തിരുവനന്തപുരം: സംസ്ഥാനത്തെ ബിജിപി യിലെ കോഴവിവാദത്തില്‍ അന്വേഷണം. പ്രമുഖ മെഡിക്കല്‍കോളേജ് ഗ്രൂപ്പിന് പിജി കോഴ്‌സ് അനുവദിക്കാന്‍ BJP യുടെ ഒരു സംസ്ഥാനനേതാവ് 7കോടി രൂപ കൈപ്പറ്റിയെന്ന വി മുരളീധരപക്ഷത്തിന്റെ ആരോപണത്തില്‍ പാര്‍ട്ടിയാണ് അന്വേഷണ കമ്മീഷനെ
നിയോഗിച്ചിരിക്കുന്നത്.
BJP സംസ്ഥാന വൈസ്പ്രസിഡന്റ് കെ.പി.ശ്രീശന്‍ നേതൃത്വം നല്‍കുന്ന കമ്മീഷന്‍ കഴിഞ്ഞ ദിവസം സ്വാശ്രയ മെഡിക്കല്‍കോളേജ് ഉടമയില്‍ നിന്നും തെളിവെടുത്തു. ബിജെപിയുടെ പാലക്കാട് നടന്ന യോഗത്തില്‍ കേന്ദ്രനേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് വി.മുരളീധരപക്ഷം ഗുതരമായ കോഴആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ ഒരു മണ്ഡലത്തില്‍ മല്‍സരിച്ച നേതാവ് തിരുവനന്തപുരത്തെ ഒരു സ്വകാര്യ മെഡിക്കല്‍കോളേജ് ഉടമയില്‍ നിന്നും 7 കോടി രൂപ കൈപ്പറ്റിയെന്നതായിരുന്നു ആരോപണം. മെഡിക്കല്‍കോളേജിന് പിജി കോഴ്‌സ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ ഇടപെടല്‍ നടത്താനാണ് പണം കൈപ്പറ്റിയത്.
എന്നാല്‍ കോളേജിന് മെഡിക്കല്‍ പിജി കോഴ്‌സ് ലഭിക്കാതായതോടെ കോഴ സംഭവം പുറത്തായി. തുടര്‍ന്ന് പി.കെ.കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനെതിരെയുള്ള ആരോപണം വി.മുരളീധര പക്ഷം ആയുധമാക്കുകയായിരുന്നു. കോഴവിവാദം പൊതുസമൂഹത്തിന് മുന്നിലെത്തിയാല്‍ അത് പാര്‍ട്ടിയ്ക്ക് കളങ്കം ഉണ്ടാക്കുമെന്നും അതിനാല്‍ ആരോപണത്തിന്റെ സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും മുരളീധരപക്ഷം പാലക്കാട് യോഗത്തില്‍ ആവശ്യപ്പെട്ടു.
കൂടാതെ ഇക്കാര്യത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടി അഴിമതിക്കാരുടെ പിടിയില്‍ ആകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിഷയം പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ അടുത്ത് എത്തുക കൂടി ചെയ്തതതോടെ കേന്ദ്രനേതൃത്വം തന്നെ സംസ്ഥാന അധ്യക്ഷനോട് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് നിയമിച്ച അന്വേഷണകമ്മീഷനിലെ അംഗങ്ങളായ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് കെ.പി ശ്രീശന്‍, സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍ എന്നിവരാണ് മെഡിക്കല്‍കോളേജ് ഉടമയില്‍ നിന്ന് തെളിവെടുത്തത്.
എന്നാല്‍ 7 കോടി അല്ല 5 കോടിയാണ് നല്‍കിയതെന്നും മെഡിക്കല്‍കോഴ്‌സ് ലഭിക്കാത്തത് തങ്ങളുടെ കുഴപ്പം കൊണ്ടാണെന്നും ഇക്കാര്യത്തില്‍ പരാതിയില്ലെന്നും മെഡിക്കല്‍കോളേജ് ഉടമ മൊഴിനല്‍കിയതായാണ് വിവരം. നാലുമാസം മുന്‍പ് പാര്‍ട്ടിയിലെ മറ്റൊരു നേതാവിനെതിരെയും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. ആക്ഷേപം സംബന്ധിച്ച് ചില പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് കൂടി തെളിവെടുത്തശേഷം ഈമാസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്റെ തീരുമാനം.
Get real time update about this post categories directly on your device, subscribe now.