പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന വിഷയം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവിതാംകൂര്‍ രാജകുടുംബവുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവിതാംകൂര്‍ രാജകുടുംബവുമായി കൂടിക്കാഴ്ച നടത്തി. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച സുപ്രീംകോടതി നിര്‍ദ്ദേശം തങ്ങള്‍ക്കും ബാധകമാണെന്ന നിലപാടാണ് രാജകുടുംബാംഗങ്ങളുടേതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ നിലവറ തുറക്കുന്നത് സംബന്ധിച്ച് താന്ത്രികാചാര വിധി പ്രകാരമുള്ള ചില തടസ്സങ്ങളാണ് രാജകുടുംബം ഉന്നയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ കോടതി ഉത്തരവിനനുസരിച്ചായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും ദേവസ്വം മന്ത്രി അറിയിച്ചു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയും തുറക്കണമെന്ന സുപ്രീംകോടതി പരാമര്‍ശത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തി തിരുവിതാംകൂര്‍ രാജകുടുംബം കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജകുടുംബവുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൊട്ടാരത്തിലെത്തി കൂടിക്കാഴ്ച നടത്തിയത്. ബി നിലവറ തുറക്കണമെന്നതു തന്നെയാണ് സര്‍ക്കാര്‍ നിലപാടാണെന്ന് മന്ത്രി രാജകുടുംബത്തെ അറിയിച്ചു. നിലവറ തുറന്നില്ലെങ്കില്‍ അതിനകത്ത് എന്തോ ഒളിച്ചുവയ്ക്കാനായി രാജകുടുംബത്തിനുണ്ടെന്ന് ജനങ്ങള്‍ കരുതുമെന്നും അത് കുടുംബാങ്ങള്‍ക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സുപ്രീംകോടതി വിധി എന്തായാലും അതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ബി നിലവറ ഇതുവരെയ്ക്കും തുറന്നിട്ടില്ല. ഒരിയ്ക്കല്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ക്ഷേത്രത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. അതുകൊണ്ട് ക്ഷേത്ര താന്ത്രിക ആചാര വിധി പ്രകാരമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആകൂ. ഇക്കാര്യത്തില്‍ തന്ത്രിയുമായും സ്വാമിമാരുമായും ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും രാജകുടുംബാംഗങ്ങള്‍ മന്ത്രിയെ ധരിപ്പിച്ചു.

തന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം തങ്ങളുടെ നിലപാട് അമിക്കസ് ക്യൂറിയെ അറിയിക്കുമെന്നും രാജകുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത ദിവസം തന്നെ ക്ഷേത്രത്തില്‍ വച്ച് തന്ത്രിയുമായി കാര്യങ്ങള്‍ സംസാരിക്കാനാണ് രാജകുടുംബം തീരുമാനിച്ചിരിക്കുന്നത്. അതേസമയം വിഷയത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭക്തരുടെയും വിവിധ സമുദായസംഘടകളുടെയും പിന്തുണയും രാജകുടുംബാംഗങ്ങള്‍ തേടിയിരിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News