തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് സ്ലിപ്പ് നല്‍കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍; ‘വോട്ടിങ് യന്ത്രത്തിനൊപ്പം പേപ്പര്‍ സ്ലിപ്പ് കൂടി നിര്‍ബന്ധമാക്കുന്നത് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വൈകിക്കും’

ദില്ലി: വോട്ടിങ് യന്ത്രത്തിനൊപ്പം പേപ്പര്‍ സ്ലിപ്പ് കൂടി നിര്‍ബന്ധമാക്കുന്നത് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വൈകിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ വര്‍ഷാവസാനം ഗുജറാത്തിലും ഹിമാചലിലും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് സ്ലിപ്പ് കൂടി ഉള്‍പ്പെടുത്താന്‍ ഇരിക്കെയാണ് കമ്മീഷന്റെ പുതിയ നിലപാട്. അഞ്ച് ശതമാനം പോളിങ് സ്‌റ്റേഷനുകളില്‍ മാത്രമേ വോട്ടിങ് മെഷിനൊപ്പം വോട്ടിങ് സ്ലിപ്പ് നല്‍കാന്‍ ആകുവെന്നും കമ്മീഷന്‍ വ്യക്തമാക്കി.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കേ ചീഫ് സെക്രട്ടറിയായിരുന്ന അചല്‍ കുമാര്‍ ജ്യോതിയെ നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിന് പിന്നാലെയാണ് വോട്ടിങ് സ്ലിപ്പ് നല്‍കുന്നതിന് എതിരെ കമ്മീഷന്‍ രംഗത്തെത്തിയത്. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണം മറികടക്കാനാണ് വോട്ടിങ് യന്ത്രത്തിനൊപ്പം വോട്ടിങ് സ്ലിപ്പുകളും നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. യന്ത്രത്തില്‍ വോട്ട് രേഖപെടുത്തിയ വോട്ടര്‍ക്ക് മെഷീനുമായി ബന്ധിപ്പിച്ച വിവിപിഎറ്റി മെഷീനില്‍ നിന്ന് പേപ്പര്‍ സ്ലിപ്പ് ലഭിക്കും. സ്ലിപ്പ് പരിശോധിച്ച് തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പ് വരുത്താനായിരുന്നു നീക്കം.

ഈ വര്‍ഷാവസാനം ഗുജറാത്തിലും ഹിമാചലിലും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ വോട്ടിങ് മെഷിനുകള്‍ക്കൊപ്പം വോട്ടിങ് സ്ലിപ്പും ഉള്‍പ്പെടുത്തുമെന്നും നേരത്തെ കമ്മീഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നും വോട്ടിങ് യന്ത്രത്തില്‍ വോട്ടിങ് സ്ലിപ്പ് കൂടി നിര്‍ബന്ധമാക്കി പരിശോധിക്കുന്നത് തിരഞ്ഞെടുപ്പ് ഫലം വരാന്‍ മൂന്ന് മണിക്കൂര്‍ വൈകുമെന്നാണ് കമ്മീഷന്റെ ഇപ്പോഴത്തെ നിലപാട്. യന്ത്രത്തില്‍ വോട്ടെണ്ണല്‍ നടത്തി പേപ്പര്‍ സ്ലിപ്പിന്റെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുന്നത് വിജയിയെ പ്രഖ്യാപിക്കാന്‍ വൈകിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടികാട്ടുന്നു. ഒരോ മണ്ഡലങ്ങളിലും അഞ്ച് ശതമാനം പോളിങ് സ്‌റ്റേഷനുകളില്‍ മാത്രമേ വോട്ടിങ് യന്ത്രത്തിനൊപ്പം പേപ്പര്‍ സ്ലിപ്പുകളും എണ്ണാന്‍ കഴിയുവെന്നും കേന്ദ്ര തിരഞ്ഞെടുപ്പ കമ്മീഷന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here