ശ്രീനഗര്‍: കശ്മീരില്‍ കല്ലേറുകാരില്‍ നിന്നും രക്ഷനേടാനെന്ന പേരില്‍ സൈനിക മേധാവി ജീപ്പിന് മുന്നില്‍ കെട്ടിവെച്ച ഫറൂഖ് ദര്‍ എന്ന യുവാവിന് നീതി ലഭിച്ചു. ഫറൂഖിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. യുവാവിനെ മനുഷ്യകവചമാക്കിയ സൈനിക മേധിവിക്ക് ലഭിച്ച കനത്ത തിരിച്ചടി കൂടിയാണിത്.
നേരത്തെ ഫറൂഖ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. തന്നെ മനുഷ്യകവചമാക്കിയ സൈന്യത്തിന്റെ നടപടി ചോദ്യം ചെയ്താണ് അദ്ദേഹം മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നത്. കല്ലേറുകാരെ മികച്ച രീതിയില്‍ പ്രതിരോധിച്ചതിന് മേജര്‍ നിതിന്‍ ലീതോള്‍ ഗോഗോയ്ക്ക് നല്‍കിയ ബഹുമതിയേയും ദര്‍ ചോദ്യം ചെയ്തിരുന്നു. ഗോഗോയ്ക്ക് നല്‍കിയ ബഹുമതി നിയമ വിരുദ്ധമാണെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കിയതെന്നും ദര്‍ പരാതിയില്‍ ചോദിച്ചിരുന്നു.
‘സ്റ്റോണ്‍ പെല്‍റ്റര്‍’ എന്നായിരുന്നു പ്രമുഖ ദേശീയ ചാനലുകള്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഇതിനെതിരേയും ഫറൂഖ് ദര്‍ പരാതി നല്‍കിയിരുന്നു. ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് പ്രദര്‍ശിപ്പിക്കാന്‍ താന്‍ കാളയോ പോത്തോ ആണോയെന്ന് അദ്ദേഹം ചോദിച്ചിരുന്നു. മനുഷ്യത്വം എന്നതിന് എന്തെങ്കിലും അര്‍ത്ഥമുള്ളതായി തോന്നുന്നില്ല. അന്നത്തെ സംഭവത്തിന് ശേഷം ശരീരമാസകലം വേദനയാണെന്നും ഒരാള്‍ കൂടെയില്ലാതെ പുറത്തിറങ്ങാന്‍ ഭയമാണെന്നും ദര്‍ വ്യക്തമാക്കിയിരുന്നു.
ഏപ്രില്‍ ഒന്‍പതിന് ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഭവമുണ്ടായത്. 53 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് ഫറൂഖിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത്. ഫാറൂഖുമായി 12 ഓളം ഗ്രാമങ്ങളില്‍ സൈന്യം റോന്ത് ചുറ്റിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. എന്നാല്‍ വെറും നൂറു മീറ്റര്‍മാത്രമാണ് ഫാറൂഖുമായി സഞ്ചരിച്ചതെന്നും തങ്ങള്‍ക്കെതിരെ കല്ലെറിഞ്ഞതിനായിരുന്നു നടപടിയെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം.
Get real time update about this post categories directly on your device, subscribe now.