എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളില്‍ നിന്ന് നോണ്‍വെജ് ഒഴിവാക്കി; ഇക്കോണമി ക്ലാസില്‍ ഇനി മുതല്‍ സസ്യഭക്ഷണം മാത്രം

ദില്ലി: പൊതുമേഖല വിമാന സര്‍വീസായ എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളില്‍ ഇനി സസ്യേതര ഭക്ഷണപ്രിയര്‍ക്ക് വലിയ പ്രതീക്ഷ വേണ്ടതില്ല. എക്കണോമിക്‌സ് ക്ലാസ്സില്‍ നിന്ന് എയര്‍ ഇന്ത്യ സസ്യേതര ഭക്ഷണംഒഴിവാക്കി. വെജിറ്റേറിയന്‍ മാത്രം വിളമ്പിയാല്‍ മതിയെന്നാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ആഭ്യന്തര സര്‍വീസില്‍ തീരുമാനം നടപ്പിലാക്കി തുടങ്ങി. അതേ സമയം ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് മാംസഭക്ഷണം നല്‍കുന്നത് തുടരുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

സാമ്പത്തിക ചിലവ് വെട്ടിചുരുക്കലിന്റെ ഭാഗമായാണ് മാംസഭക്ഷണത്തില്‍ എയര്‍ ഇന്ത്യ കൈവച്ചത്. എട്ട് കോടി രൂപയുടെ ലാഭം വര്‍ഷം തോറും ഇത് വഴി ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. അതേ സമയം ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് തുടര്‍ന്നും തങ്ങളുടെ ഇഷ്ട്ടഭക്ഷണം തിരഞ്ഞെടുക്കാം.

സസ്യഭക്ഷണം ആവശ്യപ്പെടുന്ന യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതും, വെജിറ്റേറിയന്‍ ആവശ്യപ്പെട്ടവര്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ നല്‍കുന്നതിലൂടെ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കൂടിയാണ് തീരുമാനമെന്നും എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലോഹാനി അറിയിച്ചു. എന്നാല്‍ എയര്‍ ഇന്ത്യയുടട ഈ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടോയെന്ന് സംശയം ഉയരുന്നുണ്ട്. ഭക്ഷണ സ്വാതന്ത്രത്തിനാണ് എയര്‍ ഇന്ത്യ തടയിടുന്നതെന്ന് എയര്‍ ഇന്ത്യ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ മഹേഷ് റെഡ്ഡി കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here