തൃശ്ശൂര്‍: ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ അഗസ്തിപുരത്തെ കുടുംബ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പ്രമോദിന് വെട്ടേറ്റു. ഇന്നലെ വൈകിട്ട് ക്ഷേത്രത്തിലെത്തിയ അവിട്ടത്തൂര്‍ സ്വദേശി സുബ്രഹ്മണ്യനാണ് ക്ഷേത്രത്തിനു മുന്നിലിട്ട് ശാന്തിക്കാരനെ വെട്ടിയത്.

ഏഴരയോടെ ശ്രീകോവിലനു മുന്നില്‍ തൊഴുത് ഭണ്ഡാരത്തില്‍ കാണിക്കയിട്ട സുബ്രഹ്മണ്യന്‍ ശാന്തിക്കാരനായ പ്രമോദിനോട് ഭസ്മം ആവശ്യപ്പെട്ടു.ഭസ്മം ഇല്ലെന്നു പറഞ്ഞതോടെ ക്ഷേത്രനടയില്‍ വാക്കേറ്റമുണ്ടാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു.

ക്ഷേത്രത്തിന് സമീപം സൂക്ഷിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സുബ്രഹ്മണ്യന്‍ പ്രമോദിനെ വെട്ടി പരിക്കേല്‍പ്പിച്ചു. കാലിലും കൈകള്‍ക്കും വെട്ട് കൊണ്ട ക്ഷേത്രം ശാന്തിക്കാരന്‍ പ്രമോദിനെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കസ്റ്റഡിയിലായ സുബ്രഹ്മണ്യന്‍ ഭസ്മം കിട്ടാത്തതിനാലാണ് ശാന്തിക്കാരനെ വെട്ടിയതെന്ന് പോലീസിനോട് സമ്മതിച്ചു. ഇയാള്‍ മനോദൗര്‍ബല്യത്തിന് ചികിത്സയിലുള്ള ആളാണെന്ന് പോലീസ് പറഞ്ഞു.