ത് ചികിത്സ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടാണ് അനൂപ് ചന്ദ്രന്‍ അവിടെനിന്നും മടങ്ങിയത്. എന്നാല്‍ രണ്ടു ദിവസങ്ങള്‍ക്കു ശേഷം മൃഗാശുപത്രിയില്‍ എത്തിയപ്പോള്‍ പട്ടി കൂടിനുള്ളില്‍ നിന്നും രക്ഷപ്പെട്ടെന്നായിരുന്നു ആശുപത്രി അധികൃതര്‍ നല്‍കിയ മറുപടി.

സംഭവത്തില്‍ പ്രതിഷേധിച്ച അനൂപ് ചന്ദ്രന്‍ മൃഗസംരക്ഷണവിഭാഗം സംസ്ഥാനജില്ലാ തലത്തിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് ഒറ്റപ്പാലം മൃഗാസ്പത്രിയിലുണ്ടായ സംഭവം അറിയിച്ചു. ഇതോടെ ആശുപത്രി അധികൃതര്‍ ടൗണില്‍ നിന്നും കമ്പി കയറിയ പട്ടിയെ വീണ്ടും കണ്ടെത്തി ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തി കമ്പി പുറത്തെടുത്തു. ‘പ്രേമാഞ്ജലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് അനൂപ് ചന്ദ്രന് വരിക്കാശ്ശേരിമനയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here